കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം; പദ്ധതി നിര്‍വഹണത്തില്‍ വീഴ്ചയെന്ന് പ്രതിപക്ഷം
കണ്ണൂര്‍: കോര്‍പറേഷന്റെ പദ്ധതി നിര്‍വഹണത്തിലും ആസൂത്രണത്തിലും വന്‍ വീഴ്ചയെന്നു പ്രതിപക്ഷം. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്‍മാരെ രാഷ്ട്രീയനിറം നോക്കി സ്ഥലംമാറ്റിയതുകൊണ്ടാണ് വികസനകാര്യത്തില്‍ വീഴ്ചയെന്നു പ്രതിപക്ഷം ആരോപിച്ചു.
കൗണ്‍സിലര്‍മാര്‍ നോട്ടിസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വിളിച്ചുചേര്‍ത്ത കൗണ്‍സില്‍ യോഗത്തിലായിരുന്നു വിമര്‍ശനം. പദ്ധതി പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കേണ്ടവര്‍ തോന്നിയപോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സി. സമീര്‍ പറഞ്ഞു. പദ്ധതി നിര്‍വഹണകാര്യത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി സഹകരിക്കുന്നില്ലെന്ന ആക്ഷേപം അഡ്വ. ടി.ഒ മോഹനന്‍ നിഷേധിച്ചു.
പ്രതിപക്ഷത്തെ ഒരു കാര്യവും അറിയിക്കാതെ സ്വന്തം താല്‍പര്യപ്രകാരമാണ് ഭരണപക്ഷത്തുള്ളവര്‍ പ്രവര്‍ത്തിക്കുന്നതെന്നും മോഹനന്‍ പറഞ്ഞു. ക്ഷേമപെന്‍ഷന്‍ പോലും അവതാളത്തിലാകുന്ന ഉത്തരവുകളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് എം.പി മുഹമ്മദലി പറഞ്ഞു.
കോര്‍പറേഷന്റെ വികസനം അട്ടിമറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് എന്‍. ബാലകൃഷ്ണന്‍ തിരിച്ചടിച്ചു. വാര്‍ഡുസഭ മുതല്‍ ചര്‍ച്ച ചെയ്താണ് പദ്ധതിക്ക് രൂപം നല്‍കിയതെന്നും എന്നിട്ടും വികസന സമിതി യോഗം ബഹിഷ്‌ക്കരിച്ചത് രാഷ്ട്രീയമല്ലാതെ മറ്റൊന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
കോര്‍പറേഷന്‍ വികസന സെമിനാര്‍ ബഹിഷ്‌ക്കരിച്ച പ്രതിപക്ഷം പദ്ധതി നിര്‍വഹണകാര്യത്തില്‍ ഒളിച്ചുകളി നടത്തുകയാണെന്നും അവര്‍ ഉന്നയിച്ച ആവശ്യം ചര്‍ച്ച ചെയ്യാതെ മറ്റു കാര്യങ്ങളാണ് സംസാരിക്കുന്നതെന്ന് ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് പറഞ്ഞു.
സി. എറമുള്ളാന്‍, പ്രകാശന്‍, അഡ്വ. പി ഇന്ദിര എന്നിവര്‍ സംസാരിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."