രാജിവച്ച നടിമാരെ തിരിച്ചെടുക്കില്ലെന്ന് സിദ്ദീഖ്
കൊച്ചി: സംഘടനയില്‍നിന്ന് രാജിവച്ച നടിമാരെ തിരിച്ചെടുക്കില്ലെന്ന് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖ ്. രാജിവച്ച നടിമാരെ തിരിച്ചെടുക്കണമെങ്കില്‍ അവര്‍ അപേക്ഷിക്കണമെന്നും സിദ്ദീഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒരു വ്യക്തിയും സംഘടനയെക്കാള്‍ വലുതല്ല. നാലുപേരേക്കാള്‍ വലുതാണ് 400 പേരുള്ള സംഘടന. പുറത്തുപോയവര്‍ പുറത്തുപോയവര്‍ തന്നെയാണ്. പരാതികളുണ്ടെങ്കില്‍ സംഘടനയില്‍ വരാം. അവിടെ വന്ന് പരാതി പറയാം.
സംഘടനയുടെ അംഗമായവര്‍ സംഘടനയെയും അധ്യക്ഷനെയും അപമാനിക്കുന്നത് അംഗീകരിക്കില്ല. ഇവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. മോഹന്‍ലാല്‍ നടിയെന്ന് വിളിച്ച് ആക്ഷേപിച്ച നടി 24 വര്‍ഷത്തില്‍ ഒരിക്കല്‍ പോലും അമ്മ ജനറല്‍ ബോഡി യോഗത്തിന് വന്നിട്ടില്ലെന്നും സിദ്ദീഖ് ആരോപിച്ചു.
മോഹന്‍ലാലിനെയോ, മമ്മൂട്ടിയെയോ, ദിലീപിനെയോ ജനങ്ങളുടെ മനസില്‍നിന്നു പറിച്ചുകളയാന്‍ മൂന്നോ നാലോ നടിമാര്‍ വിചാരിച്ചാല്‍ സാധിക്കില്ല. ദിലീപിനെ റേപ്പിസ്റ്റ് എന്നാണ് ഒരു നടി വിശേഷിപ്പിച്ചത്. ദിലീപ് കുറ്റാരോപിതന് മാത്രമാണ്. ഇത്തരം പ്രയോഗങ്ങള്‍ നടത്തുമ്പോള്‍ മിനിമം മര്യാദ വേണമെന്നും സിദ്ദീഖ് പറഞ്ഞു. ജനറല്‍ ബോഡി ഉടനെ വിളിച്ചു ചേര്‍ക്കില്ല. ജൂണ്‍ അവസാനം മാത്രമേ അമ്മയുടെ ജനറല്‍ ബോഡി ഇനി ചേരുകയുള്ളൂ.
അടിയന്തരമായി ജനറല്‍ ബോഡി ചേരണമെങ്കില്‍ മൂന്നില്‍ ഒന്ന് അംഗങ്ങളും ആ കാര്യം ആവശ്യപ്പെടണം. ദിലീപ് തന്റെ അവസരം മുടക്കിയെന്ന് നടിക്ക് പരാതിയുണ്ടെങ്കില്‍ അക്കാര്യം അവര്‍ തുറന്നുപറയണം. അവസരം മുടക്കി എന്നൊക്കെയുള്ള ആരോപണങ്ങള്‍ മാത്രമാണ് എല്ലാവരും പറയുന്നത് ഇതില്‍ വ്യക്തത വേണം. കൃത്യമായി കാര്യങ്ങള്‍ പറയട്ടെ. ഞങ്ങള്‍ പ്രതികരിക്കുകയും നടപടിയെടുക്കുകയും ചെയ്യുമെന്നും സിദ്ദീഖ് പറഞ്ഞു.
മോഹന്‍ലാലൊക്കെ ആരാണെന്ന് ഇവിടുത്തെ ജനങ്ങള്‍ക്കറിയാം. ഇവരൊന്നും വിചാരിച്ചാല്‍ ലാലിനെ തൊടാനാവില്ലെന്നും സിദ്ദീഖ് ഓര്‍മിപ്പിച്ചു.
ദിലീപിന്റെ രാജിക്കത്ത് കിട്ടിയിട്ടുണ്ട്. കഴിഞ്ഞ മാസം പത്തിനാണ് സംഘടനയില്‍നിന്ന് ഒഴിയുന്നതായി കാണിച്ച് ദിലീപ് കത്തു നല്‍കിയത്. തന്റെ പേര് പറഞ്ഞ് സംഘടനയില്‍ സംഘര്‍ഷം വേണ്ടെന്ന് പറഞ്ഞാണ് ദിലീപ് കത്തു നല്‍കിയത്. അതു പുറത്തുവരുമോ എന്ന് പേടിച്ചാണോ ഇവര്‍ കത്ത് നല്‍കിയത് എന്നുപോലും താന്‍ സംശയിക്കുന്നു.
എന്തായാലും അമ്മയുടെ അടുത്ത ജനറല്‍ ബോഡി ജൂണ്‍ അവസാനമേ ഉണ്ടാവൂ. സംഘടനയുടെ അധ്യക്ഷനെതിരേ വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി ആക്ഷേപം ഉന്നയിച്ച സംഭവത്തില്‍ എന്തായാലും നടപടി ഉണ്ടാവുമെന്നും സിദ്ദീഖ് പറഞ്ഞു.
ജനറല്‍ ബോഡി ഉടനെ വിളിച്ചു ചേര്‍ക്കുന്ന കാര്യം പരിഗണിക്കുമെന്ന രീതിയില്‍ ജഗദീഷ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിനെക്കുറിച്ച് അറിയില്ല. ദിലീപിന്റെ വിഷയവും തിലകന്റെ വിഷയവും രണ്ടും രണ്ടാണ്.
സരിത എസ്. നായര്‍ എത്ര ആളുകള്‍ക്കെതിരേ ആരോപണം ഉന്നയിച്ചു അവരോടെല്ലാം വീട്ടില്‍ പോയിരിക്കാനാണോ പറഞ്ഞത്. കോടതി ശിക്ഷിക്കട്ടെ, ദിലീപിനെതിരായ നടപടിയെക്കുറിച്ച് അപ്പോള്‍ ആലോചിക്കാമെന്നും സിദ്ദീഖ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."