ഹയര്‍സെക്കന്‍ഡറി: ആളില്ലാ കസേരകളെക്കുറിച്ച് വിദ്യാഭ്യാസവകുപ്പിന് കണക്കില്ല
മലപ്പുറം: അധ്യാപകക്ഷാമം കാരണം പഠനപ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയ സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ഒഴിവു സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പിന്റെ കൈയില്‍ കണക്കില്ല. സ്ഥലംമാറ്റ ഉത്തരവു മൂലവും അല്ലാതെയും സംസ്ഥാനത്തെ ആയിരക്കണക്കിന് സ്‌കൂളുകളിലെ ഒഴിവുകള്‍, തസ്തിക എന്നിവയെക്കുറിച്ചാണ് സംസ്ഥാന ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ യാതൊരു വിവരവും ലഭ്യമല്ലാത്തത്.
അധ്യപകരില്ലാത്തതുമൂലം ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പഠനം കടുത്ത പ്രതിന്ധിയിലായിരിക്കുയാണെന്ന് കഴിഞ്ഞ ദിവസം സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ ഒഴിവു സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ അധ്യാപകരുടെ സ്ഥലംമാറ്റം, റിട്ടയര്‍മെന്റ്, ശൂന്യവേതനാവധി, ഡെപ്യൂട്ടേഷന്‍, വിടുതല്‍, മറ്റ് കാരണങ്ങള്‍ എന്നിവമൂലം ഉണ്ടായ ഒഴിവുകള്‍ സംബന്ധിച്ച വിവരം ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ കൃത്യമായി അറിയിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ പല ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരും വീഴ്ചവരുത്തി. കൂടാതെ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ പുനര്‍വിന്യാസം സംബന്ധിച്ച ഉത്തരവിലെ അവ്യക്തതകള്‍മൂലവും, സ്ഥലംമാറേണ്ട പലരും ട്രൈബ്യൂണല്‍ ഉത്തരവിന്റെ ആനുകൂല്യത്തില്‍ അതത് സ്‌കൂളുകളില്‍ തുടര്‍ന്നതും സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. പലയിടത്തും അധ്യാപകരില്ലാതായപ്പോള്‍ ചിലയിടങ്ങളില്‍ ഒരേവിഷയത്തിന് ഒന്നിലധികം പേര്‍ ജോലി ചെയ്യുന്നുണ്ട്. ഇതാണ് അധ്യാപകരുടെ എണ്ണം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഹയര്‍സെക്കന്‍ഡറി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇല്ലാതിരിക്കാന്‍ കാരണം.
പി.എസ്.സി വഴി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കു പുറമേ താഴേ തട്ടുകളില്‍ നിന്ന് ട്രാന്‍സ്ഫര്‍ മുഖാന്തരവും ഹയര്‍ സെക്കന്‍ഡറിയില്‍ അധ്യാപക നിയമനം നടക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരോ തസ്തികയിലും ജോലിയില്‍ പ്രവേശിക്കുന്നവര്‍, സ്ഥലം മാറ്റം ലഭിച്ച് പോകുന്നവര്‍, ശൂന്യവേതനാവധിയില്‍ പ്രവേശിക്കുന്നവര്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും അധ്യാപകരുടെ സര്‍വിസുമായി ബന്ധപ്പെട്ട മറ്റു വിശദാംശങ്ങളും ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ അടിയന്തരമായി വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. നിര്‍ദേശിച്ചതുപ്രകാരമുള്ള അധ്യാപകരുടെ വിവരങ്ങള്‍ ഈ മാസം എട്ടിന് രാവിലെ 10 നകം നല്‍കാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ എം.എസ് ജയ മുഴുവന്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും അറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."