സാന്ത്വനവുമായി രാഹുല്‍ വയനാട്ടില്‍
മേപ്പാടി(വയനാട്): പേമാരിയില്‍ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്ക് സാന്ത്വനമായി രാഹുല്‍ ഗാന്ധി എം.പിയെത്തി. ഉരുള്‍പൊട്ടല്‍ നടന്ന പുത്തുമലയിലാണ് രാഹുല്‍ ആദ്യമെത്തിയത്. പത്ത് മിനിറ്റോളം അവിടെ ചെലവഴിച്ച് രക്ഷാപ്രവര്‍ത്തനം വിലയിരുത്തിയ ശേഷമാണ് അദ്ദേഹം ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ചത്. മേപ്പാടി സെന്റ് ജോസഫ് യു.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപാണ് ആദ്യം സന്ദര്‍ശിച്ചത്. തുടര്‍ന്ന് മേപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലുമെത്തി. കല്‍പ്പറ്റ കലക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുത്തശേഷം മുണ്ടേരി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ചു. ക്യാംപിലുള്ളവരെ ആശ്വസിപ്പിച്ചതിനൊപ്പം ദുരിതബാധിതരില്‍ നിന്നും രാഹുല്‍ഗാന്ധി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
ഏത് പ്രതിസന്ധിയിലും ഒപ്പമുണ്ടാകുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ദുരിതത്തില്‍ നിന്നും കരകയറുന്നതിനാവശ്യമായവയെല്ലാം ചെയ്യുമെന്നും രാഹുല്‍ അറിയിച്ചു. പേമാരിയില്‍ നഷ്ടമായതിന് പണം പകരമാകില്ല. എങ്കിലും പുനരധിവാസത്തിനും അതിജീവനത്തിനും ആവശ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം ക്യാംപിലുള്ളവര്‍ക്ക് ഉറപ്പ് നല്‍കി. പേമാരിയെത്തുടര്‍ന്നുണ്ടായ ദുരിതത്തില്‍ നിന്നും നാം കരകയറുമെന്നും വയനാട്ടിലെ ജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം മാതൃകാപരമാണെന്നും രാഹുല്‍ പറഞ്ഞു. ക്യാംപുകളില്‍ അവശ്യവസ്തുക്കളും മരുന്നും ശുചീകരണ സാമഗ്രികളും വേണം. വയനാട്ടിലെ സാഹചര്യം കഠിനമാണ്. താന്‍ സന്തോഷത്തോടെയല്ല മണ്ഡലത്തില്‍ എത്തിയതെന്നും രാഹുല്‍ പറഞ്ഞു.
തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കുന്നതിനും ഒപ്പം ആവശ്യമായവ ശുചീകരിക്കുന്നതിനും ചികിത്സയ്ക്കുമുള്ള എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. ഇന്നലെ രാവിലെ തിരിച്ച് പോകുന്ന വഴിയും രാഹുല്‍ ദുരിതാശ്വാസ ക്യാംപിലെത്തി. ചുണ്ടേല്‍ സ്‌കൂളിലെ ക്യാംപിലെത്തി അവിടെയുള്ളവരെ സാന്ത്വനിപ്പിച്ച ശേഷമാണ് രാഹുല്‍ ചുരമിറങ്ങിയത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പി.സി വിഷ്ണുനാഥ്, ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ തുടങ്ങിയവരും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."