ഒഴുക്കില്‍പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ പ്രവാസി കുഴഞ്ഞുവീണു മരിച്ചു
തിരൂര്‍: മകളുടെ വിവാഹത്തിന് വിദേശത്തുനിന്ന് അവധിയിലെത്തിയ പ്രവാസിക്ക് തോട്ടില്‍ ഒഴുക്കില്‍പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം. ബി.പി അങ്ങാടി സ്വദേശി കൊണ്ടാപറമ്പില് അബ്ദുല്‍ റസാഖാണ്(40) ആണ് ഒഴുക്കില്‍പെട്ട് കുഴഞ്ഞുവീണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം.
വീട്ടില്‍ വെള്ളം കയറിയതുമൂലം പല്ലാറിലെ ഭാര്യ വീട്ടിലേക്ക് താമസം മാറിയിരുന്നു ഇവര്‍. ഇതിന് സമീപത്തെ തോട്ടില്‍ അബദ്ധത്തില്‍ വീണ മകന് അലാഹുദ്ദീനെയും ഭാര്യാസഹോദരന്റെ മകന് നിഹാലിനെയും രക്ഷിച്ച് കരക്കെത്തിച്ചെങ്കിലും റസാഖ് പിന്നീട് കുഴഞ്ഞുവീഴുകയായിരുന്നു. വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട് നാട്ടുകാര്‍ ഉടനെ തിരൂര്‍ മിഷന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരാഴ്ച മുമ്പാണ് മകള്‍ ഷെഹാദിയയുടെ വിവാഹത്തിനായി റസാഖ് ദുബൈയില്‍നിന്ന് അവധിക്കെത്തിയത്. ദുബൈയില്‍ സ്കൂള്‍ ബസിലെ ജീവനക്കാരനാണ്.
ഭാര്യ: നസീറ. മറ്റൊരു മകന്: അല്‍ അമീന്. മരുമകന്: റമീസ്. മൃതദേഹം തിരൂര്‍ ജില്ല ആശുപത്രി മോര്‍ച്ചറിയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."