പ്രവാസി ക്ഷേമനിധി തട്ടിപ്പ്: മുഖ്യപ്രതി കീഴടങ്ങി
തളിപ്പറമ്പ്: ഒരു കോടിയോളം രൂപയുടെ പ്രവാസി ക്ഷേമനിധി തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി കോടതിയില്‍ കീഴടങ്ങി. പറശ്ശിനിക്കടവിലെ നടക്കല്‍ കൃഷ്ണനാണ്(54) ഇന്നലെ വൈകുന്നേരം നാലോടെ തളിപ്പറമ്പ് ജുഡിഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. പൊലിസ് കൃഷ്ണനുവേണ്ടി വ്യാപക തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.
കേസിലെ മറ്റൊരു പ്രതിയായ കവിതാ രാജീവന്റെ കാറും വിദേശത്തേക്ക് കടക്കുന്നതിനായി തയാറാക്കിയ രേഖകളും ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
കോഴിക്കോട് എന്‍.ഐ.ടിക്ക് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ട കാറില്‍ സൂക്ഷിച്ച നിലയിലായിരുന്നു യാത്രാരേഖകള്‍. കവിതാ രാജീവനും ഇന്ന് കീഴടങ്ങുമെന്ന് സൂചനയുണ്ട്.
പ്രവാസി സംഘത്തിന്റെ തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി ക്ഷേമനിധി സര്‍വിസ് സെന്ററിന്റെ മറവിലാണ് ഒരു കോടിയിലേറെ തുകയുടെ തട്ടിപ്പ് നടന്നതെന്ന് പൊലിസ് പറഞ്ഞു.
പ്രവാസികളും ബന്ധുക്കളും ക്ഷേമനിധിയിലേക്ക് അയച്ച പണം ബാങ്കില്‍ അടക്കാതെയാണ് തട്ടിപ്പ് നടത്തിയത്. കോടതി റിമാന്‍ഡ് ചെയ്ത കൃഷ്ണനെ കസ്റ്റഡിയില്‍ ലഭിക്കാനായി ഇന്ന് അപേക്ഷ നല്‍കുമെന്ന് എസ്.ഐ കെ. ദിനേശന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."