ഹജ്ജ്-2019: നേരിട്ട് അവസരം 70 കഴിഞ്ഞവര്‍ക്ക് മാത്രം പാസ്‌പോര്‍ട്ട് കാലാവധി 2020 ജനുവരി 31വരെ വേണം
കൊണ്ടോട്ടി: അടുത്ത വര്‍ഷത്തെ ഹജ്ജ് അപേക്ഷകരില്‍നിന്ന് നറുക്കെടുപ്പ് കൂടാതെ നേരിട്ട് അവസരം നല്‍കുന്നത് 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രം. ഇവര്‍ ജീവിതത്തില്‍ ഒരിക്കല്‍ ഹജ്ജ് ചെയ്തവരാകരുതെന്നും നിര്‍ബന്ധമുണ്ട്. ശേഷിക്കുന്ന അപേക്ഷകളെല്ലാം ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നറുക്കെടുപ്പിലൂടെ അവസരം നല്‍കും. ഹജ്ജ് അപേക്ഷകളില്‍ ഈ വര്‍ഷം ഒരു കവറില്‍ അഞ്ചുപേര്‍ക്ക് വരെ അപേക്ഷിക്കാനുള്ള അനുമതിയുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് നാലായിരുന്നു. അപേക്ഷകളിലെ നറുക്കെടുപ്പ് ഡിസംബര്‍ അവസാനവാരം നടക്കും. ഹജ്ജിന് അപേക്ഷിക്കുന്നവര്‍ക്ക് 2020 ജനുവരി 31 വരെ കാലാവധിയുള്ള മെഷിന്‍ റീഡബിള്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്.
70 വയസിന് മുകളില്‍ പ്രായമുള്ളവരോടൊപ്പം ഒരുസഹായിക്കും നേരിട്ട് അവസരം നല്‍കും. ഇവര്‍ രക്ത ബന്ധമുള്ളവരായിരിക്കണം. 45 വയസിന് താഴെയുള്ള വനിതകള്‍ക്ക് ഒരു കവറില്‍ അഞ്ച് പേര്‍ക്ക് അപേക്ഷിക്കാമെങ്കിലും മെഹ്‌റമായി ഒരു പുരുഷന്‍ നിര്‍ബന്ധമാണ്. 45 വയസിന് മുകളിലുള്ള സ്ത്രീ അപേക്ഷകര്‍ക്ക് നേരിട്ട് അവസരം നല്‍കുന്നതിന് ഇത്തവണ അനുമതിയായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഇവര്‍ക്കും നറുക്കെടുപ്പ് കൂടാതെ നേരിട്ട് അവസരം നല്‍കിയിരുന്നു. സ്ത്രീ സംഘത്തില്‍ ഇന്ത്യയില്‍ തന്നെ തീര്‍ഥാടകര്‍ കുറഞ്ഞതിനാലാണ് കഴിഞ്ഞ വര്‍ഷം നേരിട്ട് അവസരം നല്‍കാന്‍ കേന്ദ്രം തുനിഞ്ഞത്. കേരളത്തില്‍ നിന്ന് 1200 പേര്‍ക്കാണ് ഇത്തരത്തില്‍ കഴിഞ്ഞതവണ ഹജ്ജിന് അവസരം ലഭിച്ചത്.
മാറാരോഗികള്‍, എയ്ഡ്‌സ് പോലെയുള്ള രോഗബാധിതര്‍, ബുദ്ധിമാന്ദ്യമുള്ളവര്‍, മാനസിക രോഗികള്‍, ഹജ്ജ് വേളയില്‍ പൂര്‍ണ ഗര്‍ഭണികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാന്‍പാടില്ല.
ഈ വര്‍ഷത്തെ ഹജ്ജ് അപേക്ഷകള്‍ ഇന്നുമുതല്‍ അടുത്ത മാസം 17 വരെയാണ് സ്വീകരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പിന്നീട് നേരിട്ടോ തപാലിലോ പകര്‍പ്പ് ഹജ്ജ് കമ്മിറ്റിയില്‍ ഹാജരാക്കണം. കഴിഞ്ഞ വര്‍ഷം 91 ശതമാനം ഓണ്‍ലൈന്‍ അപേക്ഷകളാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചത്. ഓണ്‍ലൈന്‍ പ്രിന്റൗട്ട്, അനുബന്ധ രേഖകള്‍, പാസ്‌പോര്‍ട്ടിന്റെ കോപ്പി, സത്യവാങ്മൂലം തുടങ്ങിയവയാണ് ഹജ്ജ് ഹൗസില്‍ നല്‍കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷകളും പ്രിന്റൗട്ടും പരിശോധിച്ചായിരിക്കും പിന്നീട് കവര്‍ നമ്പര്‍ നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."