പ്രതീക്ഷയോടെ ശ്രീ
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: വാതുവയ്പ് കേസിലുള്‍പ്പെട്ടതിനെത്തുടര്‍ന്ന് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ വിലക്ക് ബി.സി.സി.ഐ ഓംബുഡ്‌സ്മാന്‍ ഏഴു വര്‍ഷമായി കുറച്ചു. ഇതോടെ അടുത്ത വര്‍ഷം സെപ്റ്റംബറില്‍ ശ്രീശാന്ത് വീണ്ടും കളിക്കളത്തിലെത്തും. ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നേരത്തെ സുപ്രിംകോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ശിക്ഷയുടെ കാലാവധി നിശ്ചയിക്കാന്‍ ബി.സി.സി.ഐ ഓംബുഡ്‌സ്മാന്‍ റിട്ട. ജസ്റ്റിസ് ഡി.കെ ജെയിനോട് ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓംബുഡ്‌സ്മാന്‍ ശിക്ഷ ഏഴു വര്‍ഷമായി കുറച്ചിരിക്കുന്നത്. ആറു വര്‍ഷം ഇതിനകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. അടുത്ത സെപ്റ്റംബറില്‍ ഏഴാംവര്‍ഷവും പൂര്‍ത്തിയാവും.
2013 സെപ്റ്റംബര്‍ 13 മുതലാണ് ശ്രീശാന്തിന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. ആ വര്‍ഷത്തെ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്ത് ഒത്തുകളിച്ചുവെന്നായിരുന്നു ആരോപണം. ശ്രീശാന്തിനൊപ്പം അജിത് ചന്ദാലിയ, അങ്കിത് ചവാന്‍ എന്നിവര്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. 36കാരനായ ശ്രീശാന്തിന് അര്‍ഹിക്കുന്ന ശിക്ഷ നല്‍കിയതായി ഈ മാസം ഏഴിന് പുറപ്പെടുവിച്ച വിധിന്യായത്തില്‍ ജസ്റ്റിസ് ഡി.കെ ജെയിന്‍ പറഞ്ഞു. ക്രിക്കറ്ററെന്ന നിലയില്‍ പ്രത്യേകിച്ചും ഫാസ്റ്റ് ബൗളറായുള്ള അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സമയം അവസാനിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് ജയ്ന്‍ ചൂണ്ടിക്കാട്ടി.
ആജീവനാന്ത വിലക്ക് 2017 ഓഗസ്റ്റില്‍ കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. എന്നാല്‍, രണ്ടുമാസത്തിനകം ഡിവിഷന്‍ബെഞ്ച് വിലക്ക് പുനഃസ്ഥാപിച്ചു. ഇതിനെതിരേയാണ് ശ്രീശാന്ത് സുപ്രിംകോടതിയെ സമീപിച്ചത്. ബി.സി.സി.ഐ നടപടി റദ്ദാക്കിയ സുപ്രിംകോടതി വാതുവയ്പ് കേസില്‍ ശ്രീശാന്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ബി.സി.സി.ഐ നടപടി ശരിവച്ചു. ശ്രീശാന്തിന് എന്തുശിക്ഷ നല്‍കാമെന്ന കാര്യത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ ബി.സി.സി.ഐയോട് നിര്‍ദേശിക്കുകയും ചെയ്തു. അഴിമതി ഇല്ലാതാക്കാന്‍ സാധാരണ പിന്തുടരുന്ന നടപടിക്രമങ്ങള്‍ പാലിക്കുകയാണ് ബി.സി.സി.ഐ ചെയ്തതെന്നും സ്വാഭാവിക നീതി ലംഘിക്കപ്പെട്ടുവെന്ന് ശ്രീശാന്തിന് പരാതിപ്പെടാന്‍ കഴിയില്ലെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു.
വാതുവയ്പുമായി ബന്ധപ്പെട്ട് തനിക്കെതിരേ തെളിവുകളൊന്നുമില്ലായിരുന്നുവെന്നും സാഹചര്യത്തെളിവുകള്‍ മാത്രമാണ് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചതെന്നുമാണ് ശ്രീശാന്ത് കോടതിയില്‍ വാദിച്ചത്. ആരോപിക്കുന്ന കുറ്റം നടന്നാല്‍ മാത്രമേ സാഹചര്യത്തെളിവുകള്‍ നിലനില്‍ക്കു. ഒരോവറില്‍ 14 രണ്‍സ് വിട്ടുകൊടുക്കാന്‍ താന്‍ പണം വാങ്ങിയെന്നാണ് ആരോപണം. എന്നാല്‍ 13 റണ്‍സ് മാത്രമേ അതില്‍ വിട്ടുകൊടുത്തിട്ടുള്ളൂ. ആ ഓവറില്‍ ഒരു പന്ത് ശ്രീശാന്ത് നോബോള്‍ എറിഞ്ഞത് അംപയര്‍ കണ്ടില്ലെന്ന ആരോപണം തെളിവില്ലാത്തതാണെന്നും ശ്രീശാന്ത് വാദിച്ചു. ഇത്തരം കേസുകളില്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തുന്ന പതിവ് ലോകത്തില്ല. അസ്ഹറുദ്ദീന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി, പിന്നീട് പിന്‍വലിച്ചു. പാകിസ്താന്റെ സലിം മാലിക്കിന്റെതും പിന്‍വലിച്ചു. ദക്ഷിണാഫ്രിക്കയുടെ ഹാന്‍സി ക്രോണ്യേയുടെ കേസ് കോടതിയില്‍ തുടരുന്നതിനിടെ അദ്ദേഹം വിമാനാപകടത്തില്‍ മരിക്കുകയായിരുന്നു. നിരോധനം കാരണം കരിയറിലെ നിര്‍ണായക കാലം നഷ്ടമായെന്നും ശ്രീശാന്ത് വാദിച്ചിരുന്നു.
ഒരു മത്സരത്തെ ശ്രീശാന്ത് സ്വാധീനിച്ചിട്ടുണ്ടെന്നും ശ്രീശാന്ത് പണം ആവശ്യപ്പെട്ടതിന് കോള്‍റെകോഡ് തെളിവായുണ്ടെന്നുമായിരുന്നു ബി.സി.സി.ഐ വാദം. ഐ.പി.എല്ലില്‍ 2013 മെയില്‍ രാജസ്ഥാന്‍ റോയല്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മില്‍ മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ശ്രീശാന്ത് 14 റണ്‍സ് വിട്ടു നല്‍കുന്നതിന് 10 ലക്ഷം രൂപ കൈപ്പറ്റിയെന്നും ബി.സി.സി.ഐ കുറ്റപ്പെടുത്തിയിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദാണ് ശ്രീശാന്തിനുവേണ്ടി വാദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."