മധ്യപ്രദേശില്‍ സമാന മനസ്‌കരുമായി ചേര്‍ന്ന് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്
ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്ന് ബി.എസ്.പി പ്രഖ്യാപിച്ചിരിക്കെ സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ നീക്കവുമായി കോണ്‍ഗ്രസ്. ബി.ജെ.പിയെ സ്ഥാനഭ്രഷ്ടരാക്കാനുള്ള ഉദ്യമത്തില്‍ കോണ്‍ഗ്രസുതന്നെ പ്രതിപക്ഷത്തെ നയിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. സമാനമനസ്‌കരായ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന്റെ നേതൃത്വം വഹിക്കുന്നത് സിന്ധ്യയാണ്. പാര്‍ട്ടി ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 14 വര്‍ഷത്തെ ബി.ജെ.പിയുടെ ദുര്‍ഭരണത്തെ സംസ്ഥാനത്തുനിന്ന് പുറത്താക്കുകയെന്നതാണ് തെരഞ്ഞെടുപ്പ് ലക്ഷ്യമെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ടില്‍ ബി.എസ്.പി കുറവുവരുത്തിയേക്കുമെന്ന ആശങ്കയില്ലെന്ന് അദ്ദേഹം പറഞ്ഞു. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് ഒരു മാറ്റമെന്നതാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ബി.ജെ.പിക്കെതിരായ നീക്കത്തിന് നായകത്വം വഹിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ എന്നും സിന്ധ്യ വ്യക്തമാക്കി.
സമാജ് വാദി പാര്‍ട്ടിയുമായും ഗോണ്ട്വാന ഗണതന്ത്ര പാര്‍ട്ടിയുമായി സാധ്യമായ രീതിയില്‍ തെരഞ്ഞെടുപ്പ് സഖ്യത്തിന് നീക്കം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് നേരത്തെ തന്നെ ബി.എസ്.പി അധ്യക്ഷ മായാവതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇതായിരിക്കില്ല സാഹചര്യമെന്ന് സിന്ധ്യ പറഞ്ഞു.
സംസ്ഥാന തലത്തിലുള്ള സഖ്യത്തിനേക്കാള്‍ പ്രധാനമാണ് അഖിലേന്ത്യാ തരത്തിലുള്ള സഖ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സാധ്യമായ രീതിയില്‍ സഖ്യം രൂപീകരിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ 'ഇതാണ് മാറ്റത്തിനുള്ള സമയം' എന്നതാണ് മുദ്രാവാക്യം. ഇത് യാഥാര്‍ഥ്യമാക്കുകയെന്നതാണ് ലക്ഷ്യം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മോദിക്കും ശിവരാജ് സിങ് ചൗഹാനുമെതിരായ മത്സരമല്ല. മറിച്ച് ജനങ്ങളുടെ ആഗ്രഹം ഒരു മാറ്റമാണ്. അത് യാഥാര്‍ഥ്യമാക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ 14 വര്‍ഷമായി ബി.ജെ.പി ഭരണത്തില്‍ ദുരിതമനുഭവിക്കുകയാണ് ജനങ്ങള്‍. എവിടെ നോക്കിയാലും കടുത്ത വിയോജിപ്പിലാണ് അവരെന്നും മധ്യപ്രദേശിലെ ഗുണയില്‍ നിന്നുള്ള എം.പി കൂടിയായ ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
ബി.ജെ.പി ഭരണത്തില്‍ കര്‍ഷകര്‍ നിരാശരാണ്. സംസ്ഥാനത്ത് ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്. രൂക്ഷമായ തൊഴിലില്ലായ്മ കാരണം യുവാക്കള്‍ കടുത്ത പ്രതിഷേധത്തിലാണ്. വ്യാപം, ഖനം പോലുള്ളവയിലൂടെ സര്‍ക്കാര്‍ തലത്തില്‍ വ്യാപകമായ അഴിമതിയാണ് സംസ്ഥാനം നേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവംബര്‍ 28നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11ന് വോട്ടെണ്ണും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."