വിരല്‍തുമ്പില്‍ സ്ത്രീ സുരക്ഷയുമായി ജില്ലാ പൊലിസിന്റെ ജാഗ്രത
ഒലവക്കോട് : സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി പാലക്കാട് ജില്ലാ പൊലിസിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ജാഗ്രത ശ്രദ്ധേയമാകുന്നു. സ്വയം സഹായം ആവശ്യമായിവരുന്ന സാഹചര്യങ്ങളിലും കണ്‍മുന്നില്‍ ഇരയാകുന്നവരെ സഹായിക്കാനും പ്രയോജനകരമാകുന്ന രീതിയിലാണ് ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. പാലക്കാട് ജില്ലയിലാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കിയിരിക്കുന്നത്. ജില്ലാ പൊലിസ് മേധാവി പ്രതീഷ്‌കുമാറിന്റെ നിര്‍ദേശ പ്രകാരം കൊച്ചി ആസ്ഥാനമായ മോബിസ് ഇന്നൊവേഷന്‍സ് ആന്‍ഡ് റിസര്‍ച്ച് ലിമിറ്റഡ് ആണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്. കല്ലടിക്കോട് റോട്ടറി ക്ലബ്ബാണു സാമ്പത്തിക സഹായം നല്‍കുന്നത്. ജാഗ്രത ആപ്പിന്റെ ഔപചാരിക ഉദ്ഘാടനം കഴിഞ്ഞ ദിവസത്തില്‍ നടത്തിയിരുന്നു. ജിപിഎസ് സൗകര്യമുള്ള ആന്‍ഡ്രോയിഡ് ഫോണ്‍ ഉള്ളവര്‍ക്കു ജാഗ്രതയുടെ സുരക്ഷ നേടാനാവും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു ജാഗ്രത ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു പേര്, വിലാസം, ഫോണ്‍ നമ്പര്‍, ജന തീയതി എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്നു നമ്മുടെ വീട്ടുകാരുടെയോ വളരെ വേണ്ടപ്പെട്ടവരുടെയോ ആയ അഞ്ചു പേരുകളും മൊബൈല്‍ നമ്പറുകളും ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്താം. അപകടത്തില്‍പ്പെടുകയോ ആക്രമണങ്ങള്‍ക്ക് ഇരയാകുകയോ ചെയ്യുമ്പോഴും കളവുകള്‍, പിടിച്ചുപറി, അടിപിടി തുടങ്ങിയവ കാണുകയോ ഇരയാവുകയോ ചെയ്താലും ആപ്ലിക്കേഷനിലെ ഹെല്‍പ് മി അമര്‍ത്തിയാല്‍ ഒരേ സമയം തൊട്ടടുത്ത പൊലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ മുതല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുവരെ സഹായ അഭ്യര്‍ഥന ലഭിക്കും. കൂടാതെ നില്‍ക്കുന്ന സ്ഥലവും ഫോണ്‍ നമ്പറും മനസ്സിലാക്കാന്‍ കഴിയും.
അതോടൊപ്പം നല്‍കിയിട്ടുള്ള അഞ്ചുനമ്പറിലേക്കു ഫോണ്‍ സന്ദേശം ലഭിക്കും. ഉദ്യോഗസ്ഥന്‍ പ്രതികരിക്കുന്നതുവരെ അലര്‍ട്ട് നല്‍കിക്കൊണ്ടിരിക്കും. ലഭിക്കുന്ന സഹായ അഭ്യര്‍ത്ഥനയില്‍ സ്വീകരിച്ച നടപടി മേല്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയും രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും വേണം. മികച്ച പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് പ്രത്യേക പ്രോത്സാഹനങ്ങളും നല്‍കും. ജാഗ്രത ആപ്ലിക്കേഷന്‍ ജനകീയമാക്കാനുള്ള തയ്യാറാക്കുകയാണ് പാലക്കാട് ജില്ലാ പൊലീസ് സേനാംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."