കോര്‍പറേഷന്‍: പ്രതിപക്ഷത്തെ സഹകരിപ്പിക്കുന്നില്ലെന്ന് ആക്ഷേപം
കോഴിക്കോട്: കോര്‍പറേഷനിലെ വിവിധ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷത്തെ അവഗണിക്കുകയാണെന്ന് ശക്തമായ ആക്ഷേപം. ഇന്നലെ നടന്ന കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിലാണു പ്രതിപക്ഷം പരാതി ഉന്നയിച്ചത്. പലപ്പോഴും ഇതു യോഗത്തെ ബഹളമയമാക്കി.
മിഠായിത്തെരുവിലെ വാഹന നിയന്ത്രണം, വയോജന സൗഹൃദ നഗരസഭാ പ്രഖ്യാപനത്തിന്റെ തുടര്‍ പരിപാടികള്‍ക്കായി കമ്മിറ്റി രൂപീകരിച്ചത് തുടങ്ങി വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷവുമായി കൂടിയാലോചന നടത്തിയില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ കുറ്റപ്പെടുത്തി. മിഠായിത്തെരുവില്‍ വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയത് കൗണ്‍സില്‍ എടുത്ത തീരുമാനപ്രകാരമായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ അവിടെ സര്‍വേ നടത്തുന്ന കാര്യം കൗണ്‍സിലിനെ അറിയിച്ചില്ലെന്നും പ്രതിപക്ഷത്തെ സി. അബ്ദുറഹിമാന്‍ ചൂണ്ടിക്കാട്ടി. വയോജനങ്ങളുമായി ബന്ധപ്പെട്ട കമ്മിറ്റി രൂപീകരിച്ച വിഷയം അജന്‍ഡയില്‍ നിന്ന് മാറ്റിവയ്ക്കണമെന്നും പ്രതിപക്ഷവുമായി കൂടിയാലോചന നടത്തണമെന്നുമുള്ള ആവശ്യം പലരും ഉയര്‍ത്തിയെങ്കിലും അവസാനം വോട്ടിനിട്ട് കമ്മിറ്റി രൂപീകരിച്ചത് പാസാക്കുകയായിരുന്നു.
എല്ലാ കൗണ്‍സില്‍ യോഗങ്ങളിലും ചര്‍ച്ചയാവുന്ന ക്ഷേമപെന്‍ഷന്‍, വീടുനിര്‍മാണം, കക്കൂസ് നിര്‍മാണം തുടങ്ങിയ വിഷയങ്ങള്‍ ഇന്നലെയും ചര്‍ച്ചകള്‍ക്കും ബഹളത്തിനും കാരണമായി. സാങ്കേതികപ്രശ്‌നങ്ങള്‍ കാരണം കോര്‍പറേഷനില്‍ നിന്ന് ചിലരുടെ അക്കൗണ്ടുകളിലേക്ക് ലഭിക്കേണ്ടതിനേക്കാള്‍ കൂടുതല്‍ പണം അയച്ച വിഷയവും ചര്‍ച്ചയായി. കോഴിക്കോട്ടെ ബീച്ച് പരിസരത്തെ അനധികൃത ഉന്തുവണ്ടികള്‍ പിടിച്ചെടുക്കുമെന്ന് അധികൃതര്‍ യോഗത്തെ അറിയിച്ചു. ഉന്തുവണ്ടികളുടെ സര്‍വേ നടക്കുകയാണ്. നിയന്ത്രണമില്ലാതെ പെട്ടിക്കടകള്‍ പെരുകുന്നതിനെതിരേ അംഗങ്ങള്‍ ഉത്ക്കണ്ഠ ഉയര്‍ത്തി.
ബീച്ചില്‍ തെര്‍മോകാള്‍, പ്ലാസ്റ്റിക് തുടങ്ങിയവ ഉപയോഗിച്ചുള്ള ഗ്ലാസ്, പ്ലേറ്റ്, സ്പൂണ്‍ തുടങ്ങിയ വസ്തുക്കള്‍ പൂര്‍ണമായും നിരോധിക്കാനുള്ള തീരുമാനം യോഗം പാസാക്കി.
കോര്‍പറേഷന്‍ പരിധിയില്‍ റെയില്‍വേ ട്രാക്കുകളില്‍ പശുക്കള്‍ ട്രെയിന്‍ തട്ടി ചാവുന്നതുമായി ബന്ധപ്പെട്ട വിഷയം കൗണ്‍സിലര്‍ കിഷന്‍ചന്ദ് ഉന്നയിച്ചു. ഇക്കാര്യത്തില്‍ റെയില്‍വേ കാണിക്കുന്ന അനാസ്ഥയും അവഗണനയും പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് റെയില്‍വേ ഡിവിഷന്‍ ഓഫിസര്‍ക്ക് കത്തയക്കാമെന്ന് മേയര്‍ അറിയിച്ചു. 26 അജന്‍ഡകള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് പാസാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."