യു.പി സ്‌കൂളുകളില്‍ ഹൈടെക് ലാബുകള്‍; 300 കോടിയുടെ പദ്ധതി തയാറാക്കി കൈറ്റ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളുള്ള മുഴുവന്‍ സ്‌കൂളുകളിലും ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്നതിനുള്ള 300 കോടിയുടെ വിശദ പ്രോജക്ട് റിപ്പോര്‍ട്ട് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) തയാറാക്കി.
ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച കിഫ്ബി ധനസഹായത്തോടെ നടപ്പാക്കേണ്ട പദ്ധതി ആറു മാസത്തിനകം പൂര്‍ത്തിയാക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് സര്‍ക്കാരിനു സമര്‍പ്പിച്ചത്. എട്ടു മുതല്‍ 12 വരെയുള്ള 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കി മാറ്റിയതിന്റെ തുടര്‍ച്ചയായാണ് പുതിയ പദ്ധതി.
ഇതനുസരിച്ച് സര്‍ക്കാര്‍ എയ്ഡഡ് മേഖലകളില്‍നിന്നുള്ള 5396 പ്രൈമറി, 2565 അപ്പര്‍ പ്രൈമറി, 1980 ഹൈസ്‌കൂളിന്റെ ഭാഗമായുള്ള പ്രൈമറി അപ്പര്‍ പ്രൈമറി സ്‌കൂളുകള്‍ക്കു രണ്ടു മുതല്‍ 20 വരെ ലാപ്‌ടോപ്പുകള്‍, യു.എസ്.ബി സ്പീക്കറുകള്‍, പ്രോജക്ടറുകള്‍, മള്‍ട്ടിഫങ്ഷന്‍ പ്രിന്റര്‍, 42'ഇഞ്ച് ടെലിവിഷന്‍ തുടങ്ങിയവ ലഭ്യമാക്കും. എല്ലാ സ്‌കൂളുകളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ഏര്‍പ്പെടുത്തും. ഒരു ഡിവിഷനില്‍ ശരാശരി ഏഴു കുട്ടികളുള്ള മുഴുവന്‍ സ്‌കൂളുകളും പദ്ധതിക്ക് കീഴില്‍ വരും.
സ്‌പെഷ്യല്‍ സ്‌കൂളുകള്‍, ട്രൈബല്‍ മേഖലയിലെ സ്‌കൂളുകള്‍ തുടങ്ങിയവയെ നിബന്ധനകളില്‍ നിന്നൊഴിവാക്കി.2019 ജൂണ്‍ ഒന്നിനു മുമ്പ് കേരളം വിദ്യാഭ്യാസ രംഗത്തെ പൂര്‍ണമായും ഡിജിറ്റല്‍ ആകുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി മാറുമെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."