മന്ത്രിമാരുടെ യാത്രയ്ക്ക് അനുമതി നിഷേധിച്ചത് അനീതി: സി.പി.എം
തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ധനസമാഹരണത്തിനായുള്ള മന്ത്രിമാരുടെ വിദേശ യാത്രയ്ക്ക് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി കേരളത്തോടുള്ള കടുത്ത അനീതിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുകകൊണ്ട് മാത്രം ഈ പ്രതിസന്ധി പരിഹരിക്കാനാകില്ല. ഈ സാഹചര്യത്തിലാണ് പരമാവധി ധനസഹായം ലക്ഷ്യമിട്ട് മന്ത്രിമാര്‍ വിദേശത്തേക്ക് പോകാന്‍ തീരുമാനിച്ചത്.
നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഗുജറാത്തിന്റെ പുനര്‍നിര്‍മാണത്തിന് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് സംഭാവനകള്‍ സ്വീകരിച്ചിരുന്നു. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ട സന്ദര്‍ഭത്തില്‍ ഇതേ രീതിയില്‍ കേരളത്തിനും ഫണ്ട് ശേഖരിക്കുന്നതില്‍ തെറ്റില്ലെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇതിന് വിപരീതമായി സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്. നേരത്തെ യു.എ.ഇ സര്‍ക്കാര്‍ കേരളത്തിന് 700 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ആ തുക സ്വീകരിക്കാന്‍ കേന്ദ്രം അനുവദിച്ചില്ല.
പ്രകൃതി ദുരന്തങ്ങളെപ്പോലും രാഷ്ട്രീയമായി ഉപയോഗിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനം കേരളജനത പൊറുക്കില്ല.
കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു സങ്കുചിത നിലപാട് സ്വീകരിച്ചതെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."