െൈവദ്യുതി നിലച്ചാല്‍ പ്രവര്‍ത്തനം മെഴുകുതിരി വെട്ടത്തില്‍
കെ.വി.ആര്‍ റാഷിദ്
താമരശേരി: മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് സുരക്ഷാ സംവിധാനം വര്‍ധിപ്പിക്കുന്ന താമരശേരി പൊലിസ് സ്റ്റേഷന്‍ വൈദ്യുതി പോയാല്‍ ഇരുട്ടില്‍ തപ്പും. മെഴുകുതിരി വെട്ടത്തിലാകും പിന്നീട് സ്റ്റേഷനിലെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സ്റ്റേഷനിലെ ഇന്‍വെര്‍ട്ടര്‍ സംവിധാനം തകരാറിലായതാണ് ഇതിനു കാരണമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്.
ഇന്‍വെര്‍ട്ടര്‍ തകരാറിലായി ദിവസങ്ങള്‍ പിന്നിട്ടിട്ടും തകരാര്‍ പരിഹരിക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. മലയോര പ്രദേശങ്ങളില്‍ നിരന്തരമായി മാവോയിസ്റ്റ് സാനിധ്യം സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ മേഖലയിലെ താമരശേരി, കോടഞ്ചേരി പൊലിസ് സ്റ്റേഷനുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ആദ്യപടിയെന്നോണം താമരശേരി പൊലിസ് സ്റ്റേഷന് മുന്നില്‍ മണല്‍ച്ചാക്കുകള്‍ നിരത്തി സുരക്ഷാ കവചമൊരുക്കിയിട്ടുണ്ട്. ഘട്ടം ഘട്ടമായി സ്റ്റേഷന്റെ സുരാക്ഷ വര്‍ധിപ്പിക്കാനാണ് തീരുമാനം.
അടുത്ത പടിയായി ചുറ്റുമതിലും, മതിലിനു മുകളില്‍ കമ്പിവേലി, സി.സി.ടി.വി തുടങ്ങിയവയും സ്ഥാപിക്കും. സായുധ ആക്രമണങ്ങളെ ചെറുക്കുന്നതിന് വേണ്ടിയാണ് സ്റ്റേഷന് മുന്‍പില്‍ മണല്‍ച്ചാക്കുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. സ്റ്റേഷന്റെ സുരക്ഷക്കായി പ്രത്യേക പരിശീലനം നേടിയ സേനാ അംഗങ്ങളും എത്തും.
താമരശേരി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പെടുന്ന പുതുപ്പാടി വനമേഖലയിലെ കണ്ണപ്പന്‍കുണ്ടിലും, മട്ടിക്കുന്ന്, പരപ്പന്‍പാറ, ജീരകപ്പാറ, മരുതിലാവ്, അടിവാരം തുടങ്ങിയ പ്രദേശങ്ങളിലും കോടഞ്ചേരി സ്റ്റേഷന്‍ പരിധിയിലെ കൂരോട്ടുപാറ, മറിപ്പുഴ, മുത്തപ്പന്‍പുഴ, തുഷാരഗിരി തുടങ്ങിയ സ്ഥലങ്ങളിലുമായി മൂന്നു മാസങ്ങള്‍ക്കിടെ 20ഓളം തവണകളില്‍ മാവോയിസ്റ്റുകള്‍ വന്നുപോയതായി സ്ഥിരീകരിക്കപെട്ടിരുന്നു.
വയനാടന്‍ കാടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കബനി ദളത്തിലെ മാവോയിസ്റ്റ് ഗ്രൂപ്പുകളാണ് ഇവിടങ്ങളില്‍ വന്നുപോകുന്നതെന്നും മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ലഖുലേഖകളും നോട്ടീസുകളും വിതരണം ചെയ്യുന്നതെന്നും പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരേ യു.എ.പി.എ അടക്കം നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
പൊലിസ് അനുഭവിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങളും നിയമക്കുരുക്കുകളും സംബന്ധിച്ച് നേരത്തെ സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."