അന്ന് ചന്ദ്രനില്ലായിരുന്നെങ്കില്‍ പുത്തുമലയില്‍ എത്ര പേര്‍ കൂടി...
മേപ്പാടി(വയനാട്): 'കണ്‍മുന്നിലൂടെ കടന്നുപോയ ഭീകരദുരന്തത്തിന്റെ ദൃശ്യങ്ങള്‍ വേട്ടയാടുമ്പോഴും ചന്ദ്രേട്ടന്‍ ഞങ്ങളുടെ കൂടെ സദാസമയവുമുണ്ടായിരുന്നു, രാവും പകലും ഉറക്കമൊഴിച്ച്.
അദ്ദേഹം കഴിവിന്റെ പരമാവധി ഞങ്ങള്‍ക്കായി ഓടി നടന്നിട്ടുണ്ട് '. മേപ്പാടി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന പുത്തുമല ചോലശേരി ഹംസക്ക് സഹോദരന്‍ ഇബ്രാഹീം ഉരുള്‍പൊട്ടലില്‍ മരിച്ചതിന്റെ ആഘാതത്തിലാണെങ്കിലും ചന്ദ്രനെന്ന രക്ഷകനെ വിവരിക്കാന്‍ വാക്കുകളില്ലായിരുന്നു.
ചന്ദ്രന്റെ ഇടപെടലില്ലായിരുന്നെങ്കില്‍ കുറഞ്ഞത് 100 പേരെങ്കിലും ഉരുള്‍പൊട്ടലില്‍ അകപ്പെടുമായിരുന്നുവെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം. പുത്തുമല ഉള്‍പ്പെടുന്ന മേപ്പാടി പഞ്ചായത്ത് എട്ടാം വാര്‍ഡ് ജനപ്രതിനിധിയായ ചന്ദ്രന്‍(50) ഹാരിസണ്‍ മലയാളം ലിമിറ്റഡ് പുത്തുമല ഡിവിഷനിലെ ലാബ് അറ്റന്‍ഡര്‍ കൂടിയാണ്.
വ്യാഴാഴ്ച വൈകിട്ടാണ് ഉരുള്‍പൊട്ടലുണ്ടായത്. തലേ ദിവസം ബുധനാഴ്ച രാത്രി ഒരു മണിയോടു കൂടി ചന്ദ്രന് ഒരു ഫോണ്‍ കോളെത്തി. പുത്തുമലയിലെ പ്രവര്‍ത്തനം നിര്‍ത്തിയ ക്വാറിക്ക് സമീപം താമസിക്കുന്ന ലീലാമണി, രവീന്ദ്രന്‍ എന്നിവര്‍ സഹായമഭ്യര്‍ഥിച്ച് വിളിച്ചതായിരുന്നു.
മുകളില്‍ നിന്ന് പാറയും മണ്ണും ഇടിഞ്ഞ് ഇവരുടെ വീട്ടിലേക്ക് വീണിരുന്നു. ഉടന്‍ തന്നെ ചന്ദ്രന്‍ സ്ഥലത്തെത്തി രണ്ട് കുടുംബങ്ങളെയും അവിടെ നിന്ന് മാറ്റിയതിന് പിന്നാലെ രണ്ടു വീടുകളും തകര്‍ന്നടിഞ്ഞു. രാത്രി തന്നെ പുത്തുമലയിലെ തോട്ടില്‍ ജല നിരപ്പുയര്‍ന്നിരുന്നു. മലമുകളില്‍ ചെറുതായി മണ്ണിടിയുന്നതിന്റെയും മണ്ണൊലിപ്പിന്റെയും സൂചനകള്‍. ഔദ്യോഗികമായി യാതൊരു അറിയിപ്പുകളും ഉണ്ടായിരുന്നില്ല. ഇതുവരെ ഉരുള്‍പൊട്ടാത്ത സ്ഥലവും കൂടിയാണ് പുത്തുമല. പക്ഷെ വ്യാഴാഴ്ച രാവിലെ മുതല്‍ ചന്ദ്രന്‍ മുന്നിട്ടിറങ്ങി.
പ്രദേശവാസികളെ സംഘടിപ്പിച്ച് പരമാവധി ആളുകളെ പുത്തുമല ഗവ. സ്‌കൂളിലേക്കും മുണ്ടക്കൈ ഫോറസ്റ്റ് ഓഫിസിലേക്കും മാറ്റി. ചന്ദ്രന്റെ മുന്‍കരുതലുകള്‍ നാടിനു രക്ഷയായി. അല്ലായിരുന്നുവെങ്കില്‍... പലര്‍ക്കും ആലോചിക്കാന്‍ വയ്യ. പുത്തുമലയില്‍ ഏകദേശം 60 വീടുകളിലായി നൂറിലേറെ പേരാണ് താമസിക്കുന്നത്. ഇതില്‍ ബഹുഭൂരിക്ഷം പേരെയും വ്യാഴാഴ്ച വൈകിട്ടോടെ മാറ്റിയതിനാല്‍ മരണസംഖ്യ കുറഞ്ഞു. മേപ്പാടിയില്‍ നിന്ന് പുത്തുമലക്കുള്ള റോഡില്‍ കള്ളാടി മുതല്‍ ചൂരല്‍മല വരെയുള്ള ഭാഗത്ത് നിരവധി സ്ഥലങ്ങളിലാണ് മണ്ണും പാറയും ഇടിഞ്ഞുവീണ് റോഡ് തകര്‍ന്നത്.
തന്‍മൂലം ഉരുള്‍പൊട്ടലുണ്ടായ വ്യാഴാഴ്ച രാത്രി അങ്ങോട്ടേക്ക് പുറമെ നിന്ന് അധികൃതര്‍ക്ക് എത്താന്‍ കഴിഞ്ഞില്ല. ഒറ്റപ്പെട്ട രാത്രി സമയത്തെല്ലാം ആളുകള്‍ക്ക് സാന്ത്വനമായി അവരുടെ കൂടെ ചന്ദ്രനുണ്ടായിരുന്നു. ജനപ്രതിനിയാകുന്നതിന് മുമ്പുതന്നെ പുത്തുമല പ്രദേശവാസികളുടെ ഏത് പ്രശ്‌നങ്ങള്‍ക്ക് മുമ്പിലും നിസ്വാര്‍ഥനായി ചന്ദ്രന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇത് കണക്കിലെടുത്താണ് ആളുകള്‍ അദ്ദേഹത്തെ നിര്‍ബന്ധിപ്പിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത്. ആളുകള്‍ പ്രശംസിക്കുമ്പോഴും മുഴുവനാളുകളെയും രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് ദുഃഖിതനാണ് ചന്ദ്രന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."