ഉരുള്‍പൊട്ടല്‍ ഭീതിയില്‍ കോട്ടയത്തെ മലയോര മേഖല
കോട്ടയം: മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസമാകുന്നതിനിടെ ആശങ്കയുയര്‍ത്തി തീക്കോയി ഉള്‍പ്പെടെ കോട്ടയത്തെ ചില പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ്.
പി.സി ജോര്‍ജ് എം.എല്‍.എ ഉള്‍പ്പെടെ മുന്നറിയിപ്പുമായി രംഗത്തെത്തിയതോടെ ആളുകള്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറിത്തുടങ്ങി. അതേസമയം, വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന പടിഞ്ഞാറന്‍ മേഖലക്ക് ആശ്വാസമായി ഇന്നലെ വെള്ളമിറങ്ങിയെങ്കിലും അപ്പര്‍ കുട്ടനാടിന്റെ മിക്കവാറും പ്രദേശങ്ങള്‍ ഇപ്പോഴും ദുരിതത്തിലാണ്. വെള്ളമിറങ്ങിയതോടെ ദുരിതാശ്വാസ ക്യാംപുകളില്‍ പലതും പിരിച്ചുവിട്ടു. പടിഞ്ഞാറന്‍ മേഖലയിലുള്‍പ്പെടെ ആളുകള്‍ വീടുകളിലേക്ക് മടങ്ങി. വെള്ളപ്പൊക്കത്തിന്റെ ദുരിതം മുന്‍നിര്‍ത്തി ഇന്നും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
കിഴക്കന്‍ മലയോര മേഖലകളിലെ പരിസ്ഥിതിലോല പ്രദേശങ്ങളിലെ താമസക്കാരെ ഒഴിപ്പിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. വരുന്ന രണ്ടുദിവസം വീണ്ടും മഴ ശക്തിപ്പെടുമെന്ന കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്നാണിത്.
തലനാട്, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, കൂട്ടിക്കല്‍ പഞ്ചായത്തുകളിലെ മലയോരത്ത് താമസിക്കുന്ന മുഴുവന്‍ പേരെയും ക്യാംപുകളിലേക്ക് മാറ്റാനാണ് നീക്കം.
15 വരെ വലിയ മഴയ്ക്കും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ രാത്രികാലങ്ങളില്‍ സുരക്ഷിതമായ കേന്ദ്രങ്ങളില്‍ മാത്രമേ താമസിക്കാവൂവെന്ന് റവന്യൂ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണിത്. ഈ പഞ്ചായത്തുകളിലെല്ലാം ക്യാംപ് ക്രമീകരിക്കുകയും ചെയ്തു.
തീക്കോയി വില്ലേജിലുള്ളവര്‍ക്ക് മംഗളഗിരി സെന്റ് തോമസ് എല്‍.പി സ്‌കൂള്‍, വെള്ളികുളം സെന്റ് ആന്റണീസ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാംപ് സജ്ജമാക്കിയിട്ടുള്ളത്. കല്ലറ ഗ്രാമപഞ്ചായത്തില്‍ 510 ഹെക്ടര്‍ സ്ഥലത്തെ കൃഷി വെള്ളപ്പൊക്കത്തില്‍ നശിച്ചു. 550 കര്‍ഷകര്‍ക്ക് കനത്ത നഷ്ടം സംഭവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."