മീന്‍ വളര്‍ത്തല്‍ ഫാമിനെതിരേ പന്തല്‍കെട്ടി സമരം
തുറവൂര്‍: പട്ടണക്കാട് ഗ്രാമപഞ്ചായത്തില്‍ ചെമ്പകശേരിയിലെ മീന്‍ വളര്‍ത്തല്‍ ഫാമില്‍ പട്ടികജാതിക്കാര്‍ നടത്തിവരുന്ന പന്തല്‍ കെട്ടി സമരം രണ്ടാഴ്ചയായി. പഞ്ചായത്തിന്റെ അംഗികാരമില്ലാതെ 12 വര്‍ഷമായി ഇവിടെ ആഫ്രിക്കന്‍ മുഷി പോലുള്ള മീനുകളെയാണ് വളര്‍ത്തുന്നത്. ഇതിന് തീറ്റ നല്‍കാന്‍ ടണ്‍ കണക്കിന് കോഴി മാലിന്യമാണെത്തിക്കുന്നത്. മാലിന്യം തോടുകളിലേക്ക് പരക്കുന്നുണ്ടെന്നും ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നുവെന്നും പരാതി നിലനില്‍ക്കേയാണ് ഇവിടെ വളര്‍ത്താനായി നൂറുക്കണക്കിന് താറാവുകളെയും ഇറക്കിയത്.
നാട്ടുകാര്‍ മാലിന്യവുമായെത്തിയ വണ്ടി തടഞ്ഞത് വാക്കേറ്റത്തിനും നേരിയ സംഘര്‍ഷത്തിനും കാരണമായി. പിന്നീട് നാട്ടുകാര്‍ സംഘടിച്ച് പന്തല്‍കെട്ടി സമരം ആരംഭിക്കുകയായിരുന്നു. പ്രതിഷേധ പരിപാടിയില്‍ ഗ്രാമപഞ്ചായത്തംഗം എസ്.പി സുമേഷ് ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. ഇതിനിടെ പലപ്പോഴായി ഫാമിലെ തൊഴിലാളികളും പ്രദേശവാസികളും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. എന്നാല്‍ നാളിതുവരെയായിട്ടും പട്ടണക്കാട് പഞ്ചായത്തോ, ആരോഗ്യ വകുപ്പോ ഫാമിനെതിരേ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് സമരക്കാര്‍ പറയുന്നു.
എന്നാല്‍, പദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതൊന്നും ഫാമിലില്ലെന്നും വ്യക്തി വൈരാഗ്യമാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും ഫാം നടത്തിപ്പുകാരന്‍ പറഞ്ഞു. താറാവുകളെ കയറ്റി കൊണ്ടുപോകാനുള്ള നടപടി തുടങ്ങിയെന്നും നടത്തിപ്പുകാരന്‍ വ്യക്തമാക്കി. ചെമ്പകശേരിയിലെ പ്രശ്‌ന പരിഹാരത്തിനായി പഞ്ചായത്ത് ഇടപെട്ട് ഫാം നടത്തിപ്പുകാരനുമായി ചര്‍ച്ച നടത്തിയെന്ന് പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എം ഷെരീഫ് പറഞ്ഞു. ഇനി മുതല്‍ മീന്‍ വളര്‍ത്തില്ലെന്നും മാലിന്യം കൊണ്ടുവരില്ലെന്നും ഉറപ്പു നല്‍കിയിട്ടുണ്ട്. താറാവുകളെ കയറ്റി കൊണ്ടുപോകാനുള്ള സാവകാശം നടത്തിപ്പുകാരന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന് മുന്‍പ് പഞ്ചായത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."