മഴയകന്നു: മലയോരത്ത് ഇനി തോരാനുള്ളത് കണ്ണീര്‍മഴ
സ്വന്തം ലേഖകന്‍
മലപ്പുറം: പ്രളയദുരിതത്തില്‍ നിന്ന് നാട് കരകയറിത്തുടങ്ങിയതോടെ മലപ്പുറത്തെ മലയോര മേഖലയില്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പുകള്‍.
ഇന്നലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും കാര്യമായ മഴ ഇല്ലാതിരുന്നതോടെ ക്യാംപുകളില്‍ ആശ്വാസമായി. ജില്ലയിലെ എല്ലാ താലൂക്കുകളിലും ക്യാംപുകള്‍ അടച്ചുതുടങ്ങിയിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചത് 42 പേരുടെ മരണമാണ്.
ശക്തമായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ കവളപ്പാറയില്‍ മാത്രം 30 ജീവഹാനിയാണ് സ്ഥിരീകരിച്ചത്. ഇനി 29 പേരെ കൂടി കണ്ടെത്താനുണ്ട്. കെട്ടിടം തകര്‍ന്നും വെള്ളക്കെട്ടില്‍പ്പെട്ടും മലപ്പെള്ളപ്പാച്ചിലില്‍ കുടുങ്ങിയും ദേഹത്തേക്ക് മരം വീണും ഉരുള്‍പൊട്ടിയുണ്ടായ മണ്ണിടിച്ചിലില്‍പ്പെട്ടുമാണ് മിക്കയിടങ്ങളിലും മരണങ്ങളുണ്ടായത്.
തോട്ടില്‍ ഒഴുക്കില്‍പ്പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ കുഴഞ്ഞുവീണ് ഒരാളും മരിച്ചു. നിലമ്പൂര്‍ പോത്തുകല്ലില്‍ നിന്ന് കണ്ടെടുത്ത എട്ട് മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
ദുരന്തത്തില്‍ ഏറെ നഷ്ടങ്ങളുണ്ടായ കവളപ്പാറയില്‍ തിരച്ചില്‍ തുടരുകയാണ്. കനത്ത വെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും പ്രദേശത്തിന്റെ പഴയ രീതിയില്‍ കാര്യമായ വ്യത്യാസമാണുണ്ടായത്. വീടുകള്‍ നിലനിന്നിരുന്ന സ്ഥലം പോലും കൃത്യമായി അടയാളപ്പെടുത്താനാകാത്ത അവസ്ഥയാണ്.
പോത്തുക്കല്ലിലെ പാതാറില്‍ നാടുതന്നെ ഒലിച്ചുപോയ നിലയിലാണ്. ആരാധനാലയം, വീടുകള്‍, കടകള്‍, കെട്ടിടങ്ങള്‍ എന്നിവ നഷ്ടമായിട്ടുണ്ട്. ക്യാംപുകളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ഉറപ്പുവരുത്തുന്നതാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ ഇനിയുള്ള പ്രധാന ഘടകം. 32,451 പേരാണ് ഇപ്പോള്‍ മലപ്പുറം ജില്ലയിലെ വിവിധ ക്യാംപുകളിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."