യാത്രക്കാരെ വലച്ച് മിന്നല്‍ പണിമുടക്ക്
കൊല്ലം: ജില്ലയില്‍ കെ.എസ്.ആര്‍.ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് യാത്രക്കാരെ വലച്ചു.
സമരത്തെതുടര്‍ന്നു ഡിപ്പോകളില്‍ നിന്നുള്ള സര്‍വിസുകള്‍ നിര്‍ത്തിവച്ചു. റിസര്‍വേഷന്‍, അന്വേഷണ കൗണ്ടറുകളുടെ ചുമതല കുടുംബശ്രീയെ ഏല്‍പ്പിക്കുന്നതിനെതിരേ തിരുവനന്തപുരത്ത് ജീവനക്കാര്‍ സമരം നടത്തിയിരുന്നു. ഇതില്‍ പങ്കെടുത്ത ജീവനക്കാരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തില്‍ പ്രതിഷേധിച്ചാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്താകമാനം പണിമുടക്കിയത്. രാവിലെ ആരംഭിച്ച പണിമുടക്ക് ആറു മണിക്കൂറോളം പിന്നിട്ട് ഉച്ചയോടെയാണ് പിന്‍വലിച്ചത്. തിരുവനന്തപുരത്ത് ഗതാഗത മന്ത്രിയുമായി ട്രേഡ് യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയെതുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു.
കൊട്ടാരക്കര: കെ.എസ്.ആര്‍.ടി.സി റിസര്‍വേഷന്‍ കൗണ്ടര്‍ കുടുംബശ്രീയെ ഏല്‍പ്പിച്ച മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സമരക്കാര്‍ ഡിപ്പോയില്‍ നിന്നുള്ള ബസ് സര്‍വീസുകള്‍ തടഞ്ഞത് യാത്രക്കാരെ വലച്ചു. കഴിഞ്ഞ ദിവസം രാവിലെ ഏഴ് മുതല്‍ തന്നെ സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചിരുന്നു. റിസര്‍വേഷന്‍ കൗണ്ടര്‍ ഉപരോധിച്ചായിരുന്നു സമരം.
എന്നാല്‍ ഇതേ വിഷയത്തില്‍ കെ.എസ്.ആര്‍ ടി.സി തിരുവനന്തപുരം ഡിപ്പോയില്‍ നടന്ന സമരത്തില്‍ യൂനിയന്‍ നേതാക്കളെ പൊലിസ് മര്‍ദ്ദിച്ചു വെന്ന വാര്‍ത്ത വന്നതോടുകൂടി കൊട്ടാരക്കര ഡിപ്പോയില്‍ സമരം ശക്തമാക്കുകയും മിന്നല്‍ പണിമുടക്കായി മാറുകയുമായിരുന്നു. ദീര്‍ഘ ദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ സമരക്കാര്‍ തടഞ്ഞു. രാവിലെ ഏഴ് മുതല്‍ 12 വരെ കൊട്ടാരക്കര ഡിപ്പോയില്‍ നിന്നുള്ള മുഴുവന്‍ സര്‍വിസുകളും നിര്‍ത്തിവെപ്പിച്ചു.
തുടര്‍ന്ന് ഒരു കൂട്ടം യാത്രക്കാര്‍ സംഘടിച്ച് സമരക്കാര്‍ക്ക് നേരെ തിരിഞ്ഞു. കൊട്ടാരക്കര എസ്.ഐ സി.കെ മനോജ് യാത്രക്കാരെ ഉപയോഗിച്ച് സമരക്കാരെ നേരിടാന്‍ ശ്രമിച്ചുവെന്നാരോപിച്ച് പൊലിസും സമരക്കാരും തമ്മില്‍ ചെറിയ സംഘര്‍ഷം ഉടലെടുത്തു. ഉപരോധ സമരത്തിന് വിവിധ ട്രേഡ് യൂനിയന്‍ നേതാക്കളായ എം.എസ് മുരുകന്‍, എം.ആര്‍. ശ്രീജിത്ത് ഘോഷ്, എം.സുരേന്ദ്രന്‍ , ഹരിഹരശര്‍മ്മ, ശിവകുമാര്‍, എ.സുരേഷ്‌കുമാര്‍, രാജേന്ദ്രബാബു, പ്രശാന്ത് കാവുവിള ഹണിബാലചന്ദ്രന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."