HOME
DETAILS
MAL
വിഭജന വിരുദ്ധതയുടെ വിസ്മൃത നായകന്‍
backup
August 14 2019 | 22:08 PM
ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ രണ്ടു സ്വാതന്ത്ര്യദിനങ്ങള്‍ ഉണ്ടെന്ന് പറയാം. ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യ യുദ്ധം എന്നറിയപ്പെടുന്ന 1857ല്‍ കലാപകാലത്ത് വിപ്ലവകാരികള്‍ ഇന്ത്യയെ ബ്രിട്ടിഷുകാരില്‍ നിന്ന് സ്വതന്ത്രമായി പ്രഖ്യാപിച്ച് മുഗള്‍ ചക്രവര്‍ത്തി ബഹാദൂര്‍ ഷാ സഫറിനെ ഇന്ത്യയുടെ ഭരണാധിപനായി പ്രഖ്യാപിച്ച 1857 മെയ് 13 ആണ് ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യദിനം. മുസ്‌ലിംകളും ഹിന്ദുക്കളുമെല്ലാം തോളോട് തോള്‍ ചേര്‍ന്ന് നടത്തിയ ആ വിപ്ലവകാലത്ത് അലയടിച്ച വിപ്ലവഗീതം, അസിമുല്ല ഖാന്‍ രചിച്ച 'പായാമെ ആസാദി ' എന്ന സമരഗാനമായിരുന്നു.
'ഹിന്ദു-മുസല്‍മാന്‍-സിഖ് ഹമാരാ ഭായിഭായി പ്യാരാ
യെഹ് ഹൈ ആസാദി ക ജണ്ഡ, ഇസെ സലാം ഹമാരാ'
(ഹിന്ദു, മുസല്‍മാന്‍, സിഖ് ഞങ്ങളെല്ലാം പ്രിയപ്പെട്ട സഹോദരങ്ങളാണ്
ഇത് നിങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ പതാകയാണ് , ഞങ്ങളതിനെ നമിക്കുന്നു)
ഈ മതാതീത സാഹോദര്യമാണ് തങ്ങള്‍ക്കുള്ള യഥാര്‍ഥ ഭീഷണി എന്നു ബ്രിട്ടിഷ് സാമ്രാജ്യത്വം മനസിലാക്കി. 'വിഭജിച്ചു ഭരിക്കുക'' എന്ന തന്ത്രം അവര്‍ പയറ്റി. ഈ തന്ത്രം വിജയിക്കുകയും ഹിന്ദു-മുസ്‌ലിം അനൈക്യം ഇന്ത്യന്‍ സ്വാതന്ത്ര്യ പൊന്‍പുലരിയെ രക്തപങ്കിലമാക്കുകയും ചെയ്തു. വിഭജനത്തിന്റെ വാള്‍മുന രക്തം തെറിപ്പിച്ചു കൊണ്ട് ഇന്ത്യയെ രണ്ടായി പകുത്തു. അങ്ങനെ 1947 ഓഗസ്റ്റ് 15 എന്ന രണ്ടാം സ്വാതന്ത്ര്യ ദിനം ഇരുള്‍ മൂടിയതായി തീര്‍ന്നു. 'സുബ്ഹ്-ഇ-ആസാദി' എന്ന കവിതയില്‍, വിഭജനത്തിന്റെ കരിമേഘങ്ങള്‍ മറച്ച സ്വാതന്ത്ര്യ പുലരിയില്‍, ഉറുദു കവി ഫെയ്‌സ് അഹമ്മദ് ഫെയ്‌സ് ഇങ്ങനെ വിലപിച്ചു :
'ഇരുള്‍ മൂടിയ, രാത്രിയുടെ കറ പറ്റിയ
ഈ പ്രഭാതത്തെയല്ല ഞാന്‍ വ്യഗ്രതയോടെ കാത്തിരുന്നത് !
ഞങ്ങളുടെ ഹൃദയങ്ങളില്‍ ഞങ്ങള്‍ താലോലിച്ച
പുലരി തീര്‍ച്ചയായും ഇതല്ല !'
വിഭജനം, ഏറെ ഔത്സുക്യത്തോടെ കാത്തിരുന്ന സ്വാതന്ത്ര്യത്തിന്റെ നിറം കെടുത്തി കളഞ്ഞു.
ഇന്ത്യാ വിഭജനത്തെ പറ്റി ഒട്ടേറെ മിഥ്യധാരണകള്‍ നിലവിലുണ്ട്. ഇന്ത്യന്‍ മുസ്‌ലിം ജനത ഒറ്റക്കെട്ടായി വിഭജനത്തിനായി നിലകൊണ്ടു എന്നതാണ് അതിലൊന്ന്. ഗാന്ധിജിയെ പോലെ തന്നെ മൗലാനാ അബുല്‍ കലാം ആസാദും വിഭജനത്തിന് എതിരായിരുന്നു. വിഭജനം ഒഴിവാക്കാന്‍ ആസാദ് നടത്തിയ കഠിന പ്രയത്‌നം അദ്ദേഹം 'ഇന്ത്യാ വിന്‍സ് ഫ്രീഡം' എന്ന തന്റെ ഓര്‍മകുറിപ്പുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യാ വിഭജനം ഒഴിവാക്കുന്നതിനും മതേതര അഖണ്ഡഭാരതത്തെ പരിപാലിക്കുന്നതിനും സ്വന്തം ജീവന്‍ തന്നെ ബലി നല്‍കി പോരാടിയ മറ്റൊരു മഹാത്മാവാണ് അല്ലാഹ് ബാക്ഷ് സൂമ്രോ (1900-1943). അദ്ദേഹം നേതൃത്വം നല്‍കിയ ഓള്‍ ഇന്ത്യ ആസാദ് മുസ്‌ലിം കോണ്‍ഫറന്‍സ് വിഭജനത്തെ എതിര്‍ത്ത മുസ്‌ലിം സംഘടനകളുടെ അഖിലേന്ത്യ ഐക്യവേദിയായിരുന്നു.
ദ്വിരാഷ്ട്ര വാദത്തിനും പാകിസ്താന്‍ എന്ന ആശയത്തിനും എതിരേ മുസ്‌ലിം മതേതര വിശ്വാസികളെ സംഘടിപ്പിച്ച് ധീരമായി പോരാടി എന്നതാണ് അല്ലാഹ് ബക്ഷ് സൂമ്രോയെ ചരിത്രത്തില്‍ അദ്വിതീയനാക്കുന്നത്.
1940 മാര്‍ച്ച് 23നു ലാഹോറില്‍ വെച്ച് മുസ്‌ലിം ലീഗ് പാകിസ്താന്‍ വിഭജനത്തെ അനുകൂലിച്ച് പ്രമേയം പാസാക്കി അഞ്ച് ആഴ്ചകള്‍ക്കുള്ളില്‍ അല്ലാഹ് ബക്ഷ് അതിനെതിരേ ആസാദ് മുസ്‌ലിം കോണ്‍ഫറന്‍സിന്റെ സമ്മേളനം വിളിച്ചു കൂട്ടി. വരേണ്യ മുസ്‌ലിം ജനത മുസ്‌ലിം ലീഗിനൊപ്പം നിലകൊണ്ടപ്പോള്‍, അല്ലാഹ് ബക്ഷ് സൂമ്രോവിനോടൊപ്പം നിലകൊണ്ടത് മുസ്‌ലിംകളിലെ തൊഴിലാളികളും അടിസ്ഥാന വര്‍ഗവുമായിരുന്നു. ഡല്‍ഹില്‍ 1940 ഏപ്രില്‍ 27 -30 തിയതികളില്‍ നടന്ന കോണ്‍ഫറന്‍സ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജംഇയത്തുല്‍ ഉലമഇഹിന്ദ്, ഓള്‍ ഇന്ത്യ മുഅ്മിന്‍ കോണ്‍ഫറന്‍സ്, ഓള്‍ ഇന്ത്യ മജ്‌ലിസെ അഹ്‌റാര്‍, ഓള്‍ ഇന്ത്യ ശിയാ പൊളിറ്റിക്കല്‍ കോണ്‍ഫറന്‍സ്, പഖ്ത്തൂനിസ്ഥാനിലെ ഖുദായി ഖിദ്മദ്ഗര്‍, ബംഗാള്‍ കര്‍ഷക് പ്രജാ പാര്‍ട്ടി, ഓള്‍ ഇന്ത്യ മുസ്‌ലിം പാര്‍ലമെന്ററി ബോര്‍ഡ്, ബലൂചിസ്ഥാനിലെ അഞ്ച്മാനെ വത്തന്‍, ഓള്‍ ഇന്ത്യ മുസ്‌ലിം മജ്‌ലിസ്, ജംഇയത്തുല്‍ അഹ്ലെ ഹദീസ് എന്നീ സംഘടനകളാണ് ആസാദ് മുസ്‌ലിം കോണ്‍ഫറന്‍സില്‍ അണിനിരന്നത്.
ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഇതില്‍ പങ്കെടുത്തു. ഖിലാഫത്ത് പ്രസ്ഥാനത്തെ അനുസ്മരിപ്പിക്കുന്ന ആവേശവും ജനപങ്കാളിത്തവും ഈ പ്രസ്ഥാനത്തിന് ആര്‍ജിക്കാനായി എന്നാണ് 'ദി ബോംബൈ ക്രോണിക്കിള്‍' റിപ്പോര്‍ട്ട് ചെയ്തത്.
ഡല്‍ഹി സമ്മേളനത്തില്‍ അധ്യക്ഷനായി അല്ലാഹ് ബക്ഷ് സൂമ്രോ ഇങ്ങനെ പ്രസ്താവിച്ചു: 'നമ്മുടെ വിശ്വാസം എന്തുതന്നെ ആയാലും ഈ രാജ്യത്ത് നമ്മള്‍ പൂര്‍ണ മൈത്രിയുടെ അന്തരീക്ഷത്തില്‍ ജീവിക്കാന്‍ നാം ബാധ്യസ്ഥരാണ്. വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധം ഒരു കൂട്ടുകുടുംബത്തിലെ പല അംഗങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് തുല്യമാണ്. എല്ലാവര്‍ക്കും അവരുടെ വിശ്വാസത്തിന് അനുസരിച്ചു ജീവിക്കാനുള്ള അവകാശമുണ്ട്. എല്ലാവര്‍ക്കും കുടുംബ സ്വത്തില്‍ തുല്യമായ അവകാശവുമുണ്ട്.'
ഇന്ത്യയുടെ സഞ്ചിത സംസ്‌കാരത്തെ ഉയര്‍ത്തിക്കാണിച്ചു കൊണ്ട് അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു: 'ആയിരമോ അതിലധികമോ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഒരു സഞ്ചിത സംസ്‌കാരമാണ് ഇന്ത്യക്കുള്ളത്. അതിന്റെ നിര്‍മിതിയില്‍ മുസ്‌ലിംകളും ഹിന്ദുക്കളും സക്രിയമായ പങ്ക് വഹിച്ചിട്ടുണ്ട്. ആ സഞ്ചിത സംസ്‌കാരത്തില്‍ നിന്ന് മുസ്‌ലിം സംസ്‌കാരത്തെ ഒരു കൃത്രിമ രാഷ്ട്രം നിര്‍മിക്കുക വഴി വേര്‍തിരിച്ചെടുക്കാനാവില്ല. ഇന്ത്യയുടെ കല, സാഹിത്യം, വാസ്തുവിദ്യ, സംഗീതം, ചരിത്രം, തത്വചിന്ത, ഭരണ വ്യവസ്ഥ എന്നിവ രൂപീകരിക്കുന്നതില്‍ മുസ്‌ലിംകള്‍ ആയിരത്തില്‍ അധികം വര്‍ഷമായി സംഭാവന അര്‍പ്പിക്കുന്നുണ്ട്. ഈ സഞ്ചിത സംസ്‌കൃതിയില്‍ നിന്ന് രാഷ്ട്രത്തിന്റെ രണ്ടു വശങ്ങളിലേക്ക് മുസ്‌ലിംകള്‍ പിന്മാറുന്നത് നാഗരികതക്ക് തന്നെ വന്‍ നഷ്ടമായിരിക്കും. ഇന്ത്യ അതിന്റെ പൂര്‍ണതയില്‍ നമ്മുടെ മാതൃഭൂമിയാണ്, അതിന്റെ എല്ലാ ജീവിത മേഖലകളിലും നമ്മള്‍ പങ്കാളികളാണ്. ഈ മഹത്തായ രാഷ്ട്രത്തിന്റെ തുല്യ സന്താനങ്ങള്‍ എന്ന പദവി ഉപേക്ഷിക്കാന്‍ നമ്മെ ഒരു മിഥ്യാവികാരവും പ്രേരിപ്പിക്കില്ല''.
ഡല്‍ഹി കോണ്‍ഫറന്‍സ് വിഭജനത്തിനെതിരേ പ്രമേയം പാസാക്കുകയും ഷൗക്കത്തുല്ല ഷാ അന്‍സാരിയെ സംഘടനയുടെ കാര്യദര്‍ശിയായി തെരഞ്ഞെടുക്കുകയും ചെയ്തു. സംഘടന രാജ്യവ്യാപകമായി വിഭജനത്തിനെതിരേ പ്രചാരണം നടത്തി. ഡല്‍ഹി സമ്മേളനത്തിന്റെ വിജയകരമായ സമാപനത്തോടെ തങ്ങളാണ് ഇന്ത്യന്‍ മുസ്‌ലിം ജനതയുടെ ഏക ആധികാരിക വക്താക്കള്‍ എന്ന മുസ്‌ലിം ലീഗിന്റെ വാദം ലോകത്തിനു മുന്‍പില്‍ ദുര്‍ബലമായി. എന്നാല്‍ 1941ല്‍ അല്ലാഹ് ബക്ഷ് സൂമ്രോ സിന്ധ് മുഖ്യമന്ത്രിയായതോടെ അദ്ദേഹത്തിന് ആസാദ് മുസ്‌ലിം കോണ്‍ഫറന്‍സിന് പൂര്‍ണ ശ്രദ്ധ നല്‍കാനായില്ല. മുസ്‌ലിം ലീഗും ബ്രിട്ടിഷ് ഭരണകൂടവും ശത്രുതയോടെയാണ് പെരുമാറിയത്. കോണ്‍ഗ്രസ് ആകട്ടെ കാര്യമായ പിന്തുണ നല്‍കിയതുമില്ല. 1943ല്‍ അല്ലാഹ് ബക്ഷ് സൂമ്രോ കൊല്ലപ്പെട്ടതോടെ ആസാദ് മുസ്‌ലിം കോണ്‍ഫറന്‍സ് അനാഥമായി.
1942ല്‍ ക്വിറ്റ് ഇന്ത്യ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ബ്രിട്ടിഷ് ഭരണകൂടം നല്‍കിയ ഖാന്‍ ബഹാദൂര്‍, ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടിഷ് എംപയര്‍ എന്നീ പദവികള്‍ അല്ലാഹ് ബക്ഷ് സൂമ്രോ ഉപേക്ഷിക്കുകയുണ്ടായി. ഇതേ തുടര്‍ന്ന് ബ്രിട്ടിഷ് ഭരണകൂടം അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തിന് നിന്ന് പുറത്താക്കി. തല്‍സ്ഥാനത്ത് മുസ്‌ലിം ലീഗ്-ഹിന്ദു മഹാസഭ കൂട്ടുകക്ഷി മന്ത്രിസഭ അധികാരത്തില്‍ വന്നു. ഇത് വഴി സിന്ധില്‍ ലീഗിന് സ്വാധീനം ലഭിച്ചു.
1943 മെയ് 14 ന് സിന്ധിലെ ശിക്കാര്‍പുരില്‍ വച്ച് അല്ലാഹ് ബക്ഷ് സൂമ്രോ ഒരു വാടക കൊലയാളിയാല്‍ കൊല്ലപ്പെട്ടു. സിന്ധിലെ മുസ്‌ലിം ലീഗ് നേതാവും മന്ത്രിയുമായ മുഹമ്മദ് അയ്യൂബ് ഖുഹ്‌റോയാണ് കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നാരോപിക്കപ്പെട്ടു. എന്നാല്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ അദ്ദേഹത്തെ കോടതി വെറുതെ വിടുകയാണുണ്ടായത്. മതേതര അഖണ്ഡ ഭാരതം എന്ന ആശയത്തിന്റെ അള്‍ത്താരയില്‍ അല്ലാഹ് ബക്ഷ് സൂമ്രോയുടെ ജീവന്‍ ബലിയര്‍പ്പിക്കപ്പെട്ടു. ഇന്ത്യയുടെ ആകാശം വീണ്ടും വര്‍ഗീയതയുടെ അമ്ലമേഘങ്ങളാല്‍ അന്ധകാരാവൃതമാകുമ്പോള്‍, അല്ലാഹ് ബക്ഷ് സൂമ്രോയുടെ സ്മരണകള്‍ ഒരു മണ്‍ചെരാത് പോലെ വെളിച്ചം തൂവുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."