ഉംറ തീര്‍ഥാടകരുടെ ബാഗേജ് എത്തിക്കുന്നില്ലെന്ന് പരാതി
നെടുമ്പാശേരി: ഉംറ തീര്‍ഥാടനം കഴിഞ്ഞു മടങ്ങിയെത്തുന്നവരുടെ ബാഗേജുകള്‍ നെടുമ്പാശേരിയിലെത്തിക്കാന്‍ വിമാനക്കമ്പനി ഉദാസീനത കാണിക്കുന്നതായി വ്യാപക പരാതി. സഊദി എയര്ലൈന്സിനെതിരേയാണ് പരാതിയുമായി തീര്‍ഥാടകര്‍ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജിദ്ദയില്‍നിന്നു സഊദി എയര്‍ലൈന്‍സിന്റെ വിമാനങ്ങളില്‍ നെടുമ്പാശ്ശേരിയിലെത്തിയ നിരവധി തീര്‍ഥാടകരുടെ ബാഗുകളാണ് ഇത്തരത്തില്‍ നഷ്ടപ്പെട്ടതെന്നു ട്രാവല്‍ ഏജന്‍സികളും വ്യക്തമാക്കുന്നു. നെടുമ്പാശേരിയില്‍ ഇറങ്ങിയ ശേഷം തീര്‍ഥാടകര്‍ ബാഗേജ് അന്വേഷിക്കുമ്പോള്‍ ചരക്ക് അധികമായതിനാല്‍ ജിദ്ദയില്‍നിന്നു കയറ്റിയില്ലെന്നാണ് സ്ഥിരം മറുപടി. ഇതോടെ തീര്‍ഥാടകര്‍ക്കു വെറുംകൈയോടെ വീടുകളിലേക്കു മടങ്ങേണ്ട സ്ഥിതിയാണ്.
ഇന്നലെ വൈകിട്ട് സഊദി എയര്‍ലൈന്‍സ് വിമാനത്തിലെത്തിയ ഇരുനൂറോളം തീര്‍ഥാടകരില്‍ അന്‍പതോളം പേര്‍ക്കു മാത്രമാണ് ബാഗേജ് ലഭിച്ചത്. ഇതേക്കുറിച്ചു പരാതി പറയാനെത്തുന്ന യാത്രക്കാരോടു ബാഗുകള്‍ എത്തിച്ചുനല്‍കാമെന്നു കമ്പനി അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇതിനായി ദൂരസ്ഥലങ്ങളില്‍നിന്നുള്ളവര്‍ വീണ്ടും നെടുമ്പാശേരിയിലെത്തേണ്ട സ്ഥിതിയാണ്. ആഴ്ചകള്‍ കഴിഞ്ഞ് ബാഗ് ലഭിക്കുമ്പോള്‍ ഈന്തപ്പഴമടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ കേടാകാനും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."