മിനയില്‍ നിയന്ത്രണം വിട്ട ബസ് പാഞ്ഞുകയറി മൂന്ന് ഹാജിമാര്‍ മരിച്ചു: രണ്ടു പേര്‍ ഇന്ത്യക്കാര്‍
ജിദ്ദ: മിനയില്‍ നിയന്ത്രണം വിട്ട ബസ് ഹാജിമാര്‍ക്കിടയിലേക്ക് പാഞ്ഞുകയറി മൂന്ന് പേര്‍ മരിച്ചു.
മക്ക ഹാളിനു സമീപം ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരുക്കേറ്റു.
മരിച്ചവരില്‍ രണ്ടുപേര്‍ ഇന്ത്യക്കാരും ഒരാള്‍ ഈജിപ്തുകാരനുമാണ്. യു.പിയില്‍നിന്നെത്തിയ വാസീഉല്‍ ഹസന്‍, ജാര്‍ഖണ്ഡില്‍നിന്നുള്ള നൂര്‍ജഹാന്‍ എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍.
കൊയിലാണ്ടിയില്‍നിന്നെത്തിയ ഇമ്പിച്ചി ആയിശ, കെ.എം.സി.സി വളണ്ടിയര്‍ പെരിന്തല്‍മണ്ണ വേങ്ങൂര്‍ സ്വദേശി മുഹമ്മദ് ഇഖ്ബാല്‍; മരിച്ച നൂര്‍ജഹാന്റെ ഭര്‍ത്താവ് മുനവ്വര്‍ അലി എന്നിവര്‍ക്കാണ് പരുക്ക്. ഒരു സ്വദേശിക്കും പരുക്കുണ്ട്. പരുക്കേറ്റവര്‍ മക്ക അല്‍നൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മരിച്ചവരുടെ മൃതദേഹങ്ങള്‍ മക്ക കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലാണ്. നടപടിക്രമങ്ങള്‍ക്കു ശേഷം മക്കയില്‍ ഖബറടക്കും.
ഇറക്കം ഇറങ്ങി വന്ന ബസ് നിയന്ത്രണം വിട്ട് ആള്‍കൂട്ടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഏതാനും വഹനങ്ങള്‍ക്കും കേടുപാട് പറ്റിയിട്ടുണ്ട്.
ഹാജിമാര്‍ക്ക് സേവനം ചെയ്യുന്നതിനിടെയാണ് ഇഖ്ബാലിന് പരുക്കേറ്റത്.
ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കി താമസ കേന്ദ്രമായ അസീസിയിലേക്ക്‌പോയ ബസാണ് അപകടത്തില്‍ പെട്ടത്.
നിയന്ത്രണം വിട്ട ബസ് കാറിലും ഇടിച്ചാണ് നിന്നത്. ബസിനകത്തുള്ള ആര്‍ക്കും പരുക്കില്ല. പുറത്ത് പാലത്തിന് സമീപംഉണ്ടായിരുന്നവര്‍ക്കാണ് പരുക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."