ടെന്‍ഡര്‍ പിടിച്ചെടുത്ത് ഇടനിലക്കാര്‍ കൊയ്യുന്നത് കോടികള്‍
കൊണ്ടോട്ടി: ഹജ്ജ് സര്‍വിസിന്റെ മറവില്‍ ഹജ്ജ് ടെന്‍ഡര്‍ പിടിച്ചെടുത്ത് ഡല്‍ഹിയില്‍ ഇടനിലക്കാര്‍ കൊയ്യുന്നത് കോടികള്‍. ഇന്ത്യയിലെ ഹജ്ജ് സര്‍വിസുകളുടെ കരാര്‍ പോര്‍ച്ചുഗീസ് കമ്പനിയായ യൂറോ അത്‌ലാന്‍ഡിക്കിനാണ് വര്‍ഷങ്ങളായി ലഭിക്കുന്നത്.
ഡല്‍ഹിയിലെ ഈ ഇടപാടിന് പിന്നില്‍ രണ്ടു ഇടനിലക്കാരാണ് പ്രവര്‍ത്തിക്കുന്നത്. ഹജ്ജ് ടെന്‍ഡര്‍ വരുന്നതുമുതല്‍ സീസണ്‍ അവസാനിക്കുന്നതുവരെ ഇടനിലക്കര്‍ രംഗത്ത് സജീവമാണ്.സിവില്‍ ഏവിയേഷന്‍, എയര്‍ ഇന്ത്യ, ഹജ്ജ് കമ്മിറ്റി ഓഫിസുകള്‍ എന്നിവിടങ്ങളിലാണ് ഇവരുടെ സാന്നിധ്യമുണ്ടാവുക. ഇവര്‍ മുഖേനയാണ് എയര്‍ഇന്ത്യക്ക് വേണ്ടി ഹജ്ജ് സര്‍വിസിനായി വിമാനങ്ങള്‍ വാടകക്കെടുക്കുന്നത്.
വിമാനങ്ങള്‍, ജീവനക്കാര്‍, മെയിന്റനന്‍സ്, ഇന്‍ഷ്വറന്‍സ് എന്നിവ പൂര്‍ണമായും ഇടനിലക്കാര്‍ ഏറ്റെടുക്കുന്നു. 800 മുതല്‍ 900വരെ ഡോളറിനു ഇടയിലാണ് വാടകത്തുക നിശ്ചയിക്കുക. എന്നാല്‍ ഇത് പിന്നീട് മാറിമറിഞ്ഞ് ഹജ്ജ് കമ്മിറ്റിയുടെ കൈകളിലെത്തുമ്പോള്‍ 1400-1500 ഡോളര്‍വരെയാകുന്നു. ഇതോടെ സീസണിലേക്കാളും വലിയതുക ഹജ്ജ് സര്‍വിസിന് വിമാന കമ്പനികള്‍ക്ക് നല്‍കേണ്ടിവരുന്നു.
ഹജ്ജ് സര്‍വിസിന് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ടെന്‍ഡര്‍ വിളിച്ച് വിമാനം വടകക്കെടുത്ത് നടത്തിയാലും നിരക്ക് ഇത്രയുമാവില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഹജ്ജ് സീസണ്‍ ഒഴികെ മറ്റു സമയങ്ങളിലെല്ലാം ഉംറ തീര്‍ഥാടനത്തിനായി മക്കയിലേക്ക് പോകുന്നവര്‍ നിരവധിയാണ്. 15 ദിവസത്തിനും ഒരു മാസത്തിനുമാണ് ഉംറ നിരക്ക് ഈടാക്കുന്നത്. 50,000 മുതല്‍ 80,000വരെ നല്‍കിയാല്‍ ഉംറ തീര്‍ഥാടനത്തിന് പോകാം.എന്നാല്‍ ഹജ്ജിന് 40 ദിവസത്തേക്ക് നല്‍കേണ്ടത് സര്‍ക്കാര്‍ മുഖേന രണ്ടരലക്ഷം മുതല്‍ മൂന്ന് ലക്ഷംവരെയാണ്. സര്‍ക്കാരിനു ലഭിക്കുന്ന ഹജ്ജ് സീറ്റുകളില്‍ വിമാന സര്‍വിസുകള്‍ പകുതി സഊദി എയര്‍ലൈന്‍സും പകുതി എയര്‍ഇന്ത്യയുമാണ് കാലങ്ങളായി നേടിയെടുക്കുന്നത്. ഇതില്‍ സഊദിയുടെ വിഹിതം സഊദി എയര്‍ലെന്‍സും ഇവരുടെ ഉപകമ്പനിയായ ഫ്‌ളൈനാസും പൂര്‍ണമായും പ്രയോജനപ്പെടുത്തി കൊണ്ടുപോവുന്നു. എന്നാല്‍ എയര്‍ഇന്ത്യയുടെ എല്ലാവര്‍ഷവും ടെന്‍ഡര്‍ ക്ഷണിച്ചു സ്വകാര്യ വിമാന കമ്പനികള്‍ക്ക് മറിച്ചുനല്‍കുകയാണ് ചെയ്യുന്നത്.
ഈ വര്‍ഷം വിമാന ടിക്കറ്റ് നിരക്കുകള്‍ ഏറ്റവും കുറഞ്ഞത് മുംബൈയില്‍ നിന്നുളള 64,021 രൂപയും ഏറ്റവും കൂടിയയത് ഗുവാഹത്തിയില്‍ നിന്നുളള 1,22,762 രൂപയുമാണ്. വാടക്കെടുത്ത വിമാനം ഹജ്ജ് വേളയില്‍ രണ്ടു തവണ യാത്രക്കാരില്ലാതെ പറക്കുന്നതിലാണ് നിരക്ക് ഈടാക്കുന്നതെന്നാണ് വിമാന കമ്പനികളുടെയും കരാറുകാരുടെയും വാദം. എന്നാല്‍ വിമാനം കാലിയായി പറത്തുമ്പോള്‍ ഓപ്പറേഷന്‍ ചെലവില്‍ വ്യതാസമുണ്ടെന്ന വസ്തുത മറച്ചുവയ്ക്കുകയാണ് ഇവര്‍ ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."