തിരിച്ചുവരാനുള്ള കോളക്കമ്പനിയുടെ നീക്കം പൊളിഞ്ഞു
ഫൈസല്‍ കോങ്ങാട്
പാലക്കാട്: വളഞ്ഞവഴിയിലൂടെ പ്ലാച്ചിമടയില്‍ തിരിച്ചെത്താനുള്ള കൊക്കകോള കമ്പനിയുടെ കരുനീക്കം പദ്ധതി പ്രദേശത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേയും ജനപ്രതിനിധികളുടേയും ഒറ്റക്കെട്ടായ നീക്കത്തിലൂടെ പൊളിച്ചടുക്കി. കോളക്കമ്പനിമൂലം നാശനഷ്ടങ്ങളുണ്ടായ പ്രദേശത്തെ ജനങ്ങള്‍ക്ക് പുനരധിവാസ പദ്ധതിയെന്ന നിലയില്‍ ആധുനിക കൃഷിരീതികള്‍, ആരോഗ്യപദ്ധതികള്‍, വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയവ പ്രദേശത്ത് നടപ്പാക്കുന്നതിനായി സര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിച്ച് കൊക്കകോള മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ പ്രത്യക്ഷത്തില്‍ മികച്ചതെന്ന് തോന്നുന്ന പല പദ്ധതികളും അവതരിപ്പിച്ച് വീണ്ടും ഇവിടെ തിരിച്ചെത്താനുള്ള ചരടുവലികളായിരുന്നു കമ്പനി നടത്തിയിരുന്നത്.
നിവേദനം ലഭിച്ചതോടെ, പ്രദേശത്തെ രാഷ്ട്രീയ നേതാക്കള്‍, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ നടത്തി യോഗത്തില്‍ ഉരുത്തിരിയുന്ന കാര്യങ്ങള്‍ അറിയിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. ഇവര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി ഉള്‍പ്പെടെ കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, മുസ്‌ലിംലീഗ്, വെല്‍ഫെയര്‍ പാര്‍ട്ടി, ബി.ജെ.പി എന്നീ പാര്‍ട്ടികളുടെ പ്രതിനിധികള്‍ കമ്പനിക്കെതിരേ കൃത്യമായ നിലപാട് സ്വീകരിച്ചത്.
കോളക്കമ്പനി മൂലം പ്രദേശവാസികള്‍ക്ക് ഉണ്ടായ നഷ്ടങ്ങള്‍ പരിഹരിക്കുന്നതിനായി വിദഗ്ധര്‍ കണക്കാക്കിയ 216 കോടി രൂപ വിതരണം ചെയ്തുകഴിഞ്ഞിട്ട് ഏത് പദ്ധതി കൊണ്ടുവരുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യാമെന്നും അതുവരെ ഒരു ചര്‍ച്ചയുമില്ലെന്നും ജനപ്രതിനിധികളും നേതാക്കളും നിലപാട് അറിയിച്ചു. കോള കമ്പനി അസോസിയേറ്റ് വൈസ് പ്രസിഡന്റ് അജയ്കുമാറിന് ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലാത്തതിനാല്‍ യോഗം അവസാനിപ്പിച്ച് ജനപ്രതിനിധികള്‍ പിരിയുകയും ചെയ്തു. പുതിയ പദ്ധതികള്‍ക്ക് അനുമതി വാങ്ങി ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ തന്നെ നിര്‍ത്തിവച്ച കമ്പനിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള നീക്കമാണ് ഇതിലൂടെ പൊളിഞ്ഞത്.
2004ല്‍ അടച്ചു പൂട്ടിയ പ്ലാച്ചിമടയിലെ കൊക്കകോള പ്ലാന്റും സ്ഥലവും 15 വര്‍ഷമായി കാടുപിടിച്ചു കിടക്കുകയാണ്. പുതിയ സംരംഭം തുടങ്ങാനുള്ള നീക്കത്തിന്റെ ഭാഗമായി 34 ഏക്കര്‍ വരുന്ന ഫാക്ടറി പ്രദേശം വെട്ടിത്തെളിച്ച് വൃത്തിയാക്കുകയും ചെയ്തിരുന്നു. മുന്‍പ് പഴച്ചാര്‍ സംസ്‌കരണ കേന്ദ്രം തുടങ്ങാന്‍ നീക്കമുണ്ടായിരുന്നുവെങ്കിലും പ്രതിഷേധം ഉയര്‍ന്നതോടെ കമ്പനി പിന്‍വാങ്ങി. എന്നാല്‍ വീണ്ടും പുതിയ സംരംഭം തുടങ്ങാനുള്ള നീക്കത്തിലായിരുന്നു കൊക്കകോള. ഭക്ഷ്യ സംസ്‌കരണ കേന്ദ്രം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് അനുമതി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കമ്പനി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."