കവളപ്പാറയില്‍ സൈന്യമെത്തി തിരച്ചില്‍ തുടങ്ങി; ഇനി കണ്ടെത്താനുള്ളത് 52 പേരെ, ആശ്വാസമായി മഴ കുറയുന്നു
കോഴിക്കോട്: ഉരുള്‍പൊട്ടലില്‍ ദുരന്തഭൂമിയായി മാറിയ കവളപ്പാറയില്‍ ഇന്നു രാവിലെ സൈന്യമെത്തി. മദ്രാസ് റെജിമെന്റിലെ 30 അംഗടീമാണ് രാവിലെ എത്തിയത്. എത്തിയ ഉടന്‍ തന്നെ സംഘം തിരച്ചിലും തുടങ്ങി. ഉരുള്‍പൊട്ടലില്‍ പെട്ട 54 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലില്‍ ഇതുവരെ ഒന്‍പത് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞദിവസങ്ങളില്‍ ഇവിടെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിനിടെ ഉരുള്‍പൊട്ടലുണ്ടായത് ആശങ്കക്കിടയാക്കിയിരുന്നു. ഇതോടെ നിര്‍ത്തിവച്ച തിരച്ചില്‍ ഇന്നു രാവിലെ വീണ്ടും പുനരാരംഭിക്കുകയായിരുന്നു. സൈന്യത്തെ സഹായിക്കാന്‍ നാട്ടുകാരം സജീവമായുണ്ട്.
അതേസമയം, നാലുദിവസമായി തിമിര്‍ത്ത് പെയ്യുന്ന മഴയ്ക്ക് ഇന്നു ശമനമുണ്ടാവുമെന്ന് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി ഇടയ്ക്കിടെ പെയ്ത മഴക്കു പിന്നാലെ ഇന്നു രാവിലെ തെളിഞ്ഞ ആകാശമാണ് മിക്ക മേഖലയിലും പ്രത്യക്ഷപ്പെട്ടത്. എങ്കിലും ചിലയിടങ്ങളില്‍ മഴയുണ്ട്. ഇന്നലെ വൈകിട്ട് മുതല്‍തന്നെ വടക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ പലയിടത്തും മഴയുടെ ശക്തികുറഞ്ഞിരുന്നു. കനത്തമഴയില്‍ വെളളത്തില്‍ മുങ്ങിയിരുന്ന നിലമ്പൂര്‍, എടവണ്ണ മേഖലയില്‍ രാത്രിയോടെ വെള്ളമിറങ്ങി തുടങ്ങി.
വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് തുടരും. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്.
മേപ്പാടി പുത്തുമലയില്‍ ഒമ്പതുപേരെ കണ്ടെടുക്കാനുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ശനിയാഴ്ച രാത്രിമുതല്‍ വയനാട്ടില്‍ തോരാമഴയില്ല എന്നതും രക്ഷാപ്രവര്‍ത്തകര്‍ക്ക് ആശ്വാസംനല്‍കുന്നു.
ഇന്നു ഉച്ചയോടെ മഴയുടെ അളവ് കുറയുമെന്ന് കാലാവസ്ഥ പ്രവചനത്തിലൂടെ ശ്രദ്ധനേടിയ തമിഴ്‌നാട് വെതര്‍മാനും അറിയിച്ചു. കേരളം, കര്‍ണാടക, തമിഴ്‌നാട് നീലഗിരി മേഖലകളില്‍ ഇനി ശക്തമായ മഴയുണ്ടാകില്ലെന്നും സാധാരണ മണ്‍സൂണ്‍ മാത്രമേ അനുഭവപ്പെടുകയുള്ളുവെന്നും അദ്ദേഹം പറയുന്നു.
മരിച്ചവരുടെ എണ്ണം 63 ആയി ഉയര്‍ന്നിട്ടുണ്ട്. വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം ഇന്ന് തുറക്കും. ഷൊര്‍ണൂരിനും കോഴിക്കോടിനുമിടയില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.
army begins rescue operation in kavalappara
#kerala_flood_2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."