കൈയേറ്റ ഭൂമിയില്‍ ജണ്ടകെട്ടി
കോഴിക്കോട്: കല്ലായിപ്പുഴയുടെ തീരത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി റവന്യൂ വകുപ്പ് നടത്തിയ ജണ്ട കെട്ടല്‍ പ്രവൃത്തിക്കിടെ സംഘര്‍ഷം. വട്ടാംപൊയില്‍ ഭാഗത്തെ പാതാറിനോട് ചേര്‍ന്ന മൂരിയാട് റോഡില്‍ ജെണ്ട കെട്ടാന്‍ വന്ന റവന്യൂ ഉദ്യോഗസ്ഥരെ മരമില്ലുടമ തടസപ്പെടുത്താന്‍ ശ്രമിച്ചതാണു സംഘര്‍ഷത്തിലേക്ക് വഴിവച്ചത്. സ്ഥലത്തു സംഘടിച്ച കല്ലായി പുഴ സംരക്ഷണസമിതി പ്രവര്‍ത്തകരുമായി വ്യാപാരികള്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു.
ജണ്ട സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നും കൈയേറ്റ ഭൂമിയല്ലെന്നും പറഞ്ഞ മരമില്ലുടമയുടെ നേതൃത്വത്തില്‍ ഒരു സംഘം തടസപെടുത്താന്‍ ശ്രമിച്ചെങ്കിലും പൊലിസ് ഇടപ്പെട്ട് രംഗം ശാന്തമാക്കുകയും സ്ഥലത്ത് ജണ്ട കെട്ടല്‍ പ്രവൃത്തി പൂര്‍ത്തിയാക്കുകയും ചെയ്തു. ഇന്നലെ രാവിലെ സബ് കലക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് ജണ്ട കെട്ടല്‍ പ്രവൃത്തി ആരംഭിച്ചത്.
കല്ലായി പുഴയുടെ വട്ടാംപൊയില്‍ ഭാഗത്തു നഗരം വില്ലേജില്‍ പള്ളിക്കണ്ടി റോഡിലായിരുന്നു ആദ്യം ജണ്ട കെട്ടിയത്. തുടര്‍ന്ന് കസബ വില്ലേജ് മൂരിയാട് ഭാഗത്തെ മരമില്ലിനു സമീപം ജെണ്ട കെട്ടല്‍ ആരംഭിച്ചതാണു സംഘര്‍ഷത്തിലേക്കും വാക്കേറ്റത്തിലേക്കും നയിച്ചത്. പ്രവൃത്തി തടസപ്പെടുത്താന്‍ ശ്രമിച്ചവരെ ചെമ്മങ്ങാട് എസ്.ഐ പി. മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള പൊലിസ് പിടിച്ചുമാറ്റി. തുടര്‍ന്ന് ഇവിടെ കൂടുതല്‍ പൊലിസെത്തി ജണ്ട കെട്ടല്‍ പ്രവൃത്തി പൂര്‍ത്തിയാക്കുകയും ചെയ്തു.
കല്ലായി പുഴയുടെ തീരത്തെ കൈയേറ്റം കണ്ടെത്താനായി മാസങ്ങള്‍ക്ക് മുന്‍പ് റവന്യു വകുപ്പ് സര്‍വേ നടത്തി ഭൂമി അളന്ന് തിരിച്ചിരുന്നു. ഇവിടെ സര്‍വേ കല്ലുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ കല്ലുകള്‍ പലതും കാണാതായതിനെ തുടര്‍ന്നാണു ജെണ്ട കെട്ടിതിരിക്കാന്‍ റവന്യൂ വകുപ്പ് തീരുമാനിച്ചത്. മുന്‍പ് ജണ്ട കെട്ടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും കോടതിയില്‍ നിന്ന് സ്‌റ്റേ ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടി വ്യവസായികള്‍ രംഗത്തുവരികയും ഇതോടെ പ്രവൃത്തി നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.
സബ് കലക്ടര്‍ വിഗ്‌നേഷ്വരിയുടെ നേതൃത്വത്തില്‍ തഹസില്‍ദാര്‍ അനിതാകുമാരി, ലോ ഓഫിസര്‍ എന്നിവര്‍ ജെണ്ടകെട്ടല്‍ പ്രവൃത്തിക്കു നേതൃത്വം നല്‍കി. നേരത്തെ കല്ലായി പുഴയുടെ ഭാഗത്ത് സര്‍വേ നടത്തി 23.5 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു. മരവ്യവസായത്തിനായി സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയ ഭൂമിയാണ് ഇങ്ങനെ കൈയേറിയത്.
വരും ദിവസങ്ങളിലും ജണ്ട കെട്ടല്‍ പ്രവൃത്തി പുനരാരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതെസമയം സംഭവത്തില്‍ പ്രതിഷേധിച്ച് കല്ലായ് മരവ്യവസായ മേഖല ഇന്ന് കടകള്‍ അടച്ച് ഹര്‍ത്താലാചരിക്കും.
കല്ലായി പുഴ കൈയേറ്റങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കല്ലായി പുഴ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നേരത്തെ നിരവധി പ്രതിഷേധ സമരങ്ങള്‍ നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."