ചെറുപുഴയിലും കാഞ്ഞങ്ങാട്ടും ധനകാര്യ സ്ഥാപനങ്ങളില്‍ പൂട്ടിയിട്ട സെക്യൂരിറ്റി ജീവനക്കാരെ പൊലിസ് മോചിപ്പിച്ചു
ചെറുപുഴ/കാഞ്ഞങ്ങാട്: കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയിലും കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ടും ധനകാര്യ സ്ഥാപനങ്ങളില്‍ പൂട്ടിയിട്ട സെക്യൂരിറ്റി ജീവനക്കാരെ പൊലിസെത്തി മോചിപ്പിച്ചു. മണപ്പുറം ഫിനാന്‍സിന്റെ ചെറുപുഴശാഖയില്‍ പൂട്ടിയിട്ട ജീവനക്കാരനെ പൊലിസ് എത്തിയപ്പോള്‍ തുറന്നുവിട്ടെങ്കിലും കാഞ്ഞങ്ങാട്ടെ മുത്തൂറ്റ് ശാഖാ അധികൃതര്‍ വഴങ്ങാത്തതിനെ തുടര്‍ന്ന് പൊലിസ് പൂട്ട് പൊളിച്ച് ജീവനക്കാരനെ പുറത്തിറക്കുകയായിരുന്നു.
മുത്തൂറ്റ് ഫിനാന്‍സിന്റെ കാഞ്ഞങ്ങാട് ശാഖയില്‍ ഡ്യൂട്ടിക്കെത്തിയ നീലേശ്വരം പാലായി സ്വദേശി മോഹനനെ(52)യാണ് കഴിഞ്ഞ ദിവസം വൈകിട്ട് മാനേജര്‍ പൂട്ടിയിട്ടു പോയത്. ഇന്നലെ രാവിലെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലുമാകാതെ വന്നതോടെ ഇയാള്‍ സഹപ്രവര്‍ത്തകരെ ഫോണില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ സെക്യൂരിറ്റി എംപ്ലോയിസ് യൂനിയന്‍(സി.ഐ.ടി.യു) നേതാക്കളെ വിവരമറിയിച്ചു.
നേതാക്കള്‍ മാനേജരുമായി ബന്ധപ്പെട്ടപ്പോള്‍ ജീവനക്കാരന്‍ ഡ്യൂട്ടി കൃത്യമായി നിര്‍വഹിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള മാനേജ്‌മെന്റ് നിര്‍ദേശപ്രകാരമാണ് ഇങ്ങനെ ചെയ്തതെന്നും തുറക്കാന്‍ നിര്‍വാഹമില്ലെന്നുമുള്ള ധിക്കാരപരമായ മറുപടിയാണ് ലഭിച്ചത്. നേതാക്കള്‍ ഹൊസ്ദുര്‍ഗ് സി.ഐ സി.കെ സുനില്‍കുമാറിനെ വിവരമറിയിച്ചു. പൊലിസ് ബന്ധപ്പെട്ടിട്ടും മാനേജ്‌മെന്റ് വഴങ്ങാതെ വന്നപ്പോള്‍ സി.ഐയുടെ നേതൃത്വത്തില്‍ അപായ സൈറണ്‍ മുഴക്കി കെട്ടിട പരിസരത്ത് അപകട സന്ദേശം നല്‍കി. തുടര്‍ന്ന് നാട്ടുകാരെ സാക്ഷി നിര്‍ത്തി പൂട്ട് തകര്‍ത്ത് ഇന്നലെ ഉച്ചയോടെ ജീവനക്കാരനെ മോചിപ്പിച്ചു. മാനേജരോട് ഇന്ന് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലിസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ചെറുപുഴ ബസ് സ്റ്റാന്‍ഡില്‍ സ്റ്റേറ്റ് ബാങ്കിനു സമീപത്തെ മണപ്പുറം ഫിനാന്‍സ് ശാഖയില്‍ പൂട്ടിയിട്ട സെക്യൂരിറ്റി ജീവനക്കാരനെ നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് പൊലിസെത്തി മോചിപ്പിക്കുകയായിരുന്നു. ഈ സ്ഥാപനത്തില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇന്നലെ നാട്ടുകാര്‍ സ്ഥാപനം പരിശോധിച്ചത്. ശനിയാഴ്ച രാത്രി മുതല്‍ ജീവനക്കാരനെ പൂട്ടിയിട്ട നിലയില്‍ കണ്ടെണ്ടത്തിയതിനെ തുടര്‍ന്ന് പൊലിസില്‍ വിവരമറിയിച്ചു.
ചെറുപുഴ എസ്.ഐ പി.സുകുമാരന്റെ നേതൃത്വത്തിലെത്തിയ പൊലിസ് ശാഖാ മാനേജരെ വിളിച്ചു വരുത്തുകയും ജീവനക്കാരനെ തുറന്നു വിടുകയും ചെയ്തു. ഈ സ്ഥാപനത്തിന്റെ എല്ലാ ബ്രാഞ്ചുകളിലും സെക്യൂരിറ്റി ജീവനക്കാരെ ഇത്തരത്തില്‍ പൂട്ടിയിടുകയാണ് പതിവെന്നുംമാനേജര്‍ എത്തിയാണ് ഉച്ചഭക്ഷണത്തിന് തുറക്കുന്നതെന്നും പ്രദേശവാസികള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."