കേന്ദ്രം കനിഞ്ഞാല്‍ ലോകബാങ്ക് നല്‍കും 3682 കോടി
തിരുവനന്തപുരം: കേരളത്തിന്റെ പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 3,682 കോടിരൂപയുടെ സഹായം ലോകബാങ്ക് വാഗ്ദാനം ചെയ്തു.
404 കോടി രൂപ അടിയന്തരസഹായമായി ലഭ്യമാക്കും. അടിസ്ഥാനസൗകര്യവും ജനങ്ങളുടെ ഉപജീവനമാര്‍ഗവും ഒരുക്കുന്നതിന് മുന്‍ഗണന നല്‍കുന്ന പദ്ധതിയാണ് ലോകബാങ്ക് തയാറാക്കിയിരിക്കുന്നത്. എന്നാല്‍ കേന്ദ്രം പരിധി ഉയര്‍ത്തിയാല്‍ മാത്രമേ ലോകബാങ്ക് വായ്പ ലഭിക്കൂ. 500 മില്യണ്‍ ഡോളര്‍ അഥവാ 3,682 കോടിരൂപ സംസ്ഥാനത്തിന് നല്‍കാമെന്നാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ലോകബാങ്ക് സംഘം അറിയിച്ചത്. നടപ്പിലുള്ള പദ്ധതികള്‍ക്ക് അനുവദിച്ച 404 കോടിരൂപ അടിയന്തരസഹായമായി വഴിതിരിച്ച് നല്‍കും.
54 ലക്ഷം പേരെ പ്രളയംബാധിച്ചെന്ന് ലോകബാങ്ക് സംഘം പഠനത്തില്‍ കണ്ടെത്തി. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ ആറിലൊന്ന് വരുമിത്. ഗതാഗതം, ഗ്രാമീണ, നഗര അടിസ്ഥാനസൗകര്യം, ടൂറിസം അടക്കമുള്ള ഉപജീവനമേഖലകള്‍, വീടുകള്‍ എന്നിവയെ പ്രളയം ഗുരുതരമായി ബാധിച്ചു. സാമ്പത്തിക സഹായത്തിന് പുറമെ ദുരന്തങ്ങളെ നേരിടുന്നതിനുള്ള സ്ഥാപനങ്ങള്‍, സംവിധാനങ്ങള്‍, അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ ഒരുക്കുന്നതിനും ലോകബാങ്ക് സഹായം നല്‍കും. പലഘട്ടങ്ങളായി കേരളത്തിന് സഹായം നല്‍കാനുള്ള പദ്ധതിയാണ് ലോകബാങ്ക് തയാറാക്കിയിരിക്കുന്നത്.
ആഭ്യന്തര, രാജ്യാന്തര തലത്തില്‍ ധനസമാഹരണം നടത്തുന്നതിന് കേരളത്തെ സഹായിക്കും. കടപ്പത്രങ്ങള്‍ വഴിയും മറ്റും വായ്പയെടുക്കുന്നതിന് കേരളത്തിന് വേണ്ട സാങ്കേതിക സഹായവും ഉപദേശവും നല്‍കും. ഭാവിയില്‍ ഇത്തരം ദുരന്തങ്ങളെ നേരിടുന്നതിന് സ്ഥാപനങ്ങളെ ശക്തമാക്കുന്നതിനും നയങ്ങള്‍ രൂപീകരിക്കുന്നതിനും രണ്ടാംഘട്ടത്തില്‍ സഹായം നല്‍കും.
ജലവിഭവം, ഗതാഗതം, സാമൂഹ്യ സുരക്ഷ, പരിസ്ഥിതി, ദുരന്ത മുന്‍കരുതല്‍ എന്നിവയ്ക്കാകും ഊന്നല്‍. സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നിനെ നവകേരള നിര്‍മാണത്തിനുള്ള അവസരമാക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നതായും ലോകബാങ്ക് പ്രതിനിധികള്‍ അറിയിച്ചു. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ ആശയങ്ങളും ലോകബാങ്ക് പ്രതിനിധികള്‍ അവതരിപ്പിച്ചു. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വിദേശമലയാളികളുടെ സഹായം സ്വരൂപിക്കുന്നത് സംബന്ധിച്ചും ചര്‍ച്ചയുണ്ടായി.
കണ്‍ട്രി ഡയരക്ടര്‍ ജുനൈദ് അഹമ്മദിനു പുറമെ ഇന്ത്യാ കണ്‍ട്രി മാനേജര്‍ ഹിഷാം, ലീഡ് അര്‍ബന്‍ സ്‌പെഷലിസ്റ്റ് ബാലകൃഷ്ണ മേനോന്‍, ലീഡ് ഇക്കണോമിസ്റ്റ് ദിലീപ് രാത്ത, ലീഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സ്‌പെഷലിസ്റ്റ് ദീപക് സിങ്, സുധീപ് എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ലോകബാങ്ക് സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."