മൂന്ന് സൈനിക വിഭാഗങ്ങള്‍ക്കുമായി ഒറ്റ മേധാവി വരുന്നു
ന്യൂഡല്‍ഹി: കര, നാവിക, വ്യോമ സേനകള്‍ക്കായി ഒറ്റമേധാവി വരുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മൂന്നു സൈനിക വിഭാഗങ്ങള്‍ക്കുമിടയിലെ ഏകീകരണം ഇതിലൂടെ സാധ്യമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മൂന്നു സൈനിക വിഭാഗങ്ങളെയും സംയോജിപ്പിക്കുന്നതിന് പുറമെ പ്രധാനമന്ത്രിക്ക് പ്രതിരോധവുമായി ബന്ധപ്പെട്ട ഉപദേശങ്ങള്‍ നല്‍കുക, ദീര്‍ഘകാലത്തേക്കുള്ള പ്രതിരോധ ആസൂത്രണം, ആയൂധ ശേഖരണവുമായി ബന്ധപ്പെട്ട ആസൂത്രണം തുടങ്ങിയവ പ്രതിരോധ മേധാവിയുടെ പരിധിയില്‍ വരും. അടിയന്തരമായി നടത്തേണ്ട സൈനിക ഓപ്പറേഷനുകളും പ്രതിരോധ മേധാവിയായിരിക്കും.
നിലവില്‍ അമേരിക്കയുള്‍പ്പടെ നിരവധി രാജ്യങ്ങള്‍ക്ക് സമാനമായ പദവിയുണ്ട്.
ചീഫ് ഓഫ് സ്റ്റാഫ് കമ്മറ്റി എന്ന സമാനമായ ഒരു പദവി സൈന്യവുമായി ബന്ധപ്പെട്ട നിലവിലുണ്ട്. എയര്‍ ചീഫ് മാര്‍ഷല്‍ ബിരേന്ദര്‍ സിങ് ധനോവയാണ് ഈ പദവി വഹിക്കുന്നത്.
എന്നാല്‍ ഇത് അധികാരമില്ലാത്തതാണെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ മേധാവിയെ നിയമിക്കുന്നത്.
കരസേനാ മേധാവി ബിപിന്‍ റാവത്തിനെയാണ് പ്രതിരോധ മേധാവി സ്ഥാനത്തേക്ക് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നത്. എയര്‍ ചീഫ് മാര്‍ഷല്‍ ബിരേന്ദര്‍ സിങ് ധനോവയാണ് ഇപ്പോഴുള്ള മൂന്ന് സേനാ മേധാവികളില്‍ സീനിയറെങ്കിലും സെപ്റ്റംബര്‍ 31 ന് വിരമിക്കുമെന്നതിനാല്‍ അദ്ദേഹത്തെ പരിഗണിക്കാനിടയില്ല.
കരസേനാ മേധാവി ബിപിന്‍ റാവത്തിന് ഡിസംബര്‍ 31 വരെ കാലാവധിയുള്ളതും മോദിയോടുള്ള അദ്ദേഹത്തിന്റെ അടുപ്പവും അനുകൂല ഘടകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."