അവയവങ്ങള്‍ വേറിട്ട നിലയില്‍ മൃതദേഹങ്ങള്‍ : തിരിച്ചറിയാന്‍ പാടുപെട്ട് അധികൃതരും ബന്ധുക്കളും
കവളപ്പാറ(മലപ്പുറം):കവളപ്പാറ ദുരന്തം കഴിഞ്ഞ പത്ത് ദിവസം പിന്നിടുമ്പോള്‍ മണ്ണില്‍ നിന്ന് ലഭിക്കുന്ന മൃതദേഹങ്ങള്‍ തിരിച്ചറിയാനുളള അടയാളങ്ങളും മായുന്നു.10 ദിവസം പഴകിയതോടെ മൃതദേഹങ്ങള്‍ മണ്ണില്‍ ലയിച്ച് വേറിട്ട നിലയിലാണ് കണ്ടെടുക്കുന്നത്. ഇത് ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും തിരിച്ചറിയാന്‍ പോലും പ്രയാസമാവുകയാണ്. വെള്ളിയാഴ്ച കണ്ടെത്തിയ അഞ്ച് മൃതദേഹങ്ങളില്‍ ഒരെണ്ണം തിരിച്ചറിയിനുമായിട്ടില്ല.
മണ്ണില്‍ അഴുകിയ മൃതദേഹങ്ങള്‍ ദിവസങ്ങള്‍ കഴിയും തോറും തിരിച്ചറിയാന്‍ കഴിയാതെ വരികയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. വെള്ളിയാഴ്ച ഒരു സ്ത്രീയുടേതെന്ന് കരുതുന്ന മൃതദേഹത്തിന്റെ കാലിന്റ ഭാഗമാണ് ആദ്യം കെണ്ടത്തിയത്. പിന്നീട് ഏറെ കഴിഞ്ഞാണ് മറ്റു ശരീരഭാഗങ്ങള്‍ കെണ്ടടുത്തത്. ഇവരുടെ മുടിയുടെ നീളം കണക്കിലെടുത്താണ് ആളെ തിരിച്ചറിഞ്ഞത്. ധരിച്ച വസ്ത്രങ്ങള്‍, മുടിയുടെ നീളം, ആകൃതി തുടങ്ങിയവ നോക്കിയാണ് മൃതദേഹം തിരിച്ചറിയുന്നത്.
വികൃതവും, ഏറെ പരുക്കുകളോടെയും ലഭിക്കുന്ന ശരീരങ്ങളാണ് തിരിച്ചറിയാന്‍ ഏറെ പ്രയാസം. കഴിഞ്ഞ ദിവസം ലഭിച്ച ഒരു മൃതദേഹം തിരിച്ചറിഞ്ഞത് ധരിച്ച വസ്ത്രത്തിലെ കീശയില്‍ നിന്ന് ലഭിച്ച ബീഡിക്കെട്ടുകളാണ്. കവളപ്പാറയിലെ അപകട സമയത്ത് ആളുകളെ മാറ്റാന്‍ എത്തിയ അനീഷിന്റെ മൃതദേഹമാണെന്നായിരുന്നു ആദ്യം കരുതിയത്. ഇത് തിരിച്ചറിയാനായി അനീഷിന്റെ ബന്ധുക്കളെത്തിയപ്പോള്‍ വിരലില്‍ ഭാര്യയുടെ പേരെഴുതിയ മോതിരമുണ്ടെന്നായിരുന്നു പരിശോധിച്ചത്്. അഴുകിയ മൃതദേഹത്തില്‍ നിന്ന് മോതിരം ഉരിഞ്ഞു പോയതാവാമെന്നും ചിലര്‍ പറഞ്ഞെങ്കിലും ബന്ധുക്കളും ചില സുഹൃത്തുക്കളും ഇത് സമ്മതിച്ചില്ല.
ഇതിനിടിയിലാണ് മൃതദേഹത്തില്‍ പറ്റിപ്പിടിച്ച ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് ദ്രവിച്ച ബീഡിക്കെട്ട് കാണുന്നത്. അതോടെ മൃതദേഹം അനീഷിന്റെതല്ല സുഹൃത്ത് ബിനീഷിന്റെതാണെന്ന് തിരിച്ചറിഞ്ഞു. ബിനീഷ് സ്ഥിരമായി ബീഡിവലക്കുന്നയാളുമാണ്.
കഴിഞ്ഞ എട്ടിന് രാത്രിയിലുണ്ടായ ദുരന്തത്തില്‍ പെട്ട 59 പേരില്‍ ഇതുവരെ 38 മൃതദേഹങ്ങളാണ് കെണ്ടത്തിയത്. ആദ്യം കണ്ടെത്തിയവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പ്രായസമുണ്ടായിരുന്നില്ലെങ്കിലും ദിവസങ്ങള്‍ കഴിയും തോറും അഴുകിയവ തിരിച്ചറിയാന്‍ ചില അടയാളങ്ങളുമുണ്ടായിരുന്നു. എന്നാല്‍ തുടര്‍ ദിവസങ്ങളില്‍ ഇതും മാഞ്ഞുപോകുമെന്നത് ഏറെ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. വിവിധ ഭാഗങ്ങളിലായി 16 ഹിറ്റാച്ചിയാണ് ദുരന്തസ്ഥലത്ത് പരിശോധന നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."