ലോ ഫ്‌ളോര്‍ ബസുകള്‍ അനുഗ്രമാണ് പക്ഷെ; ഗതാഗത മന്ത്രിക്ക് ഒരു വീല്‍ചെയര്‍ യാത്രക്കാരന്റെ തുറന്നകത്ത്
കോഴിക്കോട്: ലോ ഫ്‌ളോര്‍ ബസുകള്‍ വ്യാപകമായതോടെ വലിയ അനുഗ്രഹമായത് വീല്‍ചെയറുകളില്‍ സഞ്ചരിക്കുന്നവര്‍ക്കാണ്. ഈ ബസുകളും അതിലെ ജീവനക്കാരും ഏറെ പ്രതീക്ഷയും സ്‌നേഹവും നല്‍കുന്നവരാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ഗ്രീന്‍ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകനായ മുഹമ്മദ് ഫാസില്‍ വി.പി.
ലോ ഫ്‌ളോര്‍ ബസ് വന്നതോടു കൂടി തന്റെ സഞ്ചാരദിശ മാറിയതും സൗകര്യവും തുറന്നുകാട്ടുന്നുണ്ട് ഫെയ്‌സ്ബുക്കില്‍ കുറിച്ച വാക്കുകളില്‍. എന്നാല്‍ തന്നെപ്പോലുള്ളവര്‍ക്ക് അത്യാവശ്യമായ ഒരു കാര്യത്തിലേക്ക് ഗതാഗത മന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുകയാണ് ഫാസില്‍. ബസ് കൃത്യമായി ലഭിക്കാത്തതിനാല്‍ വെയിലുംകൊണ്ട് റോഡിന്റെ വശത്ത് കാത്തിരിക്കേണ്ട അവസ്ഥയുണ്ട് ഇപ്പോള്‍. അതിനു പരിഹാരമായി ഇത്തരം ബസുകളിലെ കണ്ടക്ടര്‍മാരുമായി ബന്ധപ്പെടാന്‍ സംവിധാനമുണ്ടാക്കണമെന്നാണ് ഫാസിലിന്റെ ആവശ്യം.
ഫാസിലിന്റെ കുറിപ്പ്
പ്രിയപ്പെട്ട ഗതാഗത മന്ത്രിക്ക്,
സര്‍,
KURTC ലോ ഫ്‌ലോര്‍ ബസുകള്‍ യാത്രയ്ക്കുപയോഗിക്കുന്ന ഒരാളാണ് ഞാന്‍. ഒന്നുകൂടെ കൃത്യമായി പറഞ്ഞാല്‍ സര്‍ എനിക്ക് ലോ ഫ്‌ലോര്‍ ബസുകളില്‍ മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളൂ, വീല്‍ചെയറുകളില്‍ ആണ് എന്റെ യാത്രകള്‍ എന്നതിനാലാണത്. ലോ ഫ്‌ലോര്‍ ബസുകളിലേക്ക് വീല്‍ചെയര്‍ കയറ്റാനും അത് ലോക് ചെയ്യാനുമുള്ള സംവിധാനം ഉപയോഗിച്ച് മറ്റേതൊരാളെപ്പോലെയും എനിക്കിപ്പോള്‍ യാത്ര ചെയ്യാന്‍ പറ്റും. അങ്ങനെയാണ് ഈ അണ്ഡകടാഹത്തിന്റെ അത്ഭുതങ്ങളോരോന്നും തിരഞ്ഞ് എനിക്കിങ്ങനെ അലഞ്ഞുനടക്കാനാവുന്നത്.
ആദ്യം പരിമിതമായ ബസുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് ധാരാളം ബസുകള്‍ ഒരേ റൂട്ടില്‍ തന്നെ ലഭ്യമാണ്. മാത്രവുമല്ല ബസ് ജീവനക്കാരുടെ സഹകരണവും എടുത്ത് പറയേണ്ടതും അഭിനന്ദിക്കേണ്ടതുമാണ്. സമൂഹം പറഞ്ഞ് പഠിപ്പിച്ച ധിക്കാരികളായ ജീവനക്കാരെ എനിക്കിന്നോളം കാണേണ്ടിവന്നിട്ടില്ല.
എന്നുമാത്രമല്ല സ്‌നേഹം പകര്‍ന്ന് കൂട്ടുകാരായി മാറാറുണ്ട് ചിലര്‍. ഓരോ യാത്രയ്ക്കും അവസാനം നന്ദി പറഞ്ഞ് ഇറങ്ങിപ്പോരാറാണ്.
വേണമെങ്കില്‍ ബസ് നിര്‍ത്തി എന്നെ കയറാന്‍ സഹായിച്ച് അത് ലോക് ചെയ്യാന്‍ എടുക്കുന്ന അഞ്ചോ ആറോ മിനുട്ട്‌കൊണ്ട് അവര്‍ക്ക് പിന്നെയും ഒരുപാട് കിലോമീറ്ററുകള്‍ മുന്നോട്ട് പോകാമായിരുന്നു. എന്നാല്‍ ക്ഷമയോടെ അവര്‍ എന്നെ പരിഗണിക്കാറാണ്. സര്‍ ഇതുതന്നെയാണ് ഞങ്ങള്‍ സമൂഹത്തില്‍ നിന്ന് അവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്, സഹതാപതിനും സങ്കടത്തിനുമപ്പുറം സഹജീവിയെന്ന പരിഗണന.
വികലാംഗര്‍ മുതല്‍ ദിവ്യാംഗ് വരെയുള്ള പദപ്രയോഗങ്ങളിലൂടെ തരം തിരിച്ച് മുഖ്യധാരയില്‍ നിന്ന് കാലാകാലങ്ങളായി മാറ്റിനിര്‍ത്തപ്പെടുന്ന ഒരു ജനവിഭാഗത്തിന് KURTC യിലെ സൗകര്യങ്ങളും ജീവനക്കാരും പ്രതീക്ഷയുടെ ഒരു ഉണര്‍ത്തുപാട്ടാണ്.
സര്‍ താങ്കള്‍ക്ക് കീഴിലുള്ള വകുപ്പിനെയും അതിലെ ജീവനക്കാരെയും അഭിനന്ദിക്കുന്നതിനൊപ്പം ഒരാവശ്യം കൂടെ താങ്കളുടെ ശ്രദ്ധയില്‍ വെച്ചോട്ടെ. പലപ്പോഴും ഒരുപാട് സമയം പൊരിവെയിലത്ത് ബസ് കാത്ത് നില്‍ക്കേണ്ടി വരാറുണ്ട്. KSRTC ബ്ലോഗും ആനവണ്ടി പോലുള്ള ആപ്പുമൊക്കെ ഉപയോഗിച്ച് സമയം നോക്കിയൊക്കെയാണ് ഇറങ്ങാറെങ്കിലും ചില സമയങ്ങളില്‍ ഡ്രൈവറുടെയോ കണ്ടക്ടറുടെയോ ശ്രദ്ധയില്‍പ്പെടാതെ ബസ് നിര്‍ത്താതെ പോയ അനുഭവങ്ങളുമുണ്ട്. പിന്നെയും ഒരുപാട് സമയം ആ വെയിലില്‍ അടുത്ത ബസ് കാത്തിരിക്കണം.
സാര്‍ പറഞ്ഞുവരുന്നത് ഓരോ ബസിലെയും കണ്ടക്ടറെ ബന്ധപ്പെടാന്‍ ഏതെങ്കിലും തരത്തിലുള്ള സംവിധാനം ഒരുക്കിയാല്‍ കൃത്യമായി ഇന്നയിന്ന സ്റ്റോപ്പുകളില്‍ ഞാനോ എന്നെപ്പോലെയുള്ളവരോ കാത്തിരിക്കുന്നുണ്ടെന്ന് അവരെ അറിയിക്കാന്‍ പറ്റും. നേരത്തെ സൂചിപ്പിച്ച കണക്കെ സഹകരണമുള്ള ജീവനക്കാരില്‍ നൂറു ശതമാനം പ്രതീക്ഷയുള്ളത് കൊണ്ട് തന്നെ അവര്‍ അവിടങ്ങളില്‍ ഞങ്ങള്‍ക്കായി ബസ് നിര്‍ത്തുമെന്ന് ഉറപ്പാണ്.
സര്‍ എനിക്കറിയില്ല നിങ്ങളിത് വായിക്കുമോ നേരിട്ട് കാണുമോ എന്നൊന്നും. പക്ഷെ പ്രതീക്ഷകളാണ് എന്നെയെപ്പോഴും മുന്നോട്ട് ഒഴുകാന്‍ പ്രേരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ അന്ധമായി വിശ്വസിക്കുന്നുണ്ട്, നിങ്ങളീ കുറിപ്പ് കാണുമെന്ന്, നടപടി ഉണ്ടാകുമെന്ന്. സര്‍ ഒന്ന് തീര്‍ത്ത് പറഞ്ഞുകൊണ്ട് അവസാനിപ്പിക്കട്ടെ. ആ സൗകര്യം കൂടെ ഒരുക്കപ്പെട്ടാല്‍ അവശരെന്ന് പറഞ്ഞ് സമൂഹം എന്നും മാറ്റി നിര്‍ത്തിയ ഒരു വലിയ കൂട്ടം ജനങ്ങള്‍ക്ക് പ്രതീക്ഷകളുടെ പ്രത്യാശയുടെ ആകാശത്തിലേക്ക് താങ്കള്‍ക്ക് വാതില്‍ തുറക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."