ഒരുങ്ങുന്നു, കണ്ടല്‍ കാഴ്ചകള്‍
പഴയങ്ങാടി: സംസ്ഥാനത്തെ ഏറ്റവും വലിയ ക്രൂയിസ് ടൂറിസം പദ്ധതിയായ മലനാട് ക്രൂയിസ് ടൂറിസം പദ്ധതി വഴി പഴയങ്ങാടിയില്‍ ഒരുങ്ങുന്നതു വിസ്മയ കാഴ്ചകള്‍. പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ 17.6 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കുപ്പം, പഴയങ്ങാടി പുഴയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ കണ്ടല്‍ക്കാടുകളുടെ സൗന്ദര്യം നന്നായി ആസ്വദിക്കാനും അപൂര്‍വയിനം കണ്ടലുകളെ കണ്ടറിയാനും സഞ്ചാരികള്‍ക്ക് അവസരമൊരുങ്ങും. പുഴയുടെ സൗന്ദര്യം മതി വരുവോളം ആസ്വദിക്കാനും പഴയങ്ങാടി പുഴയില്‍ പ്രകൃതിയുടെ സൗന്ദര്യം അടുത്തറിയാനും സഞ്ചാരികള്‍ക്ക് അവസരമൊരുങ്ങുകയാണ്.
ഇതിന്റെ ഭാഗമായി ഹൗസ് ബോട്ടുകള്‍ പഴയങ്ങാടി പുഴയിലും വ്യാപകമാവുകയാണ്. ഏഴോം സഹകരണ ബാങ്കാണ് ആദ്യമായി നീറ്റിലിറക്കിയത്. കുപ്പം, പട്ടുവം എന്നിവിടങ്ങളില്‍ വലിയ ടെര്‍മിനലുകളും മുതുകുട, മുട്ടില്‍, ചെറുകുന്ന്, താവം എന്നിവിടങ്ങളില്‍ ബോട്ട് ജെട്ടികളും ഉണ്ടാകും.
പഴയങ്ങാടിയില്‍ ബോട്ട് ടെര്‍മിനല്‍ പ്രവൃത്തി പുരോഗമിച്ച് വരികയാണ്. പദ്ധതിയുടെ ഭാഗമായി വള്ളംകളി നടന്നുവരുന്ന പഴയങ്ങാടി, മുതുകുട എന്നിവിടങ്ങളില്‍ വള്ളംകളി കാണാന്‍ വലിയ ഗാലറികള്‍ സ്ഥാപിക്കും. സഞ്ചാരികള്‍ക്കു നാടിന്റെ തനത് വിഭവങ്ങള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കും. കണ്ടല്‍ചെടികള്‍ വച്ചുപിടിപ്പിക്കുന്നതിനും ഏറുമാടം നിര്‍മിക്കുന്നതിനും ഫുഡ് കോര്‍ട്ട്, പക്ഷിത്തൂണുകള്‍ എന്നിവ നിര്‍മിക്കുന്നതിനും ഫണ്ട് വകയിരുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."