ചേകന്നൂര്‍ മൗലവി തിരോധാനം; ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു
കൊച്ചി: ചേകന്നൂര്‍ മൗലവി തിരോധാനക്കേസില്‍ സി.ബി.ഐ കോടതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച ഒന്നാം പ്രതി പി.വി ഹംസയെ ഹൈക്കോടതി വെറുതെ വിട്ടു. മൗലവി കൊല്ലപ്പെട്ടുവെന്നത് അനുമാനം മാത്രമാണെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ഇതോടെ കേസിലെ എല്ലാ പ്രതികളും കുറ്റവിമുക്തരായി.
കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതിയാണ് 2010ല്‍ ഹംസക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. എന്നാല്‍, മൗലവി മരിച്ചെന്നതിന് ഒരു തെളിവുമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസില്‍ ഉള്‍പ്പെട്ട മറ്റ് എട്ട് പ്രതികളെ വിചാരണ വേളയില്‍ സി.ബി.ഐ കോടതി വെറുതെ വിട്ടിരുന്നു. എന്നാല്‍, ഒന്നാം പ്രതിയായ ഹംസക്കെതിരേ കൊലപാതകം ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു സി.ബി.ഐ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്.
1993 ജൂലായ് 29നാണ് ചേകന്നൂര്‍ മൗലവിയെ മതപ്രഭാഷണത്തിനെന്ന് പറഞ്ഞ് ഒരു സംഘം മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്തുള്ള ചേകന്നൂരിലെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോകുന്നത്. പിന്നീട് അദ്ദേഹം തിരിച്ചുവന്നിട്ടില്ല. മൗലവി കൊല്ലപ്പെട്ടെന്ന നിഗമനത്തിലാണ് ലോക്കല്‍ പൊലിസും ക്രൈംബ്രാഞ്ചും പിന്നീട് സി.ബി.ഐയും കേസ് അന്വേഷിച്ചത്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉള്‍പ്പെടെ പത്തു പേരെ കേസില്‍ പ്രതി ചേര്‍ത്തെങ്കിലും കാന്തപുരത്തെ പിന്നീട് കോടതി പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. മൗലവി കൊല്ലപ്പെട്ടെന്നു സി.ബി.ഐ കോടതി സ്ഥിരീകരിക്കുമ്പോഴും മൃതദേഹം കണ്ടെത്താനായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കൊല്ലപ്പെട്ടു എന്നത് അനുമാനം മാത്രമാണെന്നു ചൂണ്ടിക്കാട്ടിയുള്ള ഹൈക്കോടതിയുടെ നടപടി.
അതേ സമയം കേസില്‍ നീതി ലഭിച്ചില്ലെന്നും നിയമ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് മേല്‍ നടപടി സ്വീകരിക്കുമെന്നും ചേകന്നൂര്‍ മൗലവിയുടെ ബന്ധുക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."