ഗ്രാമസഭയില്‍ ആത്മഹത്യാ ഭീഷണിമുഴക്കി വീട്ടമ്മമാര്‍
എരുമപ്പെട്ടി: എരുമപ്പെട്ടി മുട്ടിക്കലിലെ മൊബൈല്‍ ടവര്‍ നിര്‍മാണത്തിന് അനുമതി നല്‍കിയതില്‍ വിളിച്ച് ചേര്‍ത്ത പ്രത്യേക ഗ്രാമസഭയില്‍ പഞ്ചായത്ത് ഭരണസമിക്കെതിരേ പൊട്ടിത്തെറിച്ച് ജനങ്ങള്‍.
പഞ്ചായത്ത് സെക്രട്ടറിക്കും വാര്‍ഡ് മെമ്പര്‍ക്കും രൂക്ഷ വിമര്‍ശനം. ജനങ്ങള്‍കൊപ്പമാണെന്നും അനുമതി റദ്ദ് ചെയ്യാന്‍ നടപടി കൈകൊള്ളുമെന്നും ഭരണ സമിതി നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി.
ടവര്‍ നിര്‍മാണത്തിന് നല്‍കിയ അനുമതി റദ്ദ് ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ ആത്മാഹത്യ ചെയ്യുമെന്ന് പ്രദേശവാസികളായ വീട്ടമ്മമാര്‍ പറഞ്ഞു.
മുട്ടിക്കലില്‍ ചുറ്റുഭാഗവും മണ്ണെടുപ്പ് നടത്തിയ കുന്നിന്‍ മുകളിലാണ് റിലയന്‍സ് ജിയോ കമ്പനിയുടെ കൂറ്റന്‍ മൊബൈല്‍ ടവര്‍ സ്ഥാപിച്ചിരിക്കുന്നത്. മണ്ണിടിച്ചിലും ഭൂചലനവും അനുഭവപ്പെടുന്ന പ്രദേശത്ത് ടവര്‍ നിലനില്‍ക്കുന്നത് പരിസര വാസികളുടെ ജീവന് ഭീഷണിയാണ്.
ജനങ്ങളുടെ അഭിപ്രായം കണക്കിലെടുക്കാതെയും ദൂരപരിധിയും മാനദണ്ഡങ്ങളും ലംഘിച്ചുമാണ് പഞ്ചായത്ത് സെക്രട്ടറി ടവര്‍ നിര്‍മാണത്തിന് അനുമതി നല്‍കിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അനുമതി നല്‍കാനുള്ള അധികാരം സെക്രട്ടറിക്കാണെന്നും തങ്ങള്‍ ജനങ്ങള്‍കൊപ്പമാണെന്നും പ്രസിഡന്റ് മീനശലമോന്‍, വൈസ് പ്രസിഡന്റ് കെ. ഗോവിന്ദന്‍കുട്ടി, വാര്‍ഡ് മെമ്പര്‍ അനിത വിന്‍സെന്റ് ,സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ എന്‍.കെ.കബീര്‍ അറിയിച്ചു. നാട്ടുകാരുടെ പരാതിയും പ്രതിഷേധ സമരങ്ങളും കണക്കിലെടുത്ത് ടവറിന്റെ അനുമതി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറിക്കും ടെലികോം അതോററ്റിക്കും ഭരണസമിതി തീരുമാനം റിപ്പോര്‍ട്ടാക്കി സമര്‍പ്പിച്ചിട്ടുണ്ട്. 15 ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കില്‍ പഞ്ചായത്തിന് സ്വയം തീരുമാനമെടുക്കാന്‍ കഴിയുമെന്നും ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ടവറിന് നല്‍കിയ നിര്‍മാണ അനുമതി റദ്ദ് ചെയ്യുമെന്നും പഞ്ചായത്ത് അധികൃതര്‍ ഗ്രാമസഭയില്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."