ദേശീയ റേസിങ് ചാംപ്യന്‍ഷിപ്പ്: അശ്വിന് ദത്തയും വിഷ്ണുവും മുന്നില്‍
കോയമ്പത്തൂര്‍: ജെ.കെ ടയര്‍ എഫ്.എം.എസ്.സി.ഐ ദേശീയ റേസിങ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ട് മത്സരങ്ങള്‍ക്ക് കോയമ്പത്തൂര്‍ കാരി മോട്ടോര്‍ സ്പീഡ്വേയില്‍ സമാപനം. യൂറോ ജെ.കെ 18 വിഭാഗത്തിലെ കന്നി കിരീടത്തിലേക്ക് ചെന്നൈയുടെ അശ്വിന് ദത്ത ഒരു പടികൂടി അടുത്തു. ചാംപ്യന്‍ഷിപ്പില്‍ ഒരു റൗണ്ട് മത്സരം കൂടി അവശേഷിക്കെ 74 പോയിന്റുകളാണ് അശ്വിന് നേടിയത്. 68 പോയിന്റുമായി കാര്‍ത്തിക് തരാനിയാണ് രണ്ടാമത്.
ശനിയാഴ്ച്ച മൂന്നാം റൗണ്ട് മത്സരങ്ങള്‍ തുടങ്ങുമ്പോള്‍ രണ്ടു പോയിന്റ് മാത്രമായിരുന്നു അശ്വിന് ദത്തയുടെ ലീഡ്. 66 പോയിന്റുമായി നയന്‍ ചാറ്റര്‍ജിയാണ് മൂന്നാം സ്ഥാനത്ത്. മൂന്നാം റൗണ്ടില്‍ മികച്ച പ്രകടനം നടത്താനായില്ലെങ്കിലും എല്‍.ജി.ബി ഫോര്‍ വിഭാഗത്തില്‍ 59 പോയിന്റ് നേടി വിഷ്ണു പ്രസാദ് തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. 57 പോയിന്റോടെ രാഗുല്‍ രംഗസാമിയാണ് രണ്ടാമത്.
ഇന്നലെ നടന്ന രണ്ടു റേസുകളിലും ചിറ്റേഷ് മന്ഡോഡി ഒന്നാമതെത്തി. സുസുക്കി ജിക്സര്‍ കപ്പ് വിഭാഗത്തില്‍ നിലവിലെ ചാംപ്യന്‍ ജോസഫ് മാത്യു മൂന്നാം റൗണ്ടിന്റെ ആദ്യ റേസിലും അപ്രമാദിത്യം തുടര്‍ന്ന് കിരീടം ഉറപ്പിച്ചു. തുടര്‍ച്ചയായ ആറാം റേസിലും ജോസഫ് മാത്യു ഒന്നാമനായി.
ജെ.കെ ടയര്‍ നോവിസ് കപ്പില്‍ സൂര്യ വരത്തന് കിരീടം നേടി. ടിജില്‍ റാവുവിനാണ് രണ്ടാം സ്ഥാനം. ഈ വിഭാഗത്തില്‍ മൂന്ന് റേസുകളില്‍ വിജയിച്ച മലയാളി താരം ഹാഷിം ഇ.കെ.പിയെ മത്സര നിയമാവലിയുടെ ലംഘനത്തിന്റെ പേരില്‍ അയോഗ്യനാക്കി. ചാംപ്യന്‍ഷിപ്പിന്റെ അവസാന റൗണ്ട് മത്സരങ്ങള്‍ അടുത്ത മാസം ഗ്രേറ്റര്‍ നോയിഡയില്‍ അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."