അവധിദിനത്തില്‍ കെ.എസ്.ആര്‍.ടി.സി നിരക്ക് കുത്തനെ കൂട്ടി
കോഴിക്കോട്: അവധി ദിവസങ്ങളില്‍ കെ.എസ്.ആര്‍.ടി.സിയും യാത്രാനിരക്ക് കൂട്ടി. ടിക്കറ്റ് ഇരട്ടിയിലേറെ വര്‍ധിപ്പിച്ച് യാത്രക്കാരെ സ്വകാര്യബസുകള്‍ കൊള്ളയടിക്കുന്നതിനു പിന്നാലെയാണു കെ.എസ്.ആര്‍.സിയും നിരക്ക് കൂട്ടിയിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ സംസ്ഥാന, അന്തര്‍ സംസ്ഥാന ബസുകളിലാണു നിരക്ക് വര്‍ധന. എ.സി മള്‍ട്ടി ആക്‌സില്‍ സ്‌കാനിയ, സൂപ്പര്‍ ഡീലക്‌സ്, സൂപ്പര്‍ എക്‌സ്പ്രസ് ബസുകളിലാണ് അമിതമായ ചാര്‍ജ് വര്‍ധന.
ഈ മാസം 17ന് ബംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് സ്‌കാനിയയുടെ ടിക്കറ്റ് നിരക്ക് 1,430 രൂപയും സൂപ്പര്‍ ഡീലക്‌സിന് 885 രൂപയും സൂപ്പര്‍ എക്‌സ്പ്രസിന് 505 രൂപയുമാണ്. സാധാരണ ദിവസങ്ങളില്‍ സ്‌കാനിയയ്ക്ക് 605 രൂപയും സൂപ്പര്‍ ഡീലക്‌സിന് 505 രൂപയും സൂപ്പര്‍ എക്‌സ്പ്രസിന് 414 രൂപയുമാണ് നിരക്ക്. ഇതേദിവസം സ്‌കാനിയ ബസില്‍ കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് ഈടാക്കുന്ന ടിക്കറ്റ് നിരക്കും 1,430 രൂപയാണ്. 605 രൂപയില്‍ നിന്നാണ് നിരക്ക് ഇരട്ടിയായി വര്‍ധിപ്പിച്ചിരിക്കുന്നത്. 21ന് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്കും ഇതേ നിരക്ക് തന്നെയാണ് സ്‌കാനിയയില്‍ ഈടാക്കുന്നതാണ്. സൂപ്പര്‍ ഡീലക്‌സില്‍ കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്ക് 241 രൂപയ്ക്ക് പകരം 786 രൂപയാണ് ഈടാക്കുന്നത്. ഈ മാസം 18,19,20 തിയതികളില്‍ സൂപ്പര്‍ ഡീലക്‌സിന്റെ നിരക്ക് 873 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്.
570 മുതല്‍ 900 രൂപവരെയാണ് സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്കാരില്‍ നിന്ന് ഈടാക്കാറുള്ളത്. പക്ഷേ അവധി ദിവസങ്ങളില്‍ ഈ നിരക്ക് 1,200 മുതല്‍ 1,500 വരെ ഉയര്‍ത്തിയാണ് ചൂഷണം. ഉത്സവകാലങ്ങളില്‍ നിരക്ക് 2,000 രൂപ വരെ ഉയര്‍ത്താറുമുണ്ട്.
ട്രെയിനുകളില്‍ ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ ബുക്കിങ് അവസാനിച്ചതിനെ തുടര്‍ന്നാണു പല യാത്രക്കാരും കെ.എസ്.ആര്‍.ടി.സിയെയും സ്വകാര്യബസുകളെയും ആശ്രയിക്കുന്നത്. ഇത്തരം യാത്രക്കാര്‍ക്ക് തിരിച്ചടിയായിരിക്കെയാണ് സ്വകാര്യബസുകള്‍ക്ക് പുറമെ കെ.എസ്.ആര്‍.ടി.സിയും ചാര്‍ജ് കുത്തനെ കൂട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."