സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടു; കുര്‍ബാനയ്‌ക്കെത്തുന്നത് തടയാനെന്ന് ആരോപണം
കല്‍പ്പറ്റ: പീഡനക്കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടു. വെള്ളമുണ്ട പൊലിസെത്തിയാണ് വാതില്‍ തുറന്നത്.
കുര്‍ബാനയ്ക്ക് പോകുന്നത് തടയാനാണ് തന്നെ പൂട്ടിയിട്ടതെന്ന് ലൂസി കളപ്പുര ആരോപിച്ചു. തന്നെ തടങ്കലിലാക്കാന്‍ ശ്രമിക്കുന്നുവെന്നും അങ്ങേയറ്റം മനുഷ്യത്വരഹിതമായ സംഭവമാണ് ഉണ്ടായതെന്നും ലൂസി പറഞ്ഞു.
രാവിലെ ആറരയോടെയാണ് സംഭവമുണ്ടായത്. പള്ളിയില്‍ കുര്‍ബാനയ്ക്ക് പോകാനായി ഇറങ്ങിയപ്പോഴാണ് വാതില്‍ പൂട്ടിതായി കണ്ടത്. ഒടുവില്‍ സിസ്റ്റര്‍ വെള്ളമുണ്ട പൊലിസ് സ്റ്റേഷനില്‍ വിളിച്ചു. പൊലിസെത്തിയാണ് വാതില്‍ തുറന്നത്. സംഭവത്തില്‍ കേസെടുക്കുമെന്ന് വെള്ളമുണ്ട പൊലിസ് അറിയിച്ചു.
കഴിഞ്ഞ ആഴ്ചയാണ് സിസ്റ്റര്‍ ലൂസിയെ മഠത്തില്‍ നിന്ന് പുറത്താക്കിയതായി ഔദ്യോഗിക അറിയിപ്പെത്തിയത്. മകളെ മഠത്തില്‍ നിന്ന് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ലൂസി കളപ്പുരയുടെ അമ്മയ്ക്ക് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം (എഫ്‌സിസി) കത്തയയ്ക്കുകയും ചെയ്തിരുന്നു. ലൂസിക്ക് ഒരു അവകാശവും നല്‍കില്ലെന്നും ഈ കത്തില്‍ വ്യക്തമാക്കിയിരുന്നു.
ബിഷപ്പ് ഫ്രാങ്കോ മുളയ്കക്കലിനെതിരായ ലൈംഗിക പീഡന കേസില്‍ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് ശക്തമായ പിന്തുണ നല്‍കിയ വ്യക്തിയാണ് സിസ്റ്റര്‍ ലൂസി കളപ്പുര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."