ഗ്രീന്‍ ഓട്ടോ പദ്ധതിക്ക് തുടക്കമായി
കൊല്ലം: പരിസ്ഥിതി സന്ദേശം ജനങ്ങളിലേക്ക് എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച ഹരിതസന്ദേശം ഗ്രീന്‍ ഓട്ടോ പദ്ധതിക്ക് തുടക്കമായി.
ഹരിതസന്ദേശം സ്റ്റിക്കര്‍ പതിപ്പിച്ച ചെടിച്ചട്ടിയില്‍ ഇലച്ചെടി വച്ച് ഓട്ടോറിക്ഷയില്‍ ഘടിപ്പിക്കും. പ്രകൃതിയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യഘട്ടമായി ആയിരം ഓട്ടോറിക്ഷകളില്‍ ഹരിതസന്ദേശം അടങ്ങിയ ചെടിച്ചട്ടികള്‍ ഘടിപ്പിക്കും.
കൊല്ലം ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌ക്കൂളില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഫളാഗ് ഓഫ് ചെയ്ത് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സാധാരണക്കാരുടെ വാഹനമായ ഓട്ടോ തെരഞ്ഞെടുത്തതിലൂടെ കൂടുതല്‍ ആളുകളിലേക്ക് വേഗത്തില്‍ പരിസ്ഥിതി സന്ദേശം എത്തിക്കുന്നതിന് സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. എം മുകേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കേരളത്തില്‍ ആദ്യമായാണ് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ആഭിമുഖ്യത്തില്‍ ഇത്തരത്തിലുള്ള ഒരു പദ്ധതി നടപ്പാക്കുന്നതെന്നും ഇതു വഴി ജില്ലാ പഞ്ചായത്ത് സംസ്ഥാനത്തിനാകെ മാതൃകയാവുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള, ജില്ലാ പഞ്ചായത്തംഗം സി രാധാമണി, സെക്രട്ടറി കെ പ്രസാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."