കേസ് ഭാരം കുറയ്ക്കാന്‍ ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശങ്ങള്‍
കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ ഭാരം കുറയ്ക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പത്തിന നിര്‍ദേശങ്ങളാണ് ജഡ്ജിമാര്‍ക്കും ജുഡിഷ്യല്‍ ഓഫിസര്‍മാര്‍ക്കും നല്‍കിയിരിക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുമായും സുപ്രിംകോടതി കൊളീജിയം അംഗങ്ങളുമായും ചീഫ് ജസ്റ്റിന് നടത്തിയ വിഡിയോ കോണ്‍ഫറന്‍സ്‌വഴി നല്‍കിയ നിര്‍ദേശങ്ങള്‍ പ്രതീക്ഷാനിര്‍ഭരമാണ്. സെക്രട്ടേറിയറ്റുകളിലെ ഫയലുകളില്‍ കുരുങ്ങിക്കിടക്കുന്നത് ഓരോ ജീവിതമാണെന്ന് പറയുന്നത് പോലെ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളില്‍ പരശ്ശതം മനുഷ്യരുടെ നീതിക്ക് വേണ്ടിയുള്ള നിലവിളികളായിരിക്കാം ഉണ്ടായിരിക്കുക. ഓരോ കേസുകെട്ടും ഓരോ കുടുംബങ്ങളുടെ തീരാദുഃഖങ്ങ ളുടെ ചരിത്രം തന്നെയായിരിക്കാം ചിലപ്പോള്‍.
60,750 കേസുകള്‍ സുപ്രിംകോടതിയില്‍ മാത്രം കെട്ടിക്കിടക്കുന്നുണ്ട്. ഹൈക്കോടതികളിലും കീഴ്‌ക്കോടതികളിലുമായി മൂന്ന് കോടിയോളം കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഇത്തരമൊരു ഘട്ടത്തില്‍ പുതിയ ചീഫ് ജസ്റ്റിസില്‍നിന്ന് കേസ്ഭാരം കുറയ്ക്കാന്‍ ഉണ്ടായ നിര്‍ദേശങ്ങള്‍ ആ ശാവഹമാണ്. കേസുകള്‍ക്കനുസൃതമായി ജഡ്ജിമാര്‍ നിയമിക്കപ്പെടുന്നില്ല എന്നത് യാഥാര്‍ഥ്യം തന്നെയാണ്. ഓരോ 73,000 ആളുകള്‍ക്കും ഒരു ജഡ്ജി എന്ന അനുപാതമാണിപ്പോള്‍ നിലവിലുള്ളത്. ഓരോ ജഡ്ജിയുടെ മേലും 1,300 കേസുകളാണ് തീര്‍പ്പാക്കാനുള്ളത്. ഇത് ഓരോ മാസവും ശരാശരി 43 കേസുകള്‍ എന്ന തോതില്‍ വര്‍ധിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ഉള്ള സൗകര്യങ്ങള്‍വച്ച് കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ ചീഫ് ജസ്റ്റിസ് മുന്നോട്ട്‌വച്ച നിര്‍ദേശങ്ങള്‍ കേസുകളുടെ ഭാരം കുറയ്ക്കാന്‍ ഏറെ സഹായകരമാകും. വൈകി നീതിയെത്തുന്നത് നീതി നിഷേധത്തിന് തുല്യമാകുന്നത് ഒരു വേള അവ വന്‍ തോതില്‍ കെട്ടിക്കിടക്കുന്നതിനാലാവാം. കെട്ടിക്കിടക്കുന്ന കേസുകളും ആ അര്‍ഥത്തില്‍ നീതി നിഷേധങ്ങള്‍ക്ക് തുല്യമാണ്.
കഴിഞ്ഞ ഒന്നര വര്‍ഷവും വിവാദങ്ങളിലൂടെയായിരുന്നു പരമോന്നത നീതിപീഠം കടന്നു പൊയ്‌ക്കൊണ്ടിരുന്നത്. അതിന് നിമിത്തമായതാകട്ടെ മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയില്‍നിന്ന് അനുചിതമെന്ന് തോന്നിപ്പിച്ച ചില നടപടികളും. തന്റെ മേല്‍ പതിഞ്ഞ കറ കഴുകിക്കളയാനെന്നവണ്ണം ഔദ്യോഗികദിനങ്ങളുടെ അവസാന കാലത്ത് അദേഹം നടത്തിയ ചില വിധി പ്രസ്താവങ്ങള്‍ കൈയടി നേടാനായിരുന്നുവെങ്കിലും പൊതുസമൂഹത്തില്‍ ഇപ്പോഴും അതിന്റെ പ്രത്യാഘാതങ്ങള്‍ തുടരുന്നു.
ദീപക് മിശ്രയുടെ പല നടപടികളും ജനാധിപത്യവിരുദ്ധമെന്നും സര്‍ക്കാര്‍ അനുകൂലമെന്നും ആരോപണമുയര്‍ത്തിയായിരുന്നു ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് അടക്കം നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ചേംബര്‍ വിട്ടിറങ്ങി പത്രസമ്മേളനത്തിലൂടെ പരസ്യമായി പ്രതികരിച്ചത്. ഒന്നേകാല്‍ വര്‍ഷത്തെ സേവനത്തിനിടയില്‍ ദീപക് മിശ്ര നിരവധി ആരോപണങ്ങള്‍ക്കാണ് വിധേയനായത്. ചരിത്രത്തിലാദ്യമായി പ്രതിപക്ഷം ഒരു ചീഫ് ജസ്റ്റിസിനെതിരേ രാജ്യസഭയില്‍ നോട്ടിസ് നല്‍കുന്നത് ദീപക് മിശ്ര ക്കെതിരെയായിരുന്നു. ലഖ്‌നൗ മെഡിക്കല്‍ കോളജ് അഴിമതിയില്‍ അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കപ്പെട്ടു. അമിത്ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് വാദം കേട്ടിരുന്ന ജഡ്ജി ലോയയുടെ മരണം അന്വേഷിക്കണമെന്ന വാദവും ദീപക് മിശ്ര തള്ളിക്കളഞ്ഞതോടെ അദ്ദേഹം ഭരണകൂട അനുകൂല നിലപാട് എടുക്കുകയാണെന്ന പരാതി പൊതുവെ ഉയരുകയുണ്ടായി. ശബരിമലയിലെ സ്ത്രീപ്രവേശനം, സ്വവര്‍ഗരതി നിയമവിധേയമാക്കല്‍, വി വാഹേതര ലൈംഗികബന്ധം കുറ്റകരമല്ലാതാക്കല്‍ തുടങ്ങി വിപ്ലവകരമെന്ന് തോന്നിപ്പിക്കുന്ന വിധികള്‍ക്കൊപ്പം തന്നെ ബാബരി മസ്ജിദ് അനുബന്ധ കേസ് വിശാല ഭരണഘടനാ ബെഞ്ചിന് വിടുന്നത് തടയുകയും ചെയ്തു. വിപ്ലവകരമെന്ന് തോന്നിപ്പിപ്പിച്ച വിധി പ്രസ്താവങ്ങള്‍ സമൂഹത്തിന് ഏല്‍പ്പിച്ച പരുക്ക് ചില്ലറയല്ല. ബാബരികേസ് വിധി ഭരണകൂടത്തിനു അനൂകൂലമായിത്തീരുകയും ചെയ്തു.
പ്രലോഭനങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും വശംവദരാകാതെ നിര്‍ഭയമായും സത്യസന്ധമായും നീതി നടപ്പാകണമെന്ന വിശ്വാസത്തിന് ദീപക് മിശ്രയുടെ പല നടപടികളും മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍നിന്ന് നീതിന്യായ വ്യവസ്ഥയെ തിരികെ കൊണ്ടുവരാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നടത്തുന്ന ശ്രമങ്ങള്‍ സ്വാഗതാര്‍ഹമാണ്. പദവി ഏറ്റെടുത്ത ഉടനെ തന്നെ അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന കേസുകളെ സംബന്ധിച്ച് അദ്ദേഹം തീരുമാനമെടുത്തിരുന്നു. ഇതനുസരിച്ച് ഒരാളെ തൂക്കിക്കൊല്ലുക, വീട്ടില്‍നിന്ന് പുറത്താക്കുക എന്നിവ സംബന്ധിച്ചല്ലാതെയുള്ള കേസുകള്‍ക്ക് (മെന്‍ഷന്‍ ചെയ്യല്‍ ) അദ്ദേഹം നിയന്ത്രണംവച്ചു.
അടിയന്തര സാഹചര്യങ്ങളിലല്ലാതെ ജഡ്ജിമാര്‍ അവധിയെടുക്കരുതെന്നും പ്രവൃത്തി സമയങ്ങളില്‍ സെമിനാറുകള്‍ പോലുള്ള പരിപാടികളില്‍ പങ്കെടുക്കരുതെന്നുമുള്ള പത്തിന നിര്‍ദേശങ്ങളാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. കേസുകെട്ടുകളാല്‍ വീര്‍പ്പുമുട്ടുന്ന കോടതികള്‍ക്ക് പരിമിതമായ സൗകര്യത്തിനുള്ളില്‍നിന്ന് കൊണ്ട് തന്നെ കുറെയേറെ കേസ്ഭാരം കുറയ്ക്കാന്‍ അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ക്കാകും. പ്രതീക്ഷ നല്‍കുന്നതാണ് പുതിയ ചീഫ് ജസ്റ്റിസിന്റെ പല നടപടികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."