ഭക്ഷ്യവില നിയന്ത്രണ ബില്‍ എന്ന ആവശ്യകത
രണ്ടു കട്ടന്‍ചായക്കു വിലയായി ജി.എസ്.ടിയടക്കം ഈടാക്കിയത് 92 രൂപ. സപ്തനക്ഷത്ര ഹോട്ടലിലോ പഞ്ചനക്ഷത്ര ഹോട്ടലിലോ അല്ല ഈ തീവില. കേട്ടിട്ടു ഞെട്ടേണ്ട. കോഴിക്കോട്ടെ എയര്‍കണ്ടീഷന്‍ പോലുമില്ലാത്ത ഒരു ഹോട്ടലിലാണ് രണ്ട് കട്ടന്‍ ചായക്ക് ഇവ്വിധം വില ഈടാക്കിയത്. ആരാണ് ഭക്ഷ്യവസ്തുക്കളുടെ വില തീരുമാനിക്കുന്നത്. എത്രയാണ് ഓരോന്നിന്റെയും യഥാര്‍ഥ വില. ആര്‍ക്കാണ് ഇവയെ കൃത്യമായി അറിയുക. സത്യം പറഞ്ഞാല്‍ ആര്‍ക്കും ഒരു നിശ്ചയവുമുണ്ടാവില്ല. ആ അന്വേഷണം വൃഥാവിലാവുകയും ചെയ്യും.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീണ്ടുകിടക്കുന്ന കേരള സംസ്ഥാനത്തിന്റെ പലയിടത്തും ഹോട്ടല്‍ ഭക്ഷണത്തിന് തോന്നും വിലയാണ്. ഓരോ ദിവസം കഴിയുംതോറും കഴിക്കുന്നയാള്‍ പോലും അറിയാതെ വില കൂടിയിരിക്കും. ഒരു ചായക്ക് എന്താണ് വിലയെന്ന് നോക്കിയാല്‍ ഒരു രൂപവും കിട്ടില്ല. ഒരു പിടി മണലില്‍ എത്ര തരിയുണ്ട് എന്ന് ചോദിച്ച പോലെയാകും. അത്ര വ്യത്യസ്തമാണ് വിലയിലെ മാറ്റങ്ങള്‍. നിരത്തിലിറങ്ങി ഒരു ചായ കുടിച്ചാല്‍ കുറഞ്ഞത് ആറു രൂപ മുതല്‍ മുകളിലേക്കാണ് വില. (ആറ് രൂപയില്‍ കുറഞ്ഞ് ചായ നല്‍കുന്നവരും ഉണ്ടെന്ന് ഓര്‍ക്കുന്നു).
ആറില്‍നിന്നും പിന്നീട് അത് ഏഴാകുന്നു, എട്ടാകുന്നു, പത്താകുന്നു, പന്ത്രണ്ടാകുന്നു പിന്നീടും മുകളിലേക്ക് ഉയരുന്നു. ആരാണ് ഇവര്‍ക്ക് ഇങ്ങനെ വില കൂട്ടുന്നതിനുള്ള അധികാരം നല്‍കിയത്. ആറു രൂപയില്‍നിന്ന് 12 രൂപയിലേക്ക് എത്തുമ്പോള്‍ എന്തുമാറ്റമാണ് ആ ചായയില്‍ ഉണ്ടാകുന്നത്. യാതൊരു മാറ്റവും ഉണ്ടാകുന്നില്ല എന്നതാണ് വസ്തുത. ഇവിടെ ചായ ഒരു ഉദാഹരണം മാത്രം. ഊണിന്റെ കാര്യവും മറിച്ചല്ല. സാധാരണനിലയില്‍ 30 രൂപയില്‍ ആരംഭിക്കുന്ന ഒരു ഊണിന്റെ വില നൂറ് രൂപയും കഴിഞ്ഞ് മുകളിലോട്ട് കുതിക്കും. ചായയുടെ കാര്യത്തില്‍ പറഞ്ഞ അതേപടി തന്നെ പറയത്തക്ക യാതൊരു മാറ്റവുമില്ലാതെ.
ഈ ചോദ്യമാണ് വീണ്ടും ഉയരുന്നത്. ആരാണ് സംസ്ഥാനത്തെ ഭക്ഷ്യവസ്തുക്കളുടെ വില കണക്കാക്കുന്നത്. എന്താണ് മാനദണ്ഡം. ഒരു വില എത്ര നാള്‍ നിലനില്‍ക്കും. മുന്‍പ് പറഞ്ഞതുപോലെ തന്നെ ഒരു നിശ്ചയവുമില്ല. ആരും വില ശ്രദ്ധിക്കുന്നുമില്ല. ഭക്ഷണം കഴിച്ച ശേഷം ബില്‍ കണ്ട് ബോധം കെട്ട് സമൂഹമാധ്യമങ്ങളിലും മറ്റും തങ്ങള്‍ക്ക് പറ്റിയ ചതിയെക്കുറിച്ച് പങ്കുവയ്ക്കുമ്പോള്‍ മറ്റുള്ളവരും കുറച്ചുനാള്‍ പിന്നാലെ പോകും. പിന്നീട് പതിയെ മങ്ങിത്തുടങ്ങും. സിനിമാതാരം അനുശ്രീ വിമാനത്താവളത്തില്‍നിന്നും കഴിച്ച പഫ്‌സിന്റെ വില സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. പതിയെ അതും കെട്ടടങ്ങി. ഇനി മറ്റൊരാള്‍ ഇതുപോലെ വഞ്ചിക്കപ്പെട്ടാല്‍ നമ്മള്‍ വീണ്ടും അതിന് പിന്നാലെ പോകും. പിന്നീട് പതിയെ മൗനം പാലിക്കും. സ്ഥിരം പല്ലവി.
ഭക്ഷ്യവില നിയന്ത്രിക്കാന്‍ എന്താണ് നമുക്ക് വേണ്ടത്. വേണ്ടത് ഭക്ഷ്യസുരക്ഷ മാത്രമാണോ. കഴിക്കുന്ന ഭക്ഷണത്തിന് തോന്നുംപടി വില നല്‍കുമ്പോള്‍ ചോരനീരാക്കിയുണ്ടാക്കിയ സമ്പത്ത് നമ്മള്‍ യാതൊരു കാരണവുമില്ലാതെ കളഞ്ഞുകുളിക്കുകയാണ്. ആറ്റില്‍ക്കളഞ്ഞാലും അളന്ന് കളയണമെന്ന പഴഞ്ചൊല്ല് ഇവിടെ ഓര്‍മിക്കുന്നത് നല്ലതാണ്.
ഭക്ഷ്യവിലയുടെ പേരില്‍ നടക്കുന്ന ഈ പകല്‍ക്കൊള്ള അവസാനിപ്പിക്കാന്‍ ഉള്ള ഒരേയൊരു മാര്‍ഗം ഭക്ഷ്യവില നിയന്ത്രണ ബില്‍ അവതരിപ്പിക്കുക എന്നതാണ്. അത്തരം ഒരു ബില്‍ വന്നാല്‍ മാത്രമേ ഈ പകല്‍ക്കൊള്ള അവസാനിപ്പിക്കാന്‍ കഴിയൂ. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഇത്തരമൊരു ബില്‍ അവതരിപ്പിക്കാന്‍ ശ്രമമുണ്ടായി. ഭക്ഷ്യവകുപ്പ് അതിനുവേണ്ട നീക്കങ്ങളും നടത്തിയിരുന്നു. എന്നാല്‍ ആ ബില്‍ ഇന്നും എങ്ങുമെത്താതെ പോയി. ഒരു പക്ഷേ ആ ബില്ലിനുവേണ്ടി നടത്തിയ നീക്കങ്ങള്‍ ഇന്ന് സെക്രട്ടേറിയറ്റിനകത്തെ ഏതെങ്കിലും ഒരു മൂലയില്‍ പൊടിപിടിച്ച് ഉറങ്ങുന്നുണ്ടാകണം. ഇപ്പോഴും ഈ ബില്‍ നിയമമാക്കിയാല്‍ യാതൊരു തടസവും കൂടാതെ നിയമമാകുമെന്ന് ഉറപ്പാണ്.
ഓരോ ഹോട്ടലും തോന്നുംപടി നടത്തുന്ന ഈ കൊള്ള നിയന്ത്രിക്കാന്‍ സര്‍ക്കാരിനും നിയന്ത്രണങ്ങളുണ്ടായിരിക്കാം. എന്നാല്‍ ഈ പകല്‍ക്കൊള്ള കണ്ടില്ലെന്ന് നടിക്കുന്നതും കടുത്ത അനീതിയാണ്. റോഡരികിലെ തട്ടുകടകള്‍ മുതല്‍ സപ്തനക്ഷത്ര ഹോട്ടലുകള്‍ വരെ വ്യാപിച്ചുകിടക്കുന്ന ഭക്ഷ്യശൃംഖലക്ക് ഒരു പൂര്‍ണരൂപം ആവശ്യമാണ്. ആ രൂപം തന്നെയാണ് ഭക്ഷ്യവില നിയന്ത്രണ ബില്‍ എന്നതും. ഭക്ഷണം നല്‍കുന്ന ഇടങ്ങളെ അവയുടെ അടിസ്ഥാന സൗകര്യങ്ങള്‍ നോക്കി തരം തിരിക്കുക. തട്ടുകടകള്‍, ചായക്കടകള്‍, ചെറുകിട ഹോട്ടലുകള്‍, ഹോട്ടലുകള്‍, ബേക്കറി കൂള്‍ബാറുകള്‍, റസ്റ്ററന്റുകള്‍, വന്‍കിട ഹോട്ടലുകള്‍ എന്നിങ്ങനെ തരം തിരിച്ച് അതിനനുസരിച്ച് വില നിശ്ചയിക്കുകയും ചെയ്യുക. അതോടൊപ്പം നിശ്ചയിച്ച വില മാറ്റമില്ലാതെ തുടരുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. അതിന് പൊലിസ്, ഭക്ഷ്യസുരക്ഷാ വിഭാഗം, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സേവനവും ഉറപ്പുവരുത്താം. ഇത്തരമൊരു തരംതിരിക്കലിലൂടെ മാത്രമേ ഈ തീവില ഈടാക്കുന്ന സമീപനം മാറ്റാന്‍ കഴിയൂ. നിശ്ചയിച്ച വിലകളില്‍ മാറ്റം വരുത്തിയാല്‍ കനത്ത തുക പിഴയായി ഈടാക്കുകയും ചെയ്താല്‍ ആരും തോന്നുംപടിയുള്ള ഈ വില നിശ്ചയിക്കല്‍ നടത്തില്ലെന്നതും ഉറപ്പാണ്. കാരണം അവകാശ സംരക്ഷണത്തില്‍ നമ്മള്‍ മലയാളികള്‍ അത്രമേല്‍ മുന്‍പിലാണ്.
ഭക്ഷ്യവില നിയന്ത്രണത്തിന് ഇന്ത്യന്‍ റെയില്‍വേ ഒരു പരിധിവരെ മികച്ച ഉദാഹരണമാണ്. അത്തരത്തില്‍ ഒരു സ്ഥിര നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ സംസ്ഥാനത്തെ ഈ പകല്‍ക്കൊള്ള ഒരു പരിധിവരെ തടയാന്‍ കഴിയും. ഒരു ചായക്ക് സാധാരണ ആറ് രൂപയില്‍ തുടങ്ങുന്ന വില അവസാനിക്കുന്നത് മാന്യതയുടെ സര്‍വസീമകളും ലംഘിച്ചായിരിക്കും. ഇത് സാധാരണക്കാരന്റെ കീശ അക്ഷരാര്‍ഥത്തില്‍ കൊള്ളയടിക്കുന്നതാണ്. ഇത്തരം പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ ഒരു ബില്‍ അത്യന്താപേക്ഷിതമാണ്. പൊടി പിടിച്ചിരിക്കുന്ന ആ ബില്‍ ഇനിയും നിയമമായില്ലെങ്കില്‍ ഒരു കട്ടന്‍ചായക്ക് ആയിരം രൂപ ഈടാക്കിയാല്‍ ആ തുകയും ടിപ്പും നല്‍കി ഇറങ്ങിവരേണ്ട ഗതികേടിലേക്ക് മലയാളികള്‍ മാറുമെന്ന് സംശയലേശമന്യേ ഉറപ്പിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."