കശ്മീരില്‍ നടക്കുന്നത് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള പദ്ധതിയുടെ തുടക്കമെന്ന് സി.പി.എം : നാളെ ഏത് സംസ്ഥാനത്തിനും ഈ ഗതി വരാം, കശ്മീരിനെ മറ്റൊരു ഫലസ്തീനാക്കാന്‍ അനുവദിക്കില്ലെന്നും സീതാറാം യെച്ചൂരി
തിരുവനന്തപുരം: ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ബൃഹത്പദ്ധതിയുടെ തുടക്കമാണ് കശ്മീരില്‍ നടക്കുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യയെ സൈനിക ഭരണത്തിലാക്കാനുള്ള തുടക്കമാണ് ഈ നടപടി. ഒരുരാജ്യം ഒരുഭരണം എന്ന ബി.ജെ.പി നയം നടപ്പാക്കി രാജ്യത്തിന്റെ മതനിരപേക്ഷതയും ഫെഡറലിസവും തകര്‍ക്കുകയാണ്. ഇത്തരം നടപടി കശ്മീരില്‍ മാത്രം പരിമിതപ്പെടില്ല. നാളെ ഏത് സംസ്ഥാനത്തെയും ഇതേരീതിയില്‍ കൈകാര്യം ചെയ്തേക്കാമെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
കശ്മീരിലെ ജനാധിപത്യം സംരക്ഷിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തും. ജനാധിപത്യ, മതനിരപേക്ഷ പാര്‍ടികളുടെയും സമാന മനസ്‌കരുടെയും യോഗം വിളിച്ച് ഭാവിപരിപാടികള്‍ക്ക് രൂപംനല്‍കും. കശ്മീരിനെ മറ്റൊരു പലസ്തീനാക്കാന്‍ അനുവദിക്കില്ല. സി.പി.എം തിരുവനന്തപുരത്ത് 'അനുച്ഛേദം 370 റദ്ദാക്കല്‍; ജമ്മു കശ്മീര്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു യെച്ചൂരി.
കശ്മീരിനെ വെട്ടിമുറിച്ചത് ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്. ജനങ്ങളും ജനനേതാക്കളും തടങ്കലിലാണ്. കശ്മീരിന്റെ ഭീകരാവസ്ഥ ലോകം അറിയാതിരിക്കാനാണ് തടങ്കലിലുള്ള യൂസഫ് തരിഗാമി എം.എല്‍.എയെ കാണാനായി ശ്രീനഗറില്‍ എത്തിയ തന്നെയും ഡി.രാജയേയും വിമാനത്താവളത്തില്‍ തടഞ്ഞ് മടക്കിയത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
370-ാം വകുപ്പ് എടുത്തുകളഞ്ഞതോടെ 70 വര്‍ഷത്തിനുശേഷം കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമായി എന്ന് പ്രചരിപ്പിക്കുകയാണ് ബി.ജെ.പിയും ആര്‍എസ്എസും. യഥാര്‍ഥത്തില്‍ 370-ാം വകുപ്പ് കടലാസില്‍ മാത്രമായിരുന്നു. ഇന്ത്യന്‍ യൂനിയന്റെ ഭാഗമാകുമ്പോള്‍ കശ്മീരിന് നല്‍കിയ ഉറപ്പുകള്‍ പിന്നീട് പാലിച്ചിരുന്നില്ല. അതില്‍നിന്നുള്ള നിരാശയില്‍നിന്നാണ് അവിടെ തീവ്രവാദവും ഭീകരവാദവും വളര്‍ന്നതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."