അഫ്ഗാനില്‍ ബോംബാക്രമണം; സ്ഥാനാര്‍ഥി ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ സ്ഥാനാര്‍ഥി ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ പ്രവിശ്യയായ ഹെല്‍മാന്റില്‍ പാര്‍ലമെന്റ് സ്ഥാനാര്‍ഥിയായ അബ്ദുല്‍ ജബ്ബാര്‍ ഖഹ്‌റമാന്‍ ആണ് കൊല്ലപ്പെട്ടത്. ലഷ്‌കര്‍ ഗാഹിലെ ഇദ്ദേഹത്തിന്റെ ഓഫിസിലെ കസേരക്ക് പിന്നില്‍ ഒളിപ്പിച്ച ബോംബ് പെട്ടിത്തെറിക്കുകയായിരുന്നു.
സ്‌ഫോടനത്തില്‍ ഏഴു പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. പ്രഖ്യാപിച്ചതിനുശേഷം താലിബാന്‍ ആക്രമണത്തില്‍ ഇതുവരെ പത്ത് സ്ഥാനാര്‍ഥികള്‍ കൊല്ലപ്പെട്ടു.
തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവലോകന യോഗത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് പ്രവിശ്യ ഗവര്‍ണര്‍ ഉമര്‍ സ്വക് പറഞ്ഞു. പ്രസിഡന്റ് അഷ്‌റഫ് ഗനി ആക്രമണത്തെ അപലപിച്ചു. തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ അര്‍ധ രാത്രി മുതല്‍ തെരഞ്ഞെടുപ്പിലെ പരസ്യ പ്രചാരണം അവസാനിച്ചു.
അതിനിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുകൊടുക്കരുതെന്ന് താലിബാന്‍ ഇന്നലെ മുന്നറിയിപ്പ് നല്‍കി. അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ തെരഞ്ഞെടുപ്പിലെ സഹായികളാകുന്നത് തടയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ അഫ്ഗാനിലുണ്ടായ ആക്രമണത്തില്‍ നൂറുകണക്കിനു പേര്‍ കൊല്ലപ്പെട്ടു. രാജ്യത്ത് 5,000 പോളിങ് കേന്ദ്രങ്ങളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."