വീടു കുത്തിത്തുറന്ന് കവര്‍ച്ച
കാസര്‍കോട്: പൊയിനാച്ചി സെന്റ് മേരീസ് ചര്‍ച്ചിലും നായന്മാര്‍മൂലയിലെയും ബെണ്ടിച്ചാലിലെയും വീടുകളിലും കവര്‍ച്ച നടത്തിയ കേസില്‍ രണ്ടുപേരെ കൂടി വിദ്യാനഗര്‍ എസ്.ഐമാരായ പി. അജിത്ത് കുമാര്‍, വി.വി രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. നെല്ലിക്കട്ട ചൂരിപ്പള്ളത്തെ കാസിം ഷഫീഖ് (20), പാലക്കാട് ചാലുശ്ശേരി ആലിക്കര കൂടുമാടത്തിലെ മുഹമ്മദ് ഷെറിന്‍ (19) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍. 14 ആര്‍. 2781 നമ്പര്‍ ആള്‍ട്ടോ 800 കാര്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. ആലംപാടിക്ക് സമീപം പൊലിസ് നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്.
ഈ കേസില്‍ നേരത്തെ കൊയിലാണ്ടി ഇരിങ്ങല്‍ കോട്ടക്കലിലെ കെ.എം ഫിറോസ് (32), കുറ്റ്യാടി പൂരണം കുഞ്ഞിപ്പറമ്പിലെ അല്‍ത്താഫ് (32) എന്നിവരെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. മറ്റു പ്രതികളായ ചെര്‍ക്കള ബേര്‍ക്കയിലെ ഇജാസ്, കോഴിക്കോട് കുറ്റ്യാടിയിലെ ഷിജു എന്നിവരെ മറ്റൊരു കേസില്‍ തിരൂരങ്ങാടി പൊലിസ് അറസ്റ്റു ചെയ്തിരുന്നു. ഇതോടെ വിദ്യാനഗര്‍ സ്റ്റേഷന്‍ പരിധിയിലെ മൂന്നു കവര്‍ച്ചാക്കേസുകളിലെയും മുഴുവന്‍ പ്രതികളും പിടിയിലായതായി പൊലിസ് പറഞ്ഞു.
നായന്മാര്‍മൂലയിലെ അബ്ദുല്‍ റസാഖിന്റെ വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണാഭരണവും ടാബും കവര്‍ന്ന കേസിലും പൊയിനാച്ചി സെന്റ് മേരീസ് ചര്‍ച്ചില്‍ നിന്ന് പൊന്‍കുരിശ് കവര്‍ന്ന കേസിലും ബെണ്ടിച്ചാലിലെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണവും വാച്ചും കവര്‍ന്ന കേസിലുമാണ് അറസ്റ്റ്. കവര്‍ന്ന മൂന്നുപവന്‍ സ്വര്‍ണാഭരണം കോഴിക്കോട് കമ്മത്ത് ലൈനിലെ സ്വര്‍ണക്കടയിലും വാച്ച് കാറിനകത്തു വെച്ചും കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ അറസ്റ്റിലായ ഷഫീഖിനെതിരെ ബദിയടുക്ക, ആദൂര്‍, കുമ്പള പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ മോഷണക്കേസുകള്‍ നിലവിലുണ്ടെന്ന് പൊലിസ് പറഞ്ഞു.
മുഴുവന്‍ പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ നിരവധി മോഷണക്കേസുകള്‍ക്ക് തുമ്പുണ്ടാവുമെന്ന് കരുതുന്നു.
എസ്.ഐ. സുരേഷ്, ജില്ലാ പൊലിസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ ഫിലിപ്പ്, ലക്ഷ്മി നാരായണന്‍, നാരായണന്‍, ബാലകൃഷ്ണന്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."