പൊതുമാപ്പ്: തിരിച്ചുപോകുന്നവര്‍ക്ക് പുതിയ ഇളവ്; കാലാവധി തീര്‍ന്ന പാസ്‌പോര്‍ട്ടുള്ളവര്‍ക്കും എക്‌സിറ്റ്
ജിദ്ദ: സഊദി ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പില്‍ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നവര്‍ക്ക് പുതിയ ഇളവ്. കാലാവധി അവസാനിച്ച പാസ്‌പോര്‍ട്ടുകളുമായി എത്തുന്നവരെയും സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് അനുവദിക്കാന്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. പൊതുമാപ്പ് അവസാനിക്കുന്നതിന് മൂന്നാഴ്ച മാത്രം ബാക്കി നില്‍ക്കേയാണ് നിയമലംഘകര്‍ക്ക് ഏറെ ആശ്വാസകരമാകുന്ന പുതിയ ഇളവ് അധികൃതര്‍ പ്രഖ്യാപിച്ചത്.
പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് മുന്നോട്ടു വരുന്ന നിയമലംഘകരില്‍ ചിലരുടെ പക്കല്‍ കാലാവധി അവസാനിച്ച പാസ്‌പോര്‍ട്ടാണുള്ളതെന്നും എയര്‍പോര്‍ട്ടുകളും കരാതിര്‍ത്തി പോസ്റ്റുകളും തുറമുഖങ്ങളും വഴി സ്വദേശങ്ങളിലേക്ക് നേരിട്ട് തിരിച്ചുപോകുന്നതിന് ഇവര്‍ ആഗ്രഹിക്കുന്നതായും അറിയിച്ച് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ജവാസാത്ത് ഡയറക്ടറേറ്റ് കത്തയക്കുകയായിരുന്നു. തുടര്‍ന്നാണ് കാലാവധി അവസാനിച്ച പാസ്‌പോര്‍ട്ടാണെങ്കില്‍ കൂടി ഇത്തരക്കാരെ സ്വദേശങ്ങളിലേക്ക് മടങ്ങുന്നതിന് അനുവദിക്കുന്നതിന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയത്. അതേസമയം, രണ്ടു മാസത്തിനിടെ 3,45,089 ഇഖാമ, തൊഴില്‍ നിയമലംഘകര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി ജവാസാത്ത് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍, മേജര്‍ ജനറല്‍ ദൈഫുല്ല അല്‍ഹുവൈഫി അറിയിച്ചു.
സ്വമേധയാ ഫൈനല്‍ എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ആഗ്രഹിക്കുന്ന നിയമലംഘകരെ സ്വീകരിക്കുന്നതിന് എല്ലാ പ്രവിശ്യകളിലും സബ് ഗവര്‍ണറേറ്റുകളിലും ഒന്നിലധികം പൊതുമാപ്പ് കേന്ദ്രങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ച് ജവാസാത്ത് ഡയറക്ടറേറ്റ് സജ്ജീകരിച്ചിട്ടുണ്ട്.
പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് മറ്റു പ്രവിശ്യകളിലേക്ക് പോകേണ്ടി വരുന്നതു മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും നടപടികള്‍ എളുപ്പമാക്കുന്നതിനും ശ്രമിച്ചാണ് എല്ലാ പ്രവിശ്യകളിലും സബ്ഗവര്‍ണറേറ്റുകളിലും നിയമലംഘകരെ സ്വീകരിക്കുന്നതിന് ഒന്നിലധികം കേന്ദ്രങ്ങള്‍ ജവാസാത്ത് സജ്ജീകരിച്ചിരിക്കുന്നത്. രാവിലെയും വൈകിട്ടുമായി രണ്ടു ഷിഫ്റ്റുകളില്‍ ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതു വഴി നിയമലംഘകരുടെ എക്‌സിറ്റ് നടപടികള്‍ ഇവിടങ്ങളില്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കുന്നു.
ഹജ്, ഉംറ, ട്രാന്‍സിറ്റ് വിസക്കാര്‍ കണ്‍ഫേം ചെയ്ത ടിക്കറ്റുമായി എയര്‍പോര്‍ട്ടുകള്‍ അടക്കമുള്ള അതിര്‍ത്തി പോസ്റ്റുകളില്‍ നേരിട്ട് എത്തിയാണ് എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. മാര്‍ച്ച് 29 നാണ് നിയമ ലംഘകര്‍ക്കുള്ള പൊതുമാപ്പ് നിലവില്‍ വന്നത്.
റമദാന്‍ അവസാനം വരെ ഇത് നിലവിലുണ്ടാകും. പൊതുമാപ്പ് കാലത്ത് ജവാസാത്തിനെ സമീപിച്ച് ഫൈനല്‍ എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ പൊതുമാപ്പ് അവസാനിക്കുന്നതിനു മുമ്പ് രാജ്യം വിടല്‍ നിര്‍ബന്ധമാണ്. അല്ലാത്ത പക്ഷം അവരെ നിയമ ലംഘകരായി കണക്കാക്കി നിയമാനുസൃതമായ ഏറ്റവും കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ജവാസാത്ത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിക്കില്ലെന്നും ജവാസാത്ത് വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."