11 കോടിയുടെ ഫാന്റം 8 കാര്‍ സ്വന്തമാക്കി കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേക്കേറിയ എം.എല്‍.എ
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് കൂറുമാറിയതിനെത്തുടര്‍ന്ന് അയോഗ്യനായ എം.ടി.ബി നാഗരാജിന്റെ പുതിയ കാര്‍ ചര്‍ച്ചയാവുന്നു. ഇന്ത്യയിലെ ഏറ്റവും വില കൂടിയ കാറാണ് നാഗരാജ് സ്വന്തമാക്കിയിരിക്കുന്നത്.
റോള്‍സ് റോയിസിന്റെ ഏറ്റവും പുതിയ മോഡലായ ഫാന്റം 8 ആണ് നാഗരാജ് നിരത്തിലിറക്കിയിരിക്കുന്നത്. 11 കോടി രൂപയാണ് കാര്‍ റോഡിലിറക്കാന്‍ വേണ്ടിവന്നത്.
കര്‍ണാടകയില്‍ സ്പീക്കര്‍ അയോഗ്യരാക്കിയ 17 എം.എല്‍.എമാരില്‍ ഒരാളാണ് എം.ടി.ബി നാഗരാജ്. തന്റെ ജന്മനാടായ ഹോസ്കോട്ടയിലുള്ള അവിമുക്ത്വേശ്വര ക്ഷേത്രത്തില്‍ പുതിയ കാറുമായെത്തി അദ്ദേഹം ദര്‍ശനം നടത്തി. തുടര്‍ന്ന് മുഖ്യമന്ത്രി യെദ്യൂരപ്പയെ കാണാന്‍ ഇതേ കാറില്‍ തന്നെ പോയി. കര്‍ണാടകയിലെ പ്രളയ ദുരിതാശ്വാസത്തിനായി ഒരു കോടി രൂപയുടെ ചെക്ക് നല്‍കുകയും ചെയ്തു.
തനിക്ക് ആയിരം കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് തെരഞ്ഞെടുപ്പ് സമയത്ത് നാഗരാജ് വെളിപ്പെടുത്തിയിരുന്നത്.
'ഈ കാര്‍ വാങ്ങുകയെന്നത് തന്റെ ദീര്‍ഘകാല ആഗ്രഹമായിരുന്നു. ഇപ്പോഴാണ് അത് യാഥാര്‍ഥ്യമായത്'- എം.ടി.ബി നാഗരാജ് പ്രതികരിച്ചു. അതേസമയം, പുതിയ കാര്‍ വാങ്ങിയ സന്ദര്‍ഭം ഏറെ ചര്‍ച്ചയായിരിക്കുകയാണ്. കൂറുമാറ്റത്തിനു പിന്നാലെയാണ് കാര്‍ വാങ്ങിയതെന്നാണ് ഇതിനു കാരണം.
ആഡംബരത്തിന്റെ അവസാന വാക്കാണ് ഫാന്റം 8 കാര്‍. 16 വര്‍ഷം മുന്‍പ് റോള്‍സ് റോയിസ് അവതരിപ്പിച്ച ഫാന്റം മോഡലിന്റെ ഏറ്റവും പുതിയ പതിപ്പാണിത്.
അലുമിനിയം ഫ്രെയിം പ്ലാറ്റ്ഫോമിലുള്ള കാര്‍ സുരക്ഷയുടെ കാര്യത്തിലും ഏറ്റവും മുന്നിലാണ്. 563 ബി.എച്ച്.പി കരുത്തും 900 എന്‍.എം ടോര്‍ക്കുമേകുന്ന 6.75 ലിറ്റര്‍ വി-12 ട്വിന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് കാറിന്റേത്. വെറും 5.4 സെക്കന്റ് കൊണ്ട് കാറിന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."