മലബാര്‍ ഒറ്റപ്പെടുന്നു; ഷൊര്‍ണൂരിലേക്കുള്ള ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു
കുളപ്പുള്ളി: കനത്ത പേമാരിയില്‍ മലബാര്‍ മേഖല ഒറ്റപ്പെടുന്നു. മലബാറില്‍ നിന്നും ഷൊര്‍ണൂരിലേക്കുള്ള ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു. പാലക്കാട് ഷൊര്‍ണൂര്‍ റെയില്‍പാതയിലെ ഗതാഗതവും റദ്ദാക്കി. ചാലിയാര്‍ പുഴയില്‍ ക്രമാതീതമായി ജലം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. ഫറോക്കിനും കല്ലായിക്കുമിടിയില്‍ ട്രാക്ക് സസ്‌പെന്റ് ചെയ്തുവെന്ന് റെയില്‍വെ അറിയിച്ചു. ഷൊര്‍ണൂറിനും കുറ്റിപ്പുറത്തിനുമിടയിലും ട്രാക്ക് സസ്‌പെന്റ് ചെയ്തിട്ടുണ്ട്.
മണ്ണിടിച്ചിലും വെള്ളപ്പൊക്കവും തുടരുന്നതിനാലാണ് കുറ്റിപ്പുറത്തിനും ഷൊര്‍ണൂരിനുമിടയിലെ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുന്നത്. ഇപ്പോള്‍ ട്രയിനുകള്‍ ഏത് സ്റ്റേഷനിലാണോ അവിടെ യാത്രക്കാരെ ഇറക്കാനാണ് റെയില്‍വേ നല്‍കിയിരിക്കുന്ന നിര്‍ദേശം. റെയില്‍വേ സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തിയിടാന്‍ സൗകര്യമില്ലെങ്കില്‍ തൊട്ടടുത്ത് സൗകര്യമുള്ള സ്റ്റേഷനിലേക്ക് കാലിയായി ട്രയിന്‍ പോകാനും റെയില്‍വേ നിര്‍ദേശിച്ചു.
പട്ടാമ്പി കൊടുമുണ്ടക്ക് സമീപം പുലര്‍ച്ചെ അഞ്ചുമണി സമയത്ത് മംഗലാപുരം ഭാഗത്തേക്ക് പോകുന്ന ചെന്നൈ മെയില്‍ ട്രെയിന്‍് ഒമ്പതോളം വരുന്ന പോത്തുകളെ ഇടിച്ച് തടസ്സപ്പെടുകയും ഗതാഗതം പിന്നീട് പുനരാരംഭിക്കുകയും ചെയ്തു. കൂട്ടമായി പാളം മുറിച്ചുകടന്ന പോത്തുകളെ ഇടിച്ച് ട്രെയിനിലെ എയര്‍ പമ്പ് തകരാറില്‍ ആയിരുന്നു. ഇന്നലെ രാവിലെ 9.15നാണ്്് യാത്ര പുനരാരംഭിച്ചത്. പട്ടാമ്പിയില്‍ കൊച്ചുവേളി എക്‌സ്പ്രസ്സ് നിര്‍ത്തിയിട്ടു. എറണാകുളം ഭാഗത്തേക്കുള്ള യാത്രക്കാര്‍ ഭക്ഷണം കിട്ടാതെ പ്രയാസത്തിലായി.
കാരക്കാട് ഭാഗത്ത് റയില്‍വെ പാളത്തിലേക്ക് മണ്ണിടിച്ചല്‍ ഉണ്ടായതിനെ തുടര്‍ന്ന്്് ട്രയിന്‍ കാരക്കാട് റയില്‍വെ സ്റ്റേഷനില്‍ പിടിച്ചിടേണ്ടി വന്നു. പള്ളിപ്പുറം റയില്‍വെ ട്രാക്കില്‍ വെള്ളം കയറിയതോടെ യാത്രക്കാരെ പ്ലാറ്റ് ഫോമിലേക്ക്്് പ്രവേശിപ്പിച്ചില്ല. അത് കൊണ്ട്് തന്നെ ജലനിരപ്പ് താഴാതെ ഈ റൂട്ടില്‍ ട്രയിന്‍ ഗതാഗതം സാധ്യമല്ലെന്നാണ് റെയില്‍വെ വ്യക്തമാക്കുന്നത്. ഇതോടെ മലബാറില്‍ നിന്നും ഷൊര്‍ണൂരിലേക്കുള്ള റെയില്‍ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്.
പട്ടാമ്പി പള്ളിപ്പുറം സ്റ്റേഷനിലെ റയില്‍വെ ട്രാക്കില്‍ വെള്ളം കയറിയ നിലയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."