ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്: എറണാകുളത്തിന് കിരീടം
തിരുവനന്തപുരം: ഹാട്രിക് കിരീട മോഹവുമായി വന്ന പാലക്കാടിനെ അട്ടിമറിച്ച എറണാകുളം സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് ഓവറോള്‍ കിരീടം തിരിച്ചു പിടിച്ചു. 21 സ്വര്‍ണവും 29 വെള്ളിയും 19 വെങ്കലവും നേടിയ എറണാകുളം 448 പോയിന്റുമായാണ് ചാംപ്യന്‍പട്ടം ഉറപ്പിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷം തുടര്‍ച്ചയായി ജേതാക്കളായ പാലക്കാട് 18 സ്വര്‍ണവും 11 വെള്ളിയും 31 വെങ്കലവും നേടി 407 പോയിന്റുമായി റണ്ണറപ്പായി. മൂന്നാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നെങ്കിലും ആതിഥേയരായ തിരുവനന്തപുരം ചാംപ്യന്‍ ജില്ലയെക്കാള്‍ അഞ്ചു സ്വര്‍ണം കൂടുതല്‍ നേടി.
26 സ്വര്‍ണവും 12 വെള്ളിയും 16 വെങ്കലവും നേടിയ തിരുവനന്തപുരം 369 പോയിന്റുമായാണ് മൂന്നാം സ്ഥാനത്ത് എത്തിയത്. 351 പോയിന്റു നേടിയ കോട്ടയം നാലാമതും 291 പോയിന്റുമായി തൃശൂര്‍ അഞ്ചാം സ്ഥാനത്തുമെത്തി. 14 വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 40 പോയിന്റ് നേടിയ തൃശൂരും 29 പോയിന്റുമായി കോഴിക്കോടുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. പതിനാറ് വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 56 പോയിന്റുമായി കോട്ടയം ഒന്നാം സ്ഥാനത്തും 56 പോയിന്റുമായി കോഴിക്കോട് രണ്ടാമതുമെത്തി.
18 വയസില്‍ താഴെ പ്രായമുള്ള യൂത്ത് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 97 പോയിന്റ് നേടിയ എറണാകുളമാണ് ഒന്നാമത്. 75 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തെത്തി. 20 വയസില്‍ താഴെ പ്രായമുള്ള ജൂനിയര്‍ വനിതകളുടെ വിഭാഗത്തില്‍ 163 പോയിന്റുമായി കോട്ടയം ഒന്നാമതെത്തിയപ്പോള്‍ 99 പോയിന്റ് നേടിയ പാലക്കാടാണ് രണ്ടാമത്. 14 വയസില്‍ താഴെ പ്രായമുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 33 പോയിന്റുമായി തിരുവനന്തപുരം ഒന്നാമതെത്തി. 28 പോയിന്റുള്ള പാലക്കാടാണ് രണ്ടാമത്.
18 വയസില്‍ താഴെ പ്രായമുള്ള യൂത്ത് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 97.5 പോയിന്റ് നേടി എറണാകുളം ഒന്നാമതെത്തിയപ്പോള്‍ 92.5 പോയിന്റ് നേടിയ തിരുവനന്തപുരമാണ് രണ്ടാമത്. 20 വയസില്‍ താഴെ പ്രായമുള്ള ജൂനിയര്‍ പുരുഷന്മാരുടെ വിഭാഗത്തില്‍ 106.5 പോയിന്റുമായി തിരുവനന്തപുരം ഒന്നാമതും 98 പോയിന്റ് നേടി എറണാകുളം രണ്ടാമതുമെത്തി. ദേശീയ ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് നവംമ്പര്‍ രണ്ട് മുതല്‍ അഞ്ചുവരെ റാഞ്ചിയില്‍ നടക്കും.
ആന്‍സിയുടെ വേഗത്തില്‍
23 വര്‍ഷത്തെ റെക്കോര്‍ഡ് കടപുഴകി
ചാംപ്യന്‍ഷിപ്പിന്റെ അവസാന ദിനത്തില്‍ ഒന്‍പത് മീറ്റ് റെക്കോര്‍ഡുകളാണ് പിറന്നത്. മൂന്നു ദിനങ്ങളിലായി നടന്ന 62 ാമത് സംസ്ഥാന ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ ആകെ 27 മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നു. 18 വയസില്‍ താഴെയുള്ള യൂത്ത് പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ തൃശൂരിന്റെ ആന്‍സി സോജന്‍ 25.19 സെക്കന്റില്‍ ഫിനിഷ് ചെയ്ത് പുതിയ റെക്കോര്‍ഡ് കുറിച്ചു. 1995 ല്‍ പാലക്കാടിന്റെ അര്‍ച്ചന ഗുപ്ത സ്ഥാപിച്ച 25.20 സെക്കന്റ് സമയമാണ് 23 വര്‍ഷത്തിന് ശേഷം ആന്‍സിയുടെ വേഗതയ്ക്ക് മുന്നില്‍ വഴിമാറിയത്. ട്രിപ്പിള്‍ജംപില്‍ എറണാകുളത്തിന്റെ സാന്ദ്ര ബാബു 12.74 മീറ്റര്‍ ചാടി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. 2004 ല്‍ കൊല്ലത്തിന്റെ എ.പി അല്‍ക്കാച്ചികിളി സ്ഥാപിച്ച 12.59 മീറ്ററാണ് സാന്ദ്ര മറികടന്നത്.
ഹൈജംപില്‍ എറണാകുളത്തിന്റെ ഗായത്രി ശിവകുമാര്‍ കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച സ്വന്തം റെക്കോര്‍ഡായ 1.71 മീറ്റര്‍ തിരുത്തി. 1.72 മീറ്റര്‍ ചാടിയാണ് ഗായത്രി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. ഗായത്രി കേരളം വിട്ടു. മികച്ച പരിശീലനം ലക്ഷ്യമിട്ടു കര്‍ണാടക ബെല്ലാരിയിലെ ജെ.എസ്.ഡബ്ല്യു ഇന്‍സ്‌പെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സിലേക്കാണ് ഗായത്രി ചേക്കേറിയത്. പെണ്‍കുട്ടികളുടെ മെഡ്‌ലേ റിലേയില്‍ കോഴിക്കോട് ടീം 2.16.94 സെക്കന്‍ഡ് സമയത്തില്‍ പുതിയ റെക്കോര്‍ഡ് നേടി. അപര്‍ണ റോയി, എം. എയ്ഞ്ചല്‍ സില്‍വിയ, ട്രീസ മാത്യു, ടി. സൂര്യമോള്‍ എന്നിവരാണ് റെക്കോര്‍ഡിലേക്ക് ഓടിക്കയറിയത്. ഹാമര്‍ ത്രോയില്‍ എറണാകുളത്തിന്റെ കെസിയ മറിയം ബെന്നി 48.67 മീറ്റര്‍ ദൂരേക്ക് ഹാമര്‍ പറത്തി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. 2015 ല്‍ എറണാകുളത്തിന്റെ ദീപ ജോഷി സ്ഥാപിച്ച 48.17 മീറ്ററാണ് തിരുത്തിയത്.
അഭിനവിന് റെക്കോര്‍ഡ് ഡബിള്‍
പതിനെട്ട് വയസില്‍ താഴെയുള്ള ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരത്തിന്റെ സി. അഭിനവിന് സ്പ്രിന്റില്‍ റെക്കോര്‍ഡ് ഡബിള്‍. ആദ്യ ദിനത്തില്‍ 100 മീറ്ററില്‍ റെക്കോര്‍ഡ് കുറിച്ച അഭിനവ് അവസാനദിനത്തില്‍ 200 മീറ്ററില്‍ 21.81 സെക്കന്റില്‍ റെക്കോര്‍ഡിലേക്ക് ഓടിക്കയറി. എറണാകുളത്തിന്റെ ടി.വി അഖില്‍ കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച 22.08 സെക്കന്‍ഡാണ് അഭിനവ് തിരുത്തിയത്. തിരുവനന്തപുരത്തിന്റെ കെ. ബിജിതും റെക്കോര്‍ഡ് പ്രകടനം നടത്തി. പതിനാറ് വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ പാലക്കാടിന്റെ അജയ് കെ. വിശ്വനാഥ് 1.57.27 സെക്കന്‍ഡില്‍ പുതിയ റെക്കോര്‍ഡിന് ഉടമയായി.
മലപ്പുറത്തിന്റെ മുഹമ്മദ് ജാബിര്‍ റഹ്മാന്‍ കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച 1.58.61 സെക്കന്‍ഡാണ് തിരുത്തിയത്. 20 വയസില്‍ താഴെയുള്ള ജൂനിയര്‍ വനിതകളുടെ 3000 മീറ്ററില്‍ എറണാകുളത്തിന്റെ അനുമോള്‍ തമ്പി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. പി.യു ചിത്ര 2004 ല്‍ സ്ഥാപിച്ച 10.12.78 സെക്കന്‍ഡ് സമയമാണ് 10.11.13 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് അനുമോള്‍ സ്വന്തം പേരിലാക്കിയത്.
20 വയസില്‍ താഴെ പ്രായമുള്ള ജൂനിയര്‍ പുരുഷന്മാരുടെ 200 മീറ്ററില്‍ എറണാകുളത്തിന്റെ ടി.വി അഖില്‍ 27.71 സെക്കന്‍ഡില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചു. 2003 ല്‍ തൃശൂരിന്റെ കെ.ആര്‍ സുമേഷ് സ്ഥാപിച്ച 21.80 സെക്കന്‍ഡാണ് പതിനഞ്ച് വര്‍ഷത്തിന് ശേഷം അഖില്‍ മറികടന്നത്. 10000 മീറ്റര്‍ നടത്തത്തില്‍ പാലക്കാടിന്റെ സി.ടി നിധീഷ് 46.50.74 സെക്കന്‍ഡില്‍ പുതിയ റെക്കോര്‍ഡിലേക്ക് നടന്നു കയറി. ജാവലിന്‍ ത്രോയില്‍ എറണാകുളത്തിന്റെ അനൂപ് വത്സന്‍ 60.72 മീറ്ററിലേക്ക് കുന്തമുന പായിച്ച് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. 1999 ല്‍ കൊല്ലത്തിന്റെ എം. ബിജീഷ്‌കുമാര്‍ സ്ഥാപിച്ച 60.53 മീറ്ററാണ് അനൂപ് തകര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."