പരിസ്ഥിതി സംരക്ഷണം പൊതുസമൂഹത്തിന്റെ മുഖ്യ അജണ്ടയാകണം: മന്ത്രി
തൃശൂര്‍: പരിസ്ഥിതി സംരക്ഷണം എന്നത് കേവലം ജൂണ്‍ അഞ്ചിന് മാത്രം തൈ നടുന്ന പ്രവര്ത്തനമാകരുത്. പരിസ്ഥിതിയെ സംരക്ഷിക്കുകയെന്നത് നമ്മുടെ പൊതുസമൂഹത്തിന്റെ മുഖ്യ അജണ്ടയായി മാറണമെന്ന് കേരള കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിസ്ഥിതി സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമ്പോഴും അത് പരിസ്ഥിതിയെ മറന്നുകൊണ്ടാകരുത്.
മാനവരാശിയുടെയും പ്രപഞ്ചത്തിന്റെയു നിലനില്‍പ്പ് പ്രകൃതി മൂലധനത്തിന്റേതാണ്. പ്രകൃതി മൂലധനത്തെ നശിപ്പിച്ചാല്‍ മാനവരാശി ഇല്ലാതാകുന്നതിന് കാരണമാവും. അതുകൊണ്ട് തന്നെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും പ്രകൃതിയെ സംരക്ഷിച്ചു വേണം മുന്നോട്ടു പോകുവാന്‍. ഇത് പൊതുസമൂഹം ഏറ്റെടുക്കണം. സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹരിത കേരള മിഷന് വിജയിപ്പിക്കുവാന്‍ യുവാക്കള്‍ രംഗത്ത് വരണമെന്നും വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് കെ.പി.സന്ദീപ് സെമിനാറിന്റെ മോഡറേറ്ററായിരുന്നു. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, ടി.പ്രദീപ്കുമാര്‍, ബി.ജി.വിഷ്ണു, രാഗേഷ് കണിയാംപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വിജയം കൈവരിച്ച ശ്രീലക്ഷ്മി ദിനൂപിന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് ഉപഹാരം നല്കി അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."