ചിറ്റൂര്‍ പുഴ സംരക്ഷിക്കാന്‍ നഗരസഭക്ക് ഒരു വര്‍ഷം നീണ്ട പരിപാടികള്‍
ചിറ്റൂര്‍ : ഭാരതപ്പുഴയുടെ മുഖ്യ പോഷക നദിയായ ചിറ്റൂര്‍ ശോകനാശിനി പുഴയുടെ സംരക്ഷണത്തിന് ചിറ്റൂര്‍ തത്തമംഗലം നഗരസഭ ഒരു വര്‍ഷം നീണ്ട പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ഗവ: കോളജ് എന്‍.എസ്്.എസ് യൂനിറ്റുകള്‍, സന്നദ്ധസംഘനകള്‍, പൊതുജനങ്ങള്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കിയാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഇതിന്റെ തുടക്കം പരിസ്ഥിതി ദിനത്തില്‍ തത്തമംഗലം പുഴപ്പാലത്തിനു സമീപം വൃക്ഷ തൈ നട്ടുകൊണ്ട് ചെയര്‍മാന്‍ ടി.എസ് തിരുവെങ്കിടം നിര്‍വഹിച്ചു. ചിറ്റൂര്‍ ഗവ: കോളജ് ഭൂമിശാസ്ത്ര വിഭാഗത്തിന്റെ സാങ്കേതിക സഹായത്തോടെ പഠനം നടത്തും. പുഴയുടെ ഇരുവശത്തും മരങ്ങള്‍ നട്ടു പിടിപ്പിച്ചു ജലമൊഴുക്ക് വര്‍ധിപ്പിക്കാന്‍ നടപടി എടുക്കും. കൈയേറ്റം ഒഴിപ്പിക്കാന്‍ റവന്യൂ വകുപ്പിന്റെയും, പൊലിസിന്റെയും സഹായം തേടും.
വൃഷ്ടി പ്രദേശത്തെ അരുവികള്‍ പുനഃസ്ഥാപിക്കാന്‍ മരം നട്ടു സംരക്ഷിക്കുമെന്ന് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി പ്രീത് പറഞ്ഞു. ഇതുവരെ ചിറ്റൂര്‍ തത്തമംഗലം ഭാഗങ്ങളില്‍ അനുഭവപ്പെടാത്ത കുടിവെള്ളക്ഷാമം ഇത്തവണ ഉണ്ടായി. പുഴയിലെ നീരൊഴുക്ക് കുറഞ്ഞതാണിതിന് ഒരു കാരണം. തടയണയില്‍ വെള്ളം കെട്ടിനിര്‍ത്തിയത് മൂലം ഇത്തവണ കുടിവെള്ളത്തിന് കറുത്തനിറമാറ്റം ഉണ്ടായി. കുളവാഴയും, ചാണ്ടിയും അടിഞ്ഞു കൂടിയതാണ് കാരണം. ഇതിനു പുറമെ രാത്രികാലത്തു മീന്‍ പിടിക്കാനായി രാസവസ്തുക്കള്‍ കലക്കിയതും വെള്ളം മലിനമാകാന്‍ ഇടയാക്കി. ഇനി മുതല്‍ പുഴ സംരക്ഷണത്തിന് ഒരു സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചു. ഇന്നലെ പുഴ സംരക്ഷണത്തിന്റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു. ചെയര്‍മാന്‍ ടി.എസ് തിരുവെങ്കിടം ഉദ്ഘാടനം ചെയ്തു. കെ.സി പ്രീത് അധ്യക്ഷനായി. ഡോ.റിച്ചാര്‍ഡ് സക്കറിയ പ്രഭാഷണം നടത്തി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സാദിഖ് അലി, സി.ഷീജ, പത്രപ്രവര്‍ത്തകന്‍ വി.എം ഷണ്‍മുഖദാസ്, സെക്രട്ടറി ഇന്‍ ചാര്‍ജ് എസ് . സുന്ദരി, മുന്‍സിപ്പല്‍ എന്‍ജിനീയര്‍ പി.കെ.സിന്ധു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."