അനധികൃതമായി കടത്തിയ ആറായിരം ലിറ്റര്‍ വെള്ള മണ്ണെണ്ണ പിടിച്ചെടുത്തു
കഠിനംകുളം: അനധികൃതമായി കടത്തിയ ആറായിരം ലിറ്റര്‍ മണ്ണെണ്ണ മംഗലപുരം പൊലിസ് പിടികൂടി.
വിഴിഞ്ഞം തുറമുഖത്ത് നിന്ന് കൊല്ലത്തേക്ക് ലോറിയില്‍ കൊണ്ടുപോയ വെള്ള മണ്ണെണ്ണയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെ മംഗലപുരം ജങ്ഷനില്‍ വച്ച് പിടികൂടിയത്.
ഡ്രൈവര്‍ കൊല്ലം മയ്യനാട് പുളളച്ചിറ എസ്.എസ് മന്‍സിലില്‍ സലിമിനെ(51) മംഗലപുരം എസ്‌ഐ പ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. സബ്‌സീഡിയിനത്തില്‍ മല്‍സ്യബന്ധനക്കാര്‍ക്കുവേണ്ടി വിതരണം ചെയ്യാനായി വിഴിഞ്ഞം ഹാര്‍ബറില്‍ എത്തിച്ച വെള്ളമണ്ണെണ്ണ അധികൃതര്‍ മറിച്ചുകടത്തിയതായാണ് വിവരമെന്ന് മംഗലപുരം പൊലീസ് പറഞ്ഞു. വിഴിഞ്ഞം ഹാര്‍ബറിലെ ആന്റണിയെന്ന ആളാണ് ലോറിയില്‍ ബാരലുകളിലായി മണ്ണെണ്ണ കയറ്റിയതെന്ന് ഡ്രൈവര്‍ സലിം മൊഴി നല്‍കി.
210ലിറ്റര്‍ വീതം ഉള്‍ക്കൊള്ളുന്ന 30ബാരലുകളാണ് ലോറിയില്‍ ഉണ്ടായിരുന്നത്. കൊല്ലം പാഡി ഹാര്‍ബറില്‍ എത്തിക്കുന്ന മണ്ണെണ്ണ ബാരലുകള്‍ പല വൃക്തികള്‍ എത്തി കൊണ്ടുപോവുകയാണ് പതിവെന്നും പൊലീസിന്റെ കണ്ണ് വെട്ടിച്ച കൊല്ലത്ത് എത്തിക്കുന്നതിന് 10000രൂപ ലഭിക്കുമെന്നും സലിം പറഞ്ഞു. ആറ്റിങ്ങല്‍ ഡിവൈഎസ്.പി അജിത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലിസ് പരിശോധന നടത്തിയത്.
താലൂക്ക് സപ്ലൈ ഓഫിസില്‍ നിന്ന് റേഷന്‍ ഇന്‍സ്പകടര്‍മാരെത്തി ബാരലുകള്‍ പരിശോധിച്ച് സിവില്‍ സപ്ലൈസിന്റെ മണ്ണെണ്ണയല്ലെന്ന് സ്ഥിരീകരിച്ചു. മണ്ണെണ്ണയും ലോറിയും മംഗലപുരം സ്‌റ്റേഷനിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."